പുനഃക്രമീകരണം തേടുന്ന ഹോസ്റ്റൽ ചിട്ടകൾ
ഹനീഫ് റഹ്‌മാനി പനങ്ങാങ്ങര
വേനലവധി കഴിഞ്ഞ് കലാലയങ്ങൾ തുറക്കാനിരിക്കുന്നു. പെരുന്നാൾ അവധി കഴിഞ്ഞ് മതപാഠശാലകൾ പുതിയ അധ്യയനവർഷത്തിലേക്ക് കടന്നു. വിദ്യാർഥി സൗഹൃദ കാംപസുകൾ സജ്ജീകരിക്കുകയും കാലോചിത ക്രമീകരണങ്ങൾ സാധ്യമാക്കുകയും ചെയ്യുന്ന തിരക്കിലാണ് സ്ഥാപന ഭാരവാഹികൾ. അതിനിടെ ബാലരാമപുരത്തുനിന്ന് വന്ന അസ്മിയ മോളുടെ ദാരുണാന്ത്യത്തെക്കുറിച്ചുള്ള വാർത്ത ഏറെ ഞെട്ടലുളവാക്കുന്നതായി. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ പുറത്തെത്തും മുമ്പേ സ്ഥാപനമാണ് കൊല ചെയ്തത് എന്നവിധം സ്വയമേവ തീരുമാനിച്ച് കുളം കലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്നവരുടെ ബഹളങ്ങളും കേട്ടുകൊണ്ടിരുന്നു. കേരളക്കരയ്ക്ക് സുപരിചിതമായ മതപാഠശാലകളിൽനിന്ന് ഇക്കാലമത്രയും കേട്ടുകേൾവിയില്ലാത്ത ഒരു വാർത്ത പുറത്തുവരുമ്പോൾ, സ്ഥാപനത്തിനെതിരേ ഈ സാഹചര്യത്തിൽ പോലും മറ്റു രക്ഷിതാക്കളിൽ നിന്നോ വിദ്യാർഥികളിൽ നിന്നോ ഒരു പരാതിയും ഉയർന്നിട്ടില്ലെന്ന വസ്തുത മറച്ചുവച്ച് ഇതിനേക്കാൾ പ്രാധാന്യം അർഹിക്കുന്ന പല വിഷയങ്ങളിലും മൗനം പാലിക്കുന്നവർ അന്തിച്ചർച്ചകളും പ്രതിഷേധമാർച്ചുകളും കൊണ്ട് രംഗം കൈയടക്കി മുതലെടുപ്പ് നടത്തുകയാണ്.
അസ്മിയമോളുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കൃത്യമായി കണ്ടെത്തപ്പെടട്ടെ. സഹോദരിക്ക് പൂർണമായും നീതി ലഭിക്കട്ടെ. ഒരു വിദ്യാർഥിയും ഒരു കാംപസിനകത്തും അവകാശ നിഷേധത്തിന് ഇരയാവാതിരിക്കട്ടെ.
മതപാഠശാലകളുടെ അകത്തളങ്ങളിൽ വിദ്യാർഥികൾ അനുഭവിക്കുന്ന സന്തോഷവും ആത്മീയാനന്ദവും എവിടെയും ചർച്ച ചെയ്യപ്പെടുന്നതിനു പകരം അവിടങ്ങളിൽ അവകാശ നിഷേധങ്ങൾ നടക്കുന്നുണ്ടെന്ന അർഥത്തിൽ പൊടിപ്പും തൊങ്ങലുംവച്ച് പല ഊഹങ്ങളും പ്രചരിപ്പിക്കപ്പെടാൻ ഇത്തരം സംഭവങ്ങൾ കാരണമാകുന്നുണ്ട്. അതിനാൽ തന്നെ ഒറ്റപ്പെട്ട സംഭവമെന്ന് കരുതി തള്ളിക്കളയാതെ സമാന സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ സ്ഥാപന അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമായ വിശകലനങ്ങളും മുൻകരുതലുകളും ഉണ്ടാവേണ്ടതുണ്ട്.
