ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ് സ്റ്റേ ചെയ്തു
കൊച്ചി
ലക്ഷദ്വീപ് സ്വദേശിനിയും സിനിമ പ്രവർത്തകയുമായ ഐഷ സുൽത്താനയ്ക്കെതിരേ രാജ്യദ്രോഹക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തി കവരത്തി പൊലിസെടുത്ത കേസിൻ്റെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.
രാജ്യദ്രോഹക്കേസിലെ തുടർ നടപടികൾ സുപ്രിംകോടതി മരവിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ലക്ഷദ്വീപിൽ കേന്ദ്ര അഡ്മിനിസ്ട്രേറ്റർ കൊണ്ടുവന്ന പരിഷ്കാരങ്ങൾക്കെതിരേ നടന്ന പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ചാനൽ ചർച്ചയ്ക്കിടെ ജൈവായുധ പരാമർശം നടത്തിയതിൻ്റെ പേരിലാണ് ഐഷ സുൽത്താനയ്ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.
ലക്ഷദ്വീപ് അന്ത്രോത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നടക്കുന്ന കേസിൻ്റെ തുടർ നടപടികളാണ് ജസ്റ്റിസ് എ.എ സിയാദ് റഹ്മാൻ നാല് മാസത്തേയ്ക്ക് സ്റ്റേ ചെയ്തിരിക്കുന്നത്. കേസിൽ നേരിട്ട് ഹാജരാകാൻ മജിസ്ട്രേറ്റ് കോടതി ഐഷയ്ക്ക് നിർദേശം നൽകിയിരുന്നു.
ഇതിനെതിരേ ഐഷ ഫയൽ ചെയ്ത ഹരജിയിലാണ് കോടതി ഉത്തരവ്. എതിർ കക്ഷികൾക്ക് നോട്ടിസ് അയക്കാനും നിർദേശിച്ചിട്ടുണ്ട്.
ബി.ജെ.പി ലക്ഷദ്വീപ് ഘടകത്തിന്റെ പരാതിയിലാണ് ഐഷക്കെതിരേ കേസെടുത്തത്. പരാമർശം വിവാദമായതോടെ ഐഷ പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."