HOME
DETAILS

80 : 20 വിദഗ്ധസമിതിയിലൂടെ പരിഹാരം കണ്ടെത്താം

  
backup
June 19 2021 | 20:06 PM

651231531

 

? 80: 20 അനുപാതത്തിലെ കോടതിവിധിയെ എങ്ങനെ വിലയിരുത്തുന്നു


മെയ് 28ന്റെ ഹൈക്കോടതി വിധി ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വീതംവയ്ക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. സച്ചാര്‍ കമ്മിറ്റിയുടെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്കായി മാത്രം ആവിഷ്‌കരിച്ച ഒരു ക്ഷേമപദ്ധതി 2011ല്‍ 80:20 എന്ന അനുപാതത്തിലേക്ക് മാറ്റപ്പെട്ടപ്പോള്‍ ഉയരാത്ത കോലാഹലം ഇപ്പോഴുണ്ടായത് ന്യായാസനം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ ചരിത്രപശ്ചാത്തലവും തീര്‍പ്പിന് അവലംബിലക്കേണ്ട മറ്റുവസ്തുതകളും മുഴുവനായും പരിഗണിക്കാതെ, 14വര്‍ഷമായി തുടരുന്ന ഒരു ക്ഷേമപദ്ധതിയെ പെട്ടെന്ന് അട്ടിമറിച്ചത് കൊണ്ടാണ്. എത്ര പെട്ടെന്നാണ് കോടതിയുടെ ഭാഗത്തുനിന്ന് തീര്‍പ്പുണ്ടായത്! 2008ല്‍ പാലോളി സമിതിയുടെ ശുപാര്‍ശ പ്രകാരം പ്രാബല്യത്തില്‍ വന്ന ചെറിയൊരു സ്‌കോളര്‍ഷിപ്പ് സ്‌കീം ന്യൂനപക്ഷമന്ത്രാലയത്തിന്റെ കീഴില്‍ വികസിച്ചുവന്നപ്പോഴേക്കും 80:20 എന്ന അനുപാതത്തിലേക്ക് മാറ്റപ്പെട്ടത് എങ്ങനെയെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കണ്ടെത്താനായിട്ടില്ല. 2011-16 കാലയളവില്‍ സംസ്ഥാനം ഭരിച്ച ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ 80:20 ഫോര്‍മുലയുമായി 'സധൈര്യം' മുന്നോട്ടുപോയെന്ന് മാത്രമല്ല, 8. 5. 2015ന് ഇറക്കിയ മറ്റൊരു ഉത്തരവിലൂടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പോലുള്ള കോഴ്‌സുകളിലേക്ക് കൂടി സ്‌കോളര്‍ഷിപ്പ് പദ്ധതി വിപുലപ്പെടുത്തി. ആ ഉത്തരവില്‍ സ്പഷ്ടമായ ഒരു തകരാറുണ്ടായിരുന്നു. 80 ശതമാനം മുസ്‌ലിംകള്‍ക്കും 20 ശതമാനം മറ്റു ന്യൂനപക്ഷങ്ങള്‍ക്കും എന്ന വ്യവസ്ഥയുടെമേലാണ് കോടതി കയറിപ്പിടിച്ചത്. 1992ലെ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ആക്ടും ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളും വ്യാഖ്യാനിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ മൂന്ന് ഉത്തരവുകളും റദ്ദാക്കിയത്. അതോടെ മുസ്‌ലിംകള്‍ ഒരു വ്യാഴവട്ടക്കാലമായി അനുഭവിച്ചുപോരുന്ന 15,000ത്തോളം സ്‌കോളര്‍ഷിപ്പുകള്‍ നിഷേധിക്കപ്പെടുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വാദിക്കുന്നതുപോലെ 80:20 അനുപാതം മെച്ചപ്പെട്ട ഒരു മാതൃകയൊന്നുമല്ല.


? സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ചത്
ശരിയായ നടപടിയായിരുന്നോ


ഇത്തരമൊരു സങ്കീര്‍ണ പ്രശ്‌നം മുന്നിലെത്തുമ്പോള്‍ സര്‍ക്കാരിന് വളരെ കരുതലോടെ മാത്രമേ വിഷയം കൈകാര്യം ചെയ്യാനാവൂ. വിധി വന്ന ഉടന്‍ മുസ്‌ലിം ലീഗ് അടക്കമുള്ള കക്ഷികള്‍ അപ്പീല്‍ പോകണമെന്നാണ് ആവശ്യപ്പെട്ടത്. ഇന്നത്തെ സാഹചര്യത്തില്‍ അപ്പീല്‍ കൊണ്ട് ഗുണം കിട്ടുമെന്ന് ഒരുറപ്പുമില്ല. മാത്രമല്ല, അതിന്റെ പേരിലുള്ള കാലവിളംബം വിദ്യാര്‍ഥികള്‍ക്ക് വന്‍ ദോഷം വരുത്തിവയ്ക്കാനിടയുണ്ട്. ആ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാവണം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ അപ്പീല്‍ പോകണമെന്ന് ഒരാളും ആവശ്യപ്പെട്ടില്ല. അതേസമയം, കോടതിവിധിയുടെ പശ്ചാത്തലത്തില്‍ അതിലടങ്ങിയ നിയമവശം സര്‍ക്കാരിന് പൂര്‍ണമായും അവഗണിക്കാന്‍ സാധ്യമല്ല. അതുകൊണ്ടാണ് അതുകൂടി പഠിച്ച് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുന്നതിന് വിദഗ്ധസമിതിയെ വയ്ക്കാമെന്ന നിര്‍ദേശം ഭൂരിഭാഗം കക്ഷികളും മുന്നോട്ടുവച്ചത്. നിയമപരവും സാമൂഹികവുമായ വശങ്ങള്‍ ഉള്‍ച്ചേര്‍ന്ന 'സെന്‍സിറ്റീവായ' ഇത്തരം വിഷയങ്ങളില്‍ ഏത് സര്‍ക്കാരായാലും ശരി ജാഗ്രതയോടെയേ മുന്നോട്ട് പോകാനാവൂ.


? സര്‍വകക്ഷിയോഗം വിദഗ്ധസമിതിയെ നിയോഗിച്ചതോടെ പാലോളി കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം നല്‍കിയ ന്യൂനപക്ഷാനുകൂല്യങ്ങള്‍ സ്തംഭിക്കുന്ന അവസ്ഥയാണുള്ളത്. വിദഗ്ധസമിതി വഴി ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യം തടസപ്പെടാന്‍ ഇടയാക്കില്ലേ


ഹൈക്കോടതി വിധിയോടെ പാലോളി പഠനസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ രൂപംകൊടുത്ത ന്യൂനപക്ഷപദ്ധതി ഇല്ലാതായി. ഈ ശൂന്യത നികത്താനുള്ള പ്രതിവിധി പഠിക്കാനാണ് വിദഗ്ധസമിതിയെ വച്ചിരിക്കുന്നത്. നഷ്ടപ്പെട്ട സ്‌കോളര്‍ഷിപ്പുകളും സ്‌റ്റൈപ്പന്റുകളും പുനഃസ്ഥാപിക്കുന്നതിന് എന്താണ് മാര്‍ഗമെന്നും കോടതിവിധി എങ്ങനെ മറികടക്കാമെന്നും ആലോചിക്കേണ്ടതുണ്ട്. നിയമനിര്‍മാണത്തിന്റെ ആവശ്യകതയുണ്ടോ എന്നും പരിശോധിക്കണം. കാലവിളംബം കൂടാതെ വിദഗ്ധസമിതി പരിഹാര ഫോര്‍മുല കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ഉന്നത ഉദ്യോഗസ്ഥര്‍ മാത്രം അടങ്ങുന്ന സമിതിയില്‍നിന്ന് ക്രിയാത്കമായ നിര്‍ദേശം പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. സമിതിയുടെ ഘടനയെ കുറിച്ച് ഇതുവരെ ആരും പരാതി ഉയര്‍ത്താതിരിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും.


? ഘടകകക്ഷിയെന്ന നിലയില്‍ ഇക്കാര്യത്തില്‍ ഇടതുസര്‍ക്കാരിന്റെ നയങ്ങളെ ഐ.എന്‍.എല്‍ എങ്ങനെ വിലയിരുത്തുന്നു. ഭാവിയില്‍ ന്യൂനപക്ഷ ആനുകൂല്യം ഏതു രീതിയില്‍ നല്‍കണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്.