മുസ്‌ലിം മാനേജ്‌മെന്റിന് കീഴിൽ ഹോസ്റ്റൽ സംവിധാനത്തോടെ പ്രവർത്തിക്കുന്ന മത-ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിനകത്തും പുറത്തും വളരെ ശാസ്ത്രീയവും നൂതനവുമായ രീതിയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതോടൊപ്പം ജീവിതത്തിലെ പ്രായോഗിക പരിശീലനവും സാധ്യമാക്കുകയാണ് പ്രധാനമായും ലക്ഷ്യമാക്കുന്നത്. വ്യത്യസ്ത മേഖലകളിൽ ഉയർന്ന പരിജ്ഞാനം നേടിയ പ്രതിഭകളെ വളർത്തിക്കൊണ്ടുവരാനും നൈസർഗിക കഴിവുകൾ പരിപോഷിപ്പിച്ച് സമൂഹത്തിന് സമർപ്പിക്കാനും ഈ സ്ഥാപനങ്ങൾ വഴി സാധിച്ചിട്ടുണ്ട്.
സമകാലിക വിദ്യാർഥി സമൂഹം നേരിടുന്ന ഒട്ടനവധി മാനസിക പ്രയാസങ്ങൾ മതചുറ്റുപാടിൽ വളരുന്ന വിദ്യാർഥികളിൽ കാണാനാവില്ലെന്ന് താരതമ്യപഠനങ്ങൾ തെളിയിക്കും. മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങൾ കാരണം പുതിയ തലമുറയെ സമൂലമായി ഗ്രസിച്ചുകൊണ്ടിരിക്കുന്ന മനസിക പിരിമുറുക്കങ്ങളിൽനിന്ന് അകലം പാലിക്കാൻ സൗകര്യമൊരുക്കുന്ന ഇടങ്ങളെ കിട്ടിയ ചാൻസിൽ കടന്നാക്രമിക്കുന്നവർ അവരുടെ പ്രവർത്തനങ്ങൾ വരുത്തിവയ്ക്കുന്ന അനർഥങ്ങളെയോ അവ സമൂഹത്തിനു നൽകുന്ന തെറ്റായ സന്ദേശങ്ങളെയോ സംബന്ധിച്ച് ബോധവാന്മാരല്ല.
ഏറ്റവും സുരക്ഷിതമായ വീടകങ്ങൾ പോലും മാനസിക സമ്മർദങ്ങൾ സൃഷ്ടിക്കുകയും ആത്മഹത്യാപ്രവണതകൾ വളർത്തുകയും ചെയ്യുന്ന സാഹചര്യങ്ങളിലൂടെയാണ് മക്കൾ കടന്നുപോകുന്നത്. മൊബൈൽ ഫോൺ വാങ്ങിവച്ചതിനോ ശകാരിച്ചതിനോ എന്ന് വേണ്ട വളർത്തുമീൻ ചത്തുപോയതിനുവരെ അവർ ആത്മഹത്യ ചെയ്യുന്നു. പ്രൈമറി ക്ലാസുകൾ തൊട്ടേ മൊട്ടിടുന്ന പ്രണയവും വാശിയും അതുമായി ബന്ധപ്പെട്ട് അവർ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളും നിത്യകാഴ്ചകളാവുന്നു. സമകാലിക സമൂഹത്തിന്റെ പരിഛേദമാവുന്ന ഈ വിദ്യാർഥികൾ എവിടെയായിരുന്നാലും അവരിൽനിന്ന് ഇത്തരം പ്രവണതകൾ ഉടലെടുക്കൽ സ്വാഭാവികമാണ്. എന്നാൽ അതിനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കാനും പരമാവധി മാനസികാരോഗ്യം നിലനിർത്താനും സഹായകമായ പരിശീലനങ്ങളും സാഹചര്യങ്ങളും സൃഷ്ടിക്കുന്നതുകൊണ്ടുതന്നെയാവണം ഇവിടങ്ങളിൽ നിന്ന് സമാന വാർത്തകൾ ഇക്കാലമത്രയും സംഭവിക്കാതിരുന്നത്.
