വീടിന്റെ ചുവരിൽ ഉടമസ്ഥാവകാശം എഴുതിവച്ച് പണമിടപാട് സ്ഥാപനം
ചവറ (കൊല്ലം)
വായ്പാ തിരിച്ചടവു മുടങ്ങിയ വീടുകൾക്കു മുന്നിൽ പെയിന്റുകൊണ്ട് ഉടമസ്ഥാവകാശം എഴുതിവച്ച് സ്വകാര്യ പണമിടപട് സ്ഥാപനം. കൊല്ലം ചോള ഹോം ഫിനാൻസ് ലിമിറ്റഡാണ് പ്രതികാര നടപടിയുടെ ഭാഗമായി വീടുകളുടെ മുൻവശത്തെ ചുമരിൽ ഉടമസ്ഥാവകാശം എഴുതിയത്.
ചവറ മുക്കത്തോട്, പന്മന, പുത്തൻചന്ത ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്ന് ഇത്തരത്തിൽ നിരവധി പരാതി ഉയർന്നു.
ചവറ മുക്കത്തോട് 'ധ്രുവ'ത്തിൽ രാഖിയുടെ പരാതിയെ തുടർന്ന് പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ സുബ്രമണ്യനെതിരേ വീട്ടിൽ അതിക്രമിച്ച് കയറിയതിന് പൊലിസ് കേസെടുത്തു.
ലോണിന്റെ തിരിച്ചടവ് ഒരു വട്ടം മുടങ്ങിയാൽ ഭിത്തിയിൽ മഞ്ഞ സ്റ്റിക്കർ പതിക്കും. രണ്ടാമത് പച്ച സ്റ്റിക്കർ പതിക്കും. പിന്നീട് പെയിന്റു കൊണ്ട് വലിയ അക്ഷരത്തിൽ വീടിന്റെ ഭിത്തിയിൽ ഉടമസ്ഥാവകാശം എഴുതിപ്പിടിപ്പിക്കുന്നതാണ് ഇവരുടെ രീതിയെന്ന് പരാതിക്കാരി പറയുന്നു.
മുൻകൂട്ടി നോട്ടിസോ അറിയിപ്പോ നൽകാതെയായിരുന്നു ഈ നടപടിയെന്ന് വീട്ടുകാർ പറയുന്നു. വീട്ടിൽ ആളില്ലാത്ത സമയത്താണ് അതിക്രമം. ഏതുവിധേനയും പണം അടയ്ക്കണമെന്നും അല്ലെങ്കിൽ ജയിലിൽ അടയ്ക്കുമെന്നും കലക്ഷൻ മാനേജർ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. എന്നാൽ ജീവനക്കാരുടെ നടപടി മാനേജ്മെന്റിന്റെ അറിവോടെയല്ലെന്നാണ് കമ്പനിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."