പുറത്താക്കല്‍: ലൂസി കളപ്പുര വത്തിക്കാനെതിരേ വക്കീല്‍നോട്ടിസ് അയച്ചു
കൊച്ചി: എഫ്.സി.സി സന്ന്യാസിനീ സമൂഹത്തില്‍ നിന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിക്കൊണ്ടുള്ള വത്തിക്കാന്‍ തീരുമാനത്തിനെതിരേ കര്‍ണാടക, ബോംബേ ഹൈക്കോടതി മുന്‍ ജഡ്ജി രംഗത്ത്. ലൂസി കളപ്പുരയെ സഭയില്‍ നിന്നു പുറത്താക്കിയെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള കത്തിന്റെ സത്യാവസ്ഥ അറിയേണ്ടതുണ്ടെന്ന് വ്യക്തമാക്കി വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന്റെ തലവനും അപ്പോസ്തലിക് നണ്സിയോക്കിനും സുപ്പീരിയര്‍ ജനറലിനും കര്‍ണാടക, ബോംബേ ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മൈക്കിള്‍ എഫ് സല്‍ദാന ലീഗല്‍ നോട്ടിസയച്ചു.
കൊവിഡ് അതിരൂക്ഷമായ 2020 മെയ് 27നാണ് ഈ ഉത്തരവ് ഇറങ്ങിയത്. ഈ സമയം ഒരു ഓഫിസുകളും മാസങ്ങളോളം പ്രവര്‍ത്തിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഈ പുറത്താക്കല്‍ തീരുമാനം വ്യാജമായി തയാറാക്കിയതാണോ എന്നു സംശയമുണ്ട്. കോടതിയാണ് വിഷയം കൈകാര്യം ചെയ്യേണ്ടത്. ആവശ്യമെങ്കില്‍ ലൂസിക്ക് വേണ്ടി കോടതിയില്‍ ഹാജരാകാന്‍ തയാറാണെന്നും സല്‍ദാന വ്യക്തമാക്കി.
എഫ്.സി.സിയുടെ ഡല്‍ഹി ആസ്ഥാനത്ത് സിസ്റ്റര്‍ ലൂസി നല്കിയ അപേക്ഷ പരിഗണിക്കുകയോ മറുപടി നല്‍കുകയോ ചെയ്തിട്ടില്ല. കാനോന്‍ നിയമപ്രകാരം ചെയ്ത ഈ നടപടി ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയമല്ല. സിസ്റ്റര്‍ ലൂസിക്ക് മഠാധികാരികളില്‍ നിന്ന് നേരിട്ട പീഡനങ്ങള്‍ക്ക് മറുപടി പറയണം. ഇതിന്റെ കേസ് കോടതിയിലാണ്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ഫ്രാങ്കാ മുളയ്ക്കലിനെതിരേ നടപടി എടുക്കാതെയാണ് സിസ്റ്റര്‍ ലൂസിക്കെതിരേ നടപടികള്‍ വേഗത്തില്‍ എടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."