ലഹരിയുടെയും ധാർമിക ജീർണതകളുടെയും പിടിയിലമർന്ന കലാലയ സംസ്‌കാരങ്ങളിൽ നിന്ന് രക്ഷതേടി മുൻവർഷങ്ങളെക്കാൾ കൂടുതൽ വിദ്യാർഥികൾ മതസ്ഥാപനങ്ങളിലേക്കും മതകീയ ചുറ്റുപാടുകളുള്ള ഹോസ്റ്റൽ ജീവിതങ്ങളിലേക്കും ആകൃഷ്ടരാവുന്നുണ്ട്. വൈജ്ഞാനിക മേഖലകളോടുള്ള സമൂഹത്തിന്റെ ഉണർവും ഉത്സാഹവും നാൾക്കുനാൾ വർധിക്കുകയും അത് കൂടുതൽ ഉത്തരവാദിത്വത്തോടെയും ധാർമിക ചുറ്റുപാടിലും നിർവഹിക്കപ്പെടുന്ന സ്ഥാപനങ്ങൾക്ക് പ്രസക്തിയേറുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ കൂടുതൽ ഉത്തരവാദിത്വബോധത്തോടെ വേണം സ്ഥാപനഭാരവാഹികൾ കാര്യങ്ങൾ നിർവഹിക്കാൻ. വിദ്യാഭ്യസ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അധ്യാപക, മാനേജ്‌മെന്റ് അംഗങ്ങളും രക്ഷിതാക്കളും അടക്കമുള്ളവർ പുതിയ തലമുറയുടെ മാറുന്ന സാഹചര്യങ്ങളും താൽപര്യങ്ങളും തിരിച്ചറിഞ്ഞ് അപ്പപ്പോൾ വേണ്ടിവരുന്ന അപ്ഡേറ്റ്‌സുകൾ ഉൾകൊള്ളാനും ഉൾപ്പെടുത്താനും ജാഗ്രത പുലർത്തേണ്ടതുണ്ട്. വിദ്യാർഥികളുടെ മാനസിക വികാസത്തിനും മാറിവരുന്ന താൽപര്യങ്ങൾക്കും അനുസൃതമായി ഏറെ ശ്രദ്ധയോടെയും കരുതലോടെയും കാര്യങ്ങൾ ആസൂത്രണം ചെയ്യാനും ക്രമീകരിക്കാനും ശ്രമിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഹോസ്റ്റൽ സംവിധാനങ്ങൾ ആശ്രയിക്കേണ്ടി വരുന്ന വിദ്യാർഥികൾക്ക് അവരുടെ മനസികോല്ലാസത്തിനും ഗൃഹസമാന പ്രതീതിയും പ്രീതിയും ലഭിക്കുന്നതിനും വേണ്ടുന്ന പശ്ചാത്തലങ്ങൾ സൃഷ്ടിക്കപ്പെടണം. വളർന്നുവരുന്ന തലമുറ നിസാരമെന്ന് നമുക്ക് തോന്നിയേക്കാവുന്ന വിഷയങ്ങളിൽ പോലും ഏറെ ടെൻഷൻ അനുഭവിക്കുന്നുണ്ട്. നൂറുകണക്കിന് വിദ്യാർഥികൾ ഒന്നിച്ച് കഴിയുന്നിടങ്ങളിൽ ഡിപ്രഷൻ പോലുള്ള മാനസികപ്രയാസങ്ങൾ അനുഭവിക്കുന്നവരുണ്ടായേക്കാം.
അസുഖങ്ങൾക്ക് ചികിത്സ നൽകാൻ ഫസ്റ്റ് എയ്‌ഡ് സംവിധാനങ്ങൾ ഒരുക്കാൻ കാണിക്കുന്ന ശ്രദ്ധ അവർ അനുഭവിക്കുന്ന മാനസികപ്രയാസങ്ങളെ അഡ്രസ് ചെയ്യുന്നതിലും കാണിക്കണം. വിദ്യാർഥികൾക്ക് മനസ് തുറന്ന് സംവദിക്കാനും വേണ്ടുന്ന കൗൺസിലിങ് നൽകാനും പ്രാപ്‌തരായവർക്ക് സ്ഥിരനിയമനം നൽകുകയോ നിശ്ചിത ദിവസങ്ങളിലെങ്കിലും അവരുടെ സേവനം ലഭ്യമാക്കുകയോ വേണം.
