ഇന്ന് ജയിച്ചില്ലെങ്കില്‍ പിന്നെ എന്ന്? പ്ലേ ഓഫ് സ്വപ്‌നം കണ്ട് രാജസ്ഥാനും പഞ്ചാബും നേര്‍ക്കുനേര്‍
ധരംശാല: ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട ഇന്ത്യയിലെ ഏറ്റവും മനോഹരമായ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ന് ജീവന്മരണ പോരാട്ടം.
മലയാളി താരം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സും ശിഖര്‍ധവാന്റെ പഞ്ചാബ് കിങ്‌സും ഇന്ന് സീസണിലെ അവസാന ലീഗ് മത്സരത്തില്‍ ധര്‍മശാല ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ മുഖാമുഖം വരുന്നു. ഇന്ന് പരാജയപ്പെടുന്ന ടീമിന് നാളെ തന്നെ നാട്ടിലേക്ക് വണ്ടി കയറാം. ജയിക്കുന്നവര്‍ക്ക് മറ്റു ടീമുകളുടെ മത്സര ഫലത്തിനായി കാത്തിരിക്കാം.
13 മത്സരങ്ങള്‍ വീതം കളിച്ച ഇരു ടീമുകളുടെയും സമ്പാദ്യം 12 പോയിന്റ് വീതമാണ്. നെറ്റ് റണ്‍റേറ്റില്‍ മുന്നിലുള്ള രാജസ്ഥാന് ജയിച്ചാല്‍ പഞ്ചാബിനേക്കാള്‍ പ്ലേ ഓഫ് സാധ്യതയുണ്ട്. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ ആര്‍.സി.ബിയെ മറികടക്കണമെങ്കില്‍ ഇന്ന് മികച്ച മാര്‍ജിനിലുള്ള വിജയമാണ് സഞ്ജുവിനും സംഘത്തിനും വേണ്ടത്. കഴിഞ്ഞ മത്സരത്തില്‍ ആര്‍.സി.ബിയോട് 112 റണ്‍സിന് ദയനീയമായി പരാജയപ്പെട്ടാണ് രാജസ്ഥാന്‍ ഇന്ന് ധര്‍മശാലയിലിറങ്ങുന്നത്. വെറും 59 റണ്‍സിന് ഓള്‍ഔട്ടായ കഴിഞ്ഞ മത്സരത്തിലെ ബാറ്റിങ് ലൈനപ്പില്‍ നിന്ന് മാറ്റങ്ങളുമായാവും ടീം ഇന്നിറങ്ങുക. ബൗളിങ്ങില്‍ ആദം സാംപയെ പുറത്തിരുത്തി ട്രെന്റ് ബോള്‍ട്ട് ടീമില്‍ മടങ്ങിയെത്തിയേക്കും.
ഡല്‍ഹിയോട് 15 റണ്‍സിന്റെ തോല്‍വി വഴങ്ങിയാണ് പഞ്ചാബ് ഇന്ന് തങ്ങളുടെ വസാന ലീഗ് മത്സരത്തിനിറങ്ങുന്നത്. അവസാന നിമിഷം വരെ പോരാടി ടീമിനെ ജയത്തോടടുപ്പിച്ച ലിയാം ലിവിങ്‌സറ്റണിന്റെ ഫോമില്‍ തന്നെയാണ് ശിഖര്‍ധവാന്റെ പ്രതീക്ഷ. അര്‍ഷദീപ്, റബാദ, എല്ലിസ്, സാം കറന്‍ തുടങ്ങി മികവുറ്റ ബൗളിങ് നിരയുണ്ടെങ്കിലും ധര്‍മശാലയിലെ റണ്‍സിനെ പ്രണയിക്കുന്ന പിച്ചില്‍ ഇവര്‍ക്ക് എത്രത്തോളം മികവു കാട്ടാന്‍ കഴിയുമെന്ന് കാത്തിരുന്ന് കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."