എല്‍.ഡി.എഫിന്റെ ഘടകകക്ഷിയെന്ന നിലയില്‍ ഐ.എന്‍.എല്‍ അതിന്റെ സുവ്യക്തമായ നിലപാട് ഏത് വേദിയിലും അവതരിപ്പിക്കാറുണ്ട്. അതേസമയം, ഇടതുമുന്നണിയുടെ പൊതുവായ നിലപാട് അഭിപ്രായസമന്വയത്തിന്റേതാണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും പാലോളി കമ്മിറ്റി ശുപാര്‍ശയുടെയും അന്തസ്സത്ത ചോര്‍ന്നുപോവാത്ത ഒരു പരിഹാരമാണ് ഈ വിഷയത്തില്‍ കണ്ടെത്തേണ്ടതെന്ന് ഐ.എന്‍.എല്‍ തുടക്കത്തിലേ വാദിക്കുന്നു. നമ്മുടെ നാടിന്റെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും ഉണ്ടാവരുതെന്നും പാര്‍ട്ടിക്ക് നിര്‍ബന്ധമുണ്ട്. ഇതിനെ ഒരു സാമുദായിക പ്രശ്‌നമായി ചുരുക്കരുത്. സാമൂഹികമായ പിന്നോക്കാവസ്ഥയാണ് സച്ചാറിന്റെ പഠനവിഷയം. കോടതി അട്ടിമറിച്ച സ്‌കോളര്‍ഷിപ്പുകള്‍ ഈ അക്കാദമിക വര്‍ഷം തന്നെ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടത്. 'സച്ചാര്‍ വെല്‍ഫെയര്‍ സ്‌കീം' എന്ന് അതിന് പേരിട്ടാല്‍, ന്യൂനപക്ഷ പദ്ധതിയുമായി കൂട്ടിക്കലര്‍ത്തുന്ന ഏര്‍പ്പാടിന് അറുതിയുണ്ടാവും.


? പാലോളി കമ്മിറ്റി രൂപീകരിച്ചതു പിന്നോക്കക്കാരായ മുസ്‌ലിംകള്‍ക്ക് ആനുകൂല്യം ലഭ്യമാക്കാനാണ്. ആ നിര്‍ദേശം വഴി മറ്റു വിഭാഗങ്ങള്‍ക്കും ആനുകൂല്യം ലഭ്യമാക്കുന്നതു നീതികേടല്ലേ


അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ 11 അംഗ ഉന്നത പഠനസമിതിയെ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയോഗിച്ചത് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവിടുത്തെ മുസ്‌ലിംകളിലെ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനെ കുറിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ്. 2008ല്‍ തുടങ്ങിയ ഈ ക്ഷേമപദ്ധതികള്‍ 2011 ആയപ്പോഴേക്കും ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നോക്കം നില്‍ക്കുന്നവര്‍ക്കു കൂടി ബാധകമാക്കുംവിധം ഉത്തരവിറങ്ങി. ലത്തീന്‍ കത്തോലിക്കരുടെയും പരിവര്‍ത്തിത ക്രൈസ്തവരുടെയും ഉന്നമനത്തിനായി പ്രത്യേകം പദ്ധതി ആവിഷ്‌കരിക്കുകയാണ് വേണ്ടിയിരുന്നത്. എന്നിട്ടും ആരുമത് വലിയ പ്രശ്‌നമാക്കി എടുക്കാതിരുന്നത് സാമുദായികാന്തരീക്ഷം വഷളാവേണ്ട എന്ന് കരുതിയാവണം. എന്നിരുന്നാലും ആ തീരുമാനത്തിലെ അനഭിലഷണീയത ചൂണ്ടിക്കാട്ടാമായിരുന്നു.


? ക്രിസ്ത്യന്‍- മുസ്‌ലിം സാമുദായിക സൗഹൃദം തകര്‍ക്കാന്‍ സമൂഹമാധ്യമങ്ങളിലടക്കം നടക്കുന്ന ബോധപൂര്‍വമുള്ള നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ


