പറന്നകന്നു... ചക്രവര്‍ത്തി , സന്തോഷവും ദുഃഖവും നിറച്ച 1960ലെ റോം ഒളിംപിക്‌സ്
യു.എച്ച് സിദ്ദീഖ്
'ഒ ളിംപിക്‌സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഒരു ഇന്ത്യന്‍ താരം മെഡല്‍ നേടുന്നത് കാണുകയെന്ന അന്ത്യാഭിലാഷം' നിറവേറ്റാനാവാതെയാണ് മില്‍ഖ സിങ് മറഞ്ഞത്. ജീവിതത്തിന്റെയും അത്‌ലറ്റിക്‌സിന്റെയും ട്രാക്കില്‍ തളരാത്ത മില്‍ഖയുടെ ശ്വാസകോശം മഹാമാരിയായ കൊവിഡിന് മുന്നില്‍ കീഴടങ്ങി. 1960 ലെ റോം ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഫൈനലില്‍ 0.1 സെക്കന്‍ഡിലാണ് പറക്കും സിങിന് വെങ്കല പതക്കം നഷ്ടമാകുന്നത്. മില്‍ഖയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും സങ്കടവും ഇതായിരുന്നു. ഒരു തിരിഞ്ഞു നോട്ടത്തിലാണ് മെഡല്‍ വഴുതിമാറിയത്. തിരിഞ്ഞു നോക്കാതെ ഓടിയിരുന്നുവെങ്കില്‍ ആ ഫിനിഷിങ് സമയം 100 വര്‍ഷം കഴിഞ്ഞാലും തിരുത്തപ്പെടില്ലായിരുന്നുവെന്ന് മില്‍ഖ സിങ് പറയുമായിരുന്നു.
തനിക്ക് 0.1 സെക്കന്‍ഡില്‍ നഷ്ടമായ മെഡല്‍ ഒളിംപിക് ട്രാക്കില്‍ ഇന്ത്യന്‍ അത്‌ലറ്റ് നേടുന്നത് കാണാന്‍ മില്‍ഖ സിങ് ഏറെ ആഗ്രഹിച്ചിരുന്നു. ഇന്ത്യന്‍ അത്‌ലറ്റിക്‌സിന് ലോക ട്രാക്കില്‍ മേല്‍വിലാസം സമ്മാനിച്ചത് മില്‍ഖയായിരുന്നു. ഇന്ത്യന്‍ ട്രാക്കുകള്‍ അടക്കിവാണ പറക്കും സിങ് ലോക വേദികളിലും ഇന്ത്യയുടെ അഭിമാനമായി. 1958 വെയില്‍സ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 മീറ്ററില്‍ സ്വര്‍ണ പതക്കം നേടിയ മില്‍ഖയിലൂടെയാണ് ഒരു അന്താരാഷ്ട്ര വ്യക്തിഗത മെഡല്‍ ട്രാക്കില്‍ ഇന്ത്യ നേടുന്നത്. 1958 ലെ ടോക്യോ ഏഷ്യന്‍ ഗെയിംസില്‍ 400, 200 മീറ്ററുകളില്‍ ഇരട്ട സ്വര്‍ണ കുതിപ്പ് നടത്തി. 1962 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും മില്‍ഖ 400 മീറ്ററില്‍ സ്വര്‍ണം നേടി. അന്ന് 4-400 മീറ്റര്‍ റിലെയിലെ സ്വര്‍ണ നേട്ടത്തിലേക്കും മില്‍ഖയുടെ സുവര്‍ണ പാദുകം ഇന്ത്യക്ക് കരുത്തായി. മൂന്ന് ഒളിംപിക്‌സുകളില്‍ മില്‍ഖ സിങ് ഇന്ത്യക്കായി ട്രാക്കിലിറങ്ങി.