ഹോസ്റ്റലുകളിൽ പഴയകാലങ്ങളിൽ നിലനിന്നിരുന്ന തടവറ സമാനമായ നിയന്ത്രണങ്ങൾ ഇല്ലെന്നു ഉറപ്പുവരുത്തണം. സ്ഥാപന മേലധികാരികളുടെ പട്ടാളച്ചിട്ടകളും അച്ചടക്കം നടപ്പാക്കാനെന്ന പേരിൽ അടിച്ചേൽപ്പിക്കപ്പെടുന്ന കർക്കശ നിയന്ത്രണങ്ങളും ഉപകാരത്തേക്കാൾ ഉപദ്രവമാകും വരുത്തിവയ്ക്കുക. തങ്ങൾ പഠിച്ചിരുന്ന കാലങ്ങളിൽ ഹോസ്റ്റലുകളിൽ നിലനിന്നിരുന്ന നിയമങ്ങൾ തൻ്റെ വക ഒന്നുകൂടി കർക്കശമാക്കി നടപ്പിൽവരുത്താൻ ശ്രമിക്കുന്നവർ പുതിയ തലമുറയുടെ മനസ് വായിക്കാതെ പോകുന്നവരാണ്. അങ്ങനെയുള്ളവർക്ക് മനഃശാസ്ത്ര സാക്ഷരത നൽകണം. നടപ്പാക്കപ്പെടുന്ന നിയമങ്ങളിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും താൽപര്യം കൂടി പരിഗണിക്കപ്പെടണം. അതിൻ്റെ ആവശ്യകത അവരെക്കൂടി ബോധ്യപ്പെടുത്താനാവണം. മദ്റസകളും മതസ്ഥാപനങ്ങളും അടച്ചുപൂട്ടാനും അവയ്ക്ക് നേരെ ആരോപണങ്ങളുന്നയിക്കാനും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവർക്ക് അവസരമൊരുക്കിക്കൊടുക്കുന്ന ഒരു നടപടിയും ബന്ധപ്പെട്ടവരിൽ നിന്നുണ്ടാവാതെ ശ്രദ്ധിക്കണം. വ്യക്തിയിൽ നിന്നുണ്ടായേക്കാവുന്ന നിരുത്തരവാദ സമീപനം മുഴുവൻ സ്ഥാപനങ്ങളും പ്രതിസ്ഥാനത്ത് നിർത്തപ്പെടാനും വിചാരണ ചെയ്യപ്പെടാനും വഴിയൊരുക്കും.
ഏതു മേഖലകകളിലും സംഭവിക്കുന്നതുപോലെ ഈ രംഗത്തും മാതാപിതാക്കളുടെ നിർബന്ധ താൽപര്യങ്ങളിൽ മനസില്ലാമനസോടെ എത്തിപ്പെടുന്ന മക്കളുണ്ട്. കോഴ്‌സുകൾ തിരഞ്ഞെടുക്കുമ്പോൾ വിദ്യാർഥികളുടെ താൽപര്യവും അഭിരുചിയും പ്രത്യേകം പരിഗണിക്കണം. രക്ഷിതാക്കളോ അധ്യാപകരോ അവരുടെ താൽപര്യങ്ങൾ മക്കളിൽ അടിച്ചേൽപ്പിക്കരുത്. ലക്ഷ്യബോധമില്ലാതെ ആരുടെയൊക്കെയോ നിർബന്ധത്തിനു വഴങ്ങി കോഴ്‌സുകളും സ്ഥാപനങ്ങളും തെരഞ്ഞെടുക്കേണ്ടി വരുന്നവരിൽ ഏറെപ്പേരും വലിയ സമയ-ധന നഷ്ടമാണ് വരുത്തിവയ്ക്കുന്നത്. അതിലപ്പുറം പലരുടെയും വിലയേറിയ അധ്വാനമാണ് പാഴാക്കിക്കളയുന്നത്.
