അഡ്വ. സഫര്‍യാബ് ജീലാനി: ബാബരി മസ്ജിദിന്റെയും മുസ്‌ലിം വ്യക്തിനിയമങ്ങളുടെയും പോരാട്ടത്തിന്റെ മുഖം
അഡ്വ. സഫര്‍യാബ് ജീലാനി: ബാബരി മസ്ജിദിന്റെയും മുസ്‌ലിം വ്യക്തിനിയമങ്ങളുടെയും പോരാട്ടത്തിന്റെ മുഖം
ലഖ്‌നൗ: ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ (ഐ.പി.സി) എന്നത് പോലെ മുസ്‌ലിം വ്യക്തിനിയമത്തിലും അഗ്രഗണ്യന്‍ ആയിരുന്നു ഇന്നലെ അന്തരിച്ച അഡ്വ. സഫര്‍യാബ് ജീലാനി. നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം വളരെ ചെറുപ്പത്തിലേ അഭിഭാഷകവൃത്തിയില്‍ കഴിവ് തെളിയിച്ചു. ഇക്കാരണത്താല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അദ്ദേഹത്തെ അഡീഷണല്‍ അഡ്വേക്കറ്റ് ജനറലായി നിയമിച്ചിരുന്നു. വര്‍ഷങ്ങളായി വ്യക്തിനിയമ ബോര്‍ഡിന്റെ നിയമവിഭാഗം മേധാവിയായിരുന്ന സഫര്‍യാബ് 1978ലാണ് ബോര്‍ഡുമായി അടുത്തത്. 1985 മുതല്‍ ബോര്‍ഡിന്റെ നിര്‍വാഹക സമിതിയംഗമാണ്.
1980കളുടെ മധ്യത്തില്‍ ഏകസിവില്‍കോഡ് സംബന്ധിച്ച ആവശ്യത്തിലേക്ക് നയിച്ച ഷാ ബാനു കേസ് കത്തിനിന്ന കാലത്ത് ഇതുസംബന്ധിച്ച് കൈകാര്യംചെയ്തിരുന്ന വ്യക്തിനിയമ ബോര്‍ഡ് സമിതിയുടെ കണ്‍വീനറും സഫര്‍യാബ് തന്നെ ആയിരുന്നു. കോടതിക്ക് പുറത്തും ഉള്ളിലും സഫര്‍യാബിന്റെ പ്രവര്‍ത്തനങ്ങള്‍ അന്ന് മുസ്‌ലിം നേതാക്കളുടെ പ്രശംസക്കിടയാക്കി. ഈ ശേഷിയാണ് പിന്നീട് വ്യക്തി നിയമ ബോര്‍ഡിന്റെയും ബാബരി മസ്ജിദ് കേസിന്റെയും നിയമപോരാട്ടങ്ങളുടെ മുമ്പില്‍ അദ്ദേഹത്തെ എത്തിച്ചത്. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ വ്യക്തിനിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ നിലപാട് അവതരിപ്പിത് സഫര്‍യാബ് ആയിരുന്നു.
ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലെ മാലിഹാബാദില്‍ 1950 ജനുവരിയിലാണ് സഫര്‍യാബിന്റെ ജനനം. വീട്ടില്‍ വീണതിനെത്തുടര്‍ന്നുണ്ടായ പരുക്ക് മൂലം 2021ല്‍ സഫര്‍യാബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീഴ്ചയില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനാല്‍ അദ്ദേഹത്തിന് ആരോഗ്യസ്ഥിതി പിന്നീട് വീണ്ടെടുക്കാനായില്ല. ഇതിനിടെ കൊവിഡും ബാധിച്ചതോടെ വീണ്ടും ആരോഗ്യം ക്ഷയിച്ചു. എങ്കിലും നാലുപതിറ്റാണ്ടിലേറെ നടത്തിവന്ന ന്യൂനപക്ഷ അവകാശസംരക്ഷണത്തിന് വേണ്ടിയുള്ള നിരന്തര ഇടപെടലുകളില്‍നിന്ന് അദ്ദേഹം പിന്‍മാറിയില്ല. ലഖ്‌നൗ മേദാന്ത ആശുപത്രിയില്‍ അവസാന സമയം ചികിത്സയിലായപ്പോഴും അദ്ദേഹം നിയമവിഷയങ്ങളില്‍ ഇടപെട്ടു. അയോധ്യയില്‍ നിലനിന്ന ബാബരി മസ്ജിദ് ഭൂമി ഹിന്ദു വിഭാഗത്തിന് വിട്ടുകൊടുത്തുള്ള വിധി വരുന്നത് 2019 നവംബറിലാണ്. ഈ സമയം ആരോഗ്യവാനായി പൊതുരംഗത്ത് സജീവമായിരുന്നു സഫര്‍യാബ്.
എന്നാല്‍, കോടതി വിധി അംഗീകരിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. അതിന് സഫര്‍യാബിന് അദ്ദേഹത്തിന്റെതായ ന്യായവും ഉണ്ടായിരുന്നു. പള്ളിയോ പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്യപ്പെട്ട ഭൂമിയോ മറ്റൊരാവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്നത് ശരീഅത്തിനും വഖ്ഫ് നിയമത്തിനും വിരുദ്ധമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അത് അദ്ദേഹം അവസാനംവരെ ആവര്‍ത്തിക്കുകയും ചെയ്തു. ഈ വിശ്വാസമാണ് ന്യൂനപക്ഷ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സഫര്‍യാബിനെ പ്രേരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."