ഭാഗ് മില്‍ഖ ഭാഗ്
വിഭജനത്തില്‍ കണ്ണുനീരിന്റെ ഓര്‍മയുള്ളയാളാണ് മില്‍ഖ. പാക്കിസ്താന്റെ ഭാഗമായ മുസഫര്‍ഗഢില്‍ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വന്ന ബാല്യം. മാതാപിതാക്കളെയും സഹോദരങ്ങളെയും കലാപകാരികള്‍ കൊല ചെയ്യുന്നത് നിസഹായതയോടെ നോക്കി നില്‍ക്കേണ്ടി വന്ന പതിനഞ്ചുകാരന്‍. അവസാനശ്വാസം നിലയ്ക്കും മുന്‍പ് പിതാവ് പറഞ്ഞു. ''ഭാഗ് മില്‍ഖ ഭാഗ്'' (ഓടുക മില്‍ഖ ഓടുക).
കലാപകാരികളില്‍ നിന്ന് ഡല്‍ഹിയിലേക്ക് രക്ഷപ്പെട്ടോടിയ മില്‍ഖ. ജീവന്‍ രക്ഷിക്കാനായി ഓടിയ മില്‍ഖ പിന്നീട് ഓട്ടം തുടര്‍ന്നു. സൈന്യത്തില്‍ നിന്നായിരുന്നു മില്‍ഖയുടെ ട്രാക്കുകള്‍ കീഴടക്കിയ പ്രയാണത്തിന്റെ തുടക്കം.
പറക്കും സിങ്
ലാഹോറില്‍ നടന്ന ഇന്ത്യ - പാക്ക് മീറ്റിലെ 200 മീറ്ററില്‍ മില്‍ഖ മത്സരിക്കാനിറങ്ങി. എതിരാളിയായ പാകിസ്താന്റെ അബ്ദുല്‍ ഖാലിഖിനെ പിന്നിലാക്കി മില്‍ഖ സിങിന്റെ സുവര്‍ണ ഫിനിഷിങ്. മത്സരം കണ്ട പാക്കിസ്താന്‍ പ്രസിഡന്റ് അയൂബ് ഖാന്‍ പറഞ്ഞു. ''മില്‍ഖ ഓടുകയല്ല, പറക്കുകയാണ്''.
പറക്കും സിങ് എന്ന വിശേഷണത്തെ ശരിവെച്ച് ട്രാക്കുകളിലൂടെ മില്‍ഖ സിങ് ചിറകടിച്ചു പറക്കുകയായിരുന്നു.
കഠിനാധ്വാനത്തിന്റെ
കരുത്ത്
13 വര്‍ഷത്തോളം കഠിനധ്വാനം ചെയ്തിട്ടാണ് മില്‍ഖ ഒളിംപിക്‌സ് ട്രാക്കില്‍ എത്തുന്നത്. വളഞ്ഞ വഴികളിലൂടെ വേഗത്തില്‍ എല്ലാം നേടാന്‍ യുവതലമുറ ആഗ്രഹിക്കുന്ന ഇക്കാലത്ത് മില്‍ഖയുടെ ട്രാക്കിലെ ജീവിതം അത്ഭുദമായിരുന്നു. സൈനീക മീറ്റുകളില്‍ മൂന്ന് വര്‍ഷത്തോളം നഗ്നപാദനായിട്ടാണ് മില്‍ഖ കുതിച്ചത്. ഓടാന്‍ സ്‌പൈക്കും ഷൂസുമില്ല. ട്രാക്ക് സ്യൂട്ടുകളില്ല. വാങ്ങാന്‍ പണമില്ല. കഠിനധ്വാനം ചെയ്യാനുള്ള മനസും ഇച്ഛാശക്തിയുമാണ് മില്‍ഖ സിങിന് കരുത്തായത്. ''ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും വായിച്ചെടുക്കാനും പ്രാവര്‍ത്തികമാക്കാനും കഴിയുന്ന ഒരു തുറന്ന പുസ്തകം'' തന്നെയായിരുന്നു ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസമായ പറക്കും സിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."