ലക്ഷ്യബോധമാണ് വഴിയെ സാധൂകരിക്കുന്നത്. ലക്ഷ്യമില്ലാത്ത ജീവിതം തുഴയില്ലാത്ത വള്ളം പോലെയാണ്. അത് കരപറ്റാൻ പ്രയാസപ്പെടും. ഇരുൾ പടർന്ന വഴികളിൽ ദിശയറിയാതെ ഉലയും. ലക്ഷ്യങ്ങൾ ആഗ്രഹങ്ങളേക്കാളും ക്ഷണികമായ ഉദ്ദേശ്യങ്ങളേക്കാളും കൂടുതൽ ആസൂത്രിതമാണ്. ഗോൾ സെറ്റ് ചെയ്യപ്പെടാതെ എത്തിപ്പെടുന്ന വിദ്യാർഥികൾ സ്ഥാപനങ്ങൾക്ക് ഭാരമാവും. അവരുടെ താൽപര്യങ്ങൾ സ്ഥാപന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടാതെ പ്രയാസപ്പെടും. സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ വിദ്യാർഥികളും വിദ്യാർഥികളുടെ താൽപര്യങ്ങൾ സ്ഥാപനങ്ങളും അഡ്‌മിഷനു മുമ്പേ തിരിച്ചറിഞ്ഞിരിക്കണം. മറ്റു താൽപര്യങ്ങൾ ഉള്ളിൽ പേറി സ്ഥാപനത്തിൽ എത്തിപ്പെടുന്ന വിദ്യാർഥികളുമായുള്ള സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രയാണം ദുഷ്‌കരമാവും.
ലക്ഷ്യങ്ങൾ സ്ഥാപിക്കുക എന്നതിനർഥം ഒരു വ്യക്തി ലക്ഷ്യം നേടുന്നതിനായി ചിന്തയും വികാരവും പെരുമാറ്റവും ചിട്ടപ്പെടുത്തുകയെന്നാണ്. അങ്ങനെ ചെയ്യുന്നതിലൂടെ വ്യക്തവും കൃത്യവുമായ ഭാവി സ്ഥാപിച്ചുകഴിഞ്ഞു. ഇത് സ്ഥാപന നിയമങ്ങൾ ഇഷ്ടപൂർവം അനുവർത്തിക്കാൻ പ്രേരണ നൽകുന്നു. വ്യക്തതയുള്ള ഗോളുകള്‍ ഉണ്ടാകുമ്പോഴാണ് ജീവിതത്തില്‍ പ്രതീക്ഷയുണ്ടാകുന്നത്. ഉന്മേഷത്തോടെ മുന്നോട്ടുപോകാനുള്ള ധൈര്യവും പ്രചോദനവും ഉണ്ടാകുന്നത്. അര്‍ഥപൂര്‍ണ ജീവിതമാണ് ലക്ഷ്യമെങ്കില്‍, അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ എന്തായിത്തീരണം എന്നു തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ ആ കോഴ്‌സ് പൂർത്തിയാകുന്നതോടെ വിജയകരമായി ലക്ഷ്യം പ്രാപിക്കാനാവും.
ആരോപണങ്ങൾക്ക് പഴുതുവരാത്തവിധം വിദ്യാർഥി സൗഹൃദ ഹോസ്റ്റലുകൾ സാധ്യമാവട്ടെ. ഉത്തരവാദപ്പെട്ടവർക്ക് മാതാപിതാക്കളുടെ സ്നേഹവും കരുതലും ഒരളവോളമെങ്കിലും പകർന്നുനൽകാനാവട്ടെ. ഭൗതിക സ്ഥാപനങ്ങളിൽ ഏറെക്കുറെ പഴങ്കഥയായി മാറിയ ഗുരു-ശിഷ്യ ബന്ധത്തിന്റെ ഊഷ്‌മള രംഗങ്ങൾ മതസ്ഥാപനങ്ങളിലെങ്കിലും പരിപോഷിപ്പിക്കപ്പെടട്ടെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."