ക്രിസ്ത്യന്‍ - മുസ്‌ലിം സാമുദായിക സൗഹൃദം തകര്‍ക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്ന് മാത്രമല്ല, അധികാരപങ്കാളിത്തത്തിന്റെയും ആനുകൂല്യ ലബ്ധിയുടെയും കാര്യത്തില്‍ തെറ്റായ ചില പ്രവണതകള്‍ അണിയറയില്‍ അരങ്ങേറുന്നുണ്ട്. ഈ വിഷയത്തില്‍ ഉത്തരവാദപ്പെട്ട മതമേലധ്യക്ഷന്മാരും നേതാക്കളും വരെ ഭാഗവാക്കുന്നുവെന്നതാണ് ഏറെ ദൗര്‍ഭാഗ്യകരം. കേരളത്തിലെ മുസ്‌ലിംകളും ക്രിസ്ത്യാനികളും വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ രണ്ടുതട്ടുകളിലാണ്. ഗള്‍ഫ് പണത്തിലൂടെ മുസ്‌ലിംകള്‍ കൊട്ടാരസമാനമായ വീടുവച്ച്, വിഭവസമൃദ്ധമായ രാപ്പാര്‍ട്ടിയും പൊങ്ങച്ചവുമായി നാശത്തിന്റെ കുഴി തോണ്ടുമ്പോള്‍, പ്രബുദ്ധരായ ക്രൈസ്തവ സമൂഹം, ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള ബുദ്ധിപൂര്‍വമായ കാല്‍വയ്പ്പുകള്‍ നടത്തുന്നു. എന്നിട്ടും മുസ്‌ലിംകള്‍ എന്തോ അനര്‍ഹമായി നേടുന്നുവെന്ന് ദുഷ്പ്രചാരണം നടത്താനും അപ്പേരില്‍ ക്രിസ്ത്യാനികളില്‍ വിഷം കുത്തിവയ്ക്കാനും ആര്‍.എസ്.എസ് എന്നോ പണി തുടങ്ങിയതാണ്. ശക്തമായ കമ്യൂണിസ്റ്റ് സ്വാധീനമുള്ള കേരളത്തില്‍, ഭൂരിപക്ഷസമൂഹത്തിന്റെ വോട്ട് കിട്ടിയിട്ട് തങ്ങള്‍ക്ക് ഇവിടെ പച്ച പിടിക്കാന്‍ സാധ്യമല്ലെന്ന് മനസിലാക്കിയ കാവിപ്പാര്‍ട്ടി, മുസ്‌ലിംകളിലേക്കും ക്രിസ്ത്യാനികളിലേക്കും സ്വാധീനമുറപ്പിക്കാന്‍ കുനുട്ട് തന്ത്രങ്ങള്‍ പയറ്റാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി.

മുസ്‌ലിംകളില്‍നിന്ന് എ.പി അബ്ദുല്ലക്കുട്ടിയെ പോലുള്ള എടുക്കാചരക്കുകളല്ലാതെ കാതലുള്ള ആരും ബി.ജെ.പി പക്ഷത്തേക്ക് വരില്ല എന്ന് മനസിലാക്കിയതോടെ, ശ്രദ്ധ മുഴുവന്‍ ക്രിസ്ത്യാനികളിലായി. മുസ്‌ലിംകള്‍ അനര്‍ഹമായി പലതും നേടിയെടുത്തിരിക്കയാണെന്നും ക്രൈസ്തവ പെണ്‍കുട്ടികളെ പ്രേമം നടിച്ച് മുസ്‌ലിം യുവാക്കള്‍ ലൗ ജിഹാദില്‍ കുടുക്കി മതംമാറ്റുകയാണെന്നൊക്കെയുള്ള കള്ളപ്രചാരണങ്ങള്‍ക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. രാഷ്ട്രീയക്കാരനായ പി.സി ജോര്‍ജും ജനപ്രിയ കത്തോലിക്ക പുരോഹിതനായ കാപ്പിപ്പൊടി അച്ചനുമൊക്കെ 'മുസ്‌ലിം ഭത്സന' വിഷയത്തില്‍ തുല്യ ആവേശക്കാരാണ്. ഇത്തരം പ്രവണതകളെ ഒരു ഭാഗത്ത് തള്ളിപ്പറയുന്നതായി നാം തെറ്റിദ്ധരിക്കുന്ന ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ മുന്‍ അംഗം, പ്രഫ. വല്‍സണ്‍ തമ്പു സച്ചാര്‍ കമ്മിറ്റിയെ പോലും ചോദ്യം ചെയ്യുന്നുണ്ട്. എല്ലാവരും അവരവരുടെ സാമുദായിക വീക്ഷണകോണിലൂടെയാണ് എല്ലാ വിഷയങ്ങളെയും കാണുന്നതെന്ന് ചുരുക്കം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago