ഗുജറാത്ത് കലാപം: ചരിത്രം തിരുത്തിയെഴുതാൻ കഴിയുമോ?
പ്രൊഫ. റോണി കെ. ബേബി
ഏറെ കുപ്രസിദ്ധമായ 2002ലെ ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരേ സമർപ്പിച്ച ഹരജി സുപ്രിംകോടതി തള്ളിയതിനെ ബി.ജെ.പി ആഘോഷിക്കുകയാണ്. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്കെതിരേ ഉയർന്ന പാപക്കറ രണ്ടു പതിറ്റാണ്ടോളം അദ്ദേഹത്തെ വല്ലാതെ വേട്ടയാടിയിരുന്നു. രാജ്യാന്തരതലത്തിൽപ്പോലും മോദിയുടെ പ്രതിച്ഛായയിൽ തെളിഞ്ഞുനിന്ന കളങ്കമായിരുന്നു ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ. കലാപമെന്നും വംശഹത്യയെന്നും കുപ്രസിദ്ധമായ ചരിത്രത്തിലെ ഈ ദുരന്തസംഭവത്തിൽനിന്നും അതിന്റെ ഉത്തരവാദിത്വത്തിൽനിന്നും നിയമത്തിന്റെ മുൻപിൽ മോദി കുറ്റക്കാരനല്ലെന്ന് തെളിയുന്നത് തീർച്ചയായും അദ്ദേഹത്തിന് രാഷ്ട്രീയപരമായി നേട്ടമാണ്. പക്ഷേ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഗുജറാത്ത് കലാപത്തിലെ മോദിയുടെ നിഷ്‌ക്രിയത്വവുമായി ബന്ധപ്പെട്ട് നടത്തിയ 'രാജധർമ്മം' പരാമർശം ഓർമിക്കപ്പെടുന്ന കാലത്തോളം മോദിക്കെതിരായ ആരോപണ വിരലുകൾ ഉയർന്നുതന്നെ നിൽക്കും.
സുപ്രിംകോടതി വിധിയുടെ പശ്ചാത്തലം
കലാപം നടക്കുമ്പോൾ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയും മറ്റ് ഉന്നതരും പിന്നിൽ ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളിക്കൊണ്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സമർപ്പിച്ച റിപ്പോർട്ട് ചോദ്യം ചെയ്തുള്ള ഹരജിയാണ് സുപ്രിംകോടതി തള്ളിയത്. കലാപത്തിനിടയിൽ 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ കൊല ചെയ്യപ്പെട്ട മുൻ കോൺഗ്രസ് എം.പി ഇഹ്‌സാൻ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി നൽകിയ ഹരജിയാണ് സുപ്രിംകോടതി തള്ളിയത്. ഇഹ്സാൻ ഉൾപ്പെടെയുള്ള 69 പേരാണ് ഗുൽബർഗ് സൊസൈറ്റിയിൽ കൊല ചെയ്യപ്പെട്ടത്. നരേന്ദ്ര മോദിക്കും ഉന്നതർക്കും എതിരേ പ്രോസിക്യൂട്ട് ചെയ്യാവുന്ന തെളിവുകളില്ലെന്ന് മുൻ സി.ബി.ഐ മേധാവി ആർ. രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നാണ് സാക്കിയ ജഫ്രി സുപ്രിംകോടതിയെ സമീപിച്ചത്. എസ്.ഐ.ടി റിപ്പോർട്ട് ശരിവച്ച 2017ലെ ഗുജറാത്ത് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സാക്കിയ ജഫ്രി ഹരജി നൽകിയത്. കാലാപത്തിലെ ഗൂഢാലോചന ആരോപിച്ചായിരുന്നു ഹരജി. 2012 ഫെബ്രുവരി 8 നാണ് പ്രത്യേക അന്വേഷണ സംഘം മോദിക്കും 63 പേർക്കും ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള റിപ്പോർട്ട് സമർപ്പിച്ചത്. മോദിക്കെതിരേ തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്. ജസ്റ്റിസ് എ.എം ഖാൻവിൽക്കറും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും സി.ടി രവികുമാറും അടങ്ങുന്ന ബെഞ്ചാണ് നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നടപടി ശരിവച്ചത്.
ഗുജറാത്ത് വംശഹത്യ
2002 ഫെബ്രുവരി 27ന് രാവിലെ 7.45നു സബർമതി എക്‌സ്പ്രസ്സിന്റെ എസ് 6 കമ്പാർട്ട്‌മെന്റ് ഗോധ്ര സ്റ്റേഷനിൽ കത്തിയെരിഞ്ഞശേഷം ലോകം നടുങ്ങിയ കാഴ്ചകളാണ് ഗുജറാത്തിൽ സംഭവിച്ചത്. 25 സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 59 ആളുകൾ കത്തിയെരിഞ്ഞ വാർത്ത കാട്ടുതീപോലെ ഗുജറാത്തിലെങ്ങും പരന്നു. അയോധ്യയിൽ നടന്ന പൂർണാഹുതി യജ്ഞത്തിൽ പങ്കെടുത്ത് മടങ്ങുന്ന കർസേവകരായിരുന്നു സബർമതി എക്‌സ്പ്രസ്സിൽ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗവും. കലാപം ആരംഭിച്ച ഫെബ്രുവരി 27 മുതൽ മാർച്ച് രണ്ട് വരെയുള്ള മൂന്നു ദിവസങ്ങളിൽ അക്ഷരാർഥത്തിൽ ഗുജറാത്ത് കത്തിയെരിയുകയായിരുന്നു. തുടർന്ന് അഹമ്മദാബാദിൽ ആരംഭിച്ച വർഗീയ കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. കലാപത്തിൽ 1,044 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ആകെ 790 മുസ്ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ടു. ഔദ്യോഗിക കണക്കുകൾ പ്രകാരം 223 പേരെ കാണാതാവുകയും, 2500 ഓളം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. കൂടാതെ, നിരവധി സ്ത്രീകളാണ് കലാപത്തിൻ്റെ മറവിൽ ബലാത്സംഗം ചെയ്യപ്പെട്ടത്. ഇതുകൂടാതെ, നിരവധി വീടുകളും സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടു. ആളുകൾ കൂട്ടപ്പലായനം നടത്തുകയുമുണ്ടായി.
എന്നാൽ, 2000 ത്തിനടുത്ത് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അനൗദ്യോഗിക കണക്കുകളിൽ പറയുന്നത്. ഗുജറാത്ത് കലാപം മുൻകൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതാണെന്നും ഗോധ്ര സംഭവം ഒരു കാരണമാക്കിയത് മാത്രമാണെന്നും ആക്രമണങ്ങളുടെ സംഘടിതസ്വഭാവവും ആസൂത്രണവും വിശകലനം ചെയ്തുകൊണ്ട് നിരവധി പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. ഗുജറാത്ത് ഹൈക്കോടി ജഡ്ജായിരുന്ന കെ.ജി ഷാ, സുപ്രിംകോടതി ജഡ്ജിയായിരുന്ന കെ.ടി നാനാവതി തുടങ്ങിയ കമ്മിഷനുകൾ കലാപത്തിന് പിന്നിലെ ഗൂഢാലോചനകൾ അന്വേഷിച്ചിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തിൽ ആരോപണങ്ങൾ തള്ളിക്കളയുകയായിരുന്നു. സുപ്രിംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മിഷൻ നരേന്ദ്ര മോദിക്കും മറ്റ് ഉന്നതർക്കും ക്ലീൻ ചിറ്റ് നൽകുക മാത്രമല്ല കലാപം തടയാൻ ഗുജറാത്ത് സർക്കാർ യാതൊന്നും ചെയ്തില്ലെന്ന ആരോപണവും തള്ളിക്കളയുകയാണ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തിനെതിരേ, ഗുജറാത്ത് കലാപത്തിലെ നിർണായക തെളിവുകൾ ഒളിപ്പിച്ചു എന്ന ആരോപണം ഇതിനിടയിൽ ഉയർന്നുവന്നിരുന്നു.
നിശബ്ദമാക്കപ്പെട്ട തെളിവുകൾ
മലയാളിയും മുൻ ഐ.പി.എസ് ഓഫിസറും ഗുജറാത്ത് ഡി.ജി.പിയുമായിരുന്ന ആർ.ബി ശ്രീകുമാറിനെയും സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദിനെയും ഗുജറാത്ത് ആൻഡി ടെറർ സ്‌ക്വാഡ് (എ.ടി.എസ്) സുപ്രിംകോടതി വിധി വന്ന ഉടൻ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്റ്റയുടെ എൻ.ജി.ഒ അടിസ്ഥാന രഹിതമായ വിവരങ്ങൾ പൊലിസിന് നൽകിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിന് ശേഷമാണ് ടീസ്റ്റയെയും ആർ.ബി ശ്രീകുമാറിനെയും ഗുജറാത്ത് പൊലിസ് കസ്റ്റഡിയിലെടുത്തത് എന്നത് ശ്രദ്ധേയമാണ്. കലാപ സമയത്ത് ഗുജറാത്ത് എ.ഡി.ജി.പിയായിരുന്ന ശ്രീകുമാർ കലാപം ഗുജറാത്ത് സർക്കാരിന്റെ അറിവോടെയാണെന്ന ഉറച്ച നിലപാട് സ്വീകരിച്ചിരുന്നു. മോദിക്കെതിരേ ആരോപണം ഉയർത്തിയ മറ്റൊരു ഐ.പി.എസ് ഓഫിസറായ സഞ്ജീവ് ഭട്ടും ഇപ്പോൾ ഇരുമ്പഴിക്കുള്ളിലാണ്. 'നരേന്ദ്ര മോദിയുടെ വസതിയിൽ കൂടിയ യോഗത്തിൽ താൻ പങ്കെടുത്തെന്നും അവിടെ വച്ച് ഹിന്ദുക്കളുടെ തിരിച്ചടിക്ക് വിഘാതമായി നിൽക്കരുതെന്ന് മോദി ആവശ്യപ്പെട്ടു' എന്നും സഞ്ജീവ് ഭട്ട് സുപ്രിംകോടതിയിൽ അഫിഡവിറ്റ് നൽകിയിരുന്നു.
2011ൽ സഞ്ജീവ് ഭട്ട് നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരായ നേരിട്ടുള്ള തെളിവുകൾ സുപ്രിംകോടതിയിൽ സത്യവാങ്മൂലമായി നൽകി. ഗുജറാത്ത് വർഗീയ കലാപത്തിൽ സർക്കാരിന്റെ പങ്ക്, വ്യാജ ഏറ്റുമുട്ടൽ കൊലകൾ, ആഭ്യന്തര മന്ത്രിയായിരുന്ന ഹരേൻ പാണ്ഡ്യയുടെ കൊലപാതകം തുടങ്ങിയവ സംബന്ധിച്ച തെളിവുകളാണ് അദ്ദേഹം ഹാജരാക്കിയത്. എന്നാൽ ഈ സത്യവാങ്മൂലം ഫയൽ ചെയ്തതിന്റെ അന്ന് വൈകുന്നേരം തന്നെ ഗുജറാത്ത് സർക്കാർ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു. 2014ൽ നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയായി ആഴ്ചകൾക്കുശേഷം സഞ്ജീവ് ഭട്ടിനെ ഐ.പി.എസിൽ നിന്ന് പിരിച്ചുവിട്ടു. അനധികൃതമായി അവധികളെടുത്തെന്ന് പറഞ്ഞായിരുന്നു പിരിച്ചുവിടൽ. ഈ അവധികളിൽ മിക്കതും ഗുജറാത്ത് വർഗീയ കലാപവുമായി ബന്ധപ്പട്ടതടക്കമുള്ള മൊഴികൾ നൽകാനായി അന്വേഷണ കമ്മിഷനുകൾക്ക് മുന്നിൽ ഹാജരായതിന്റേതായിരുന്നു. തുടർന്ന് 2018ൽ ഭട്ടിനെ അറസ്റ്റ് ചെയ്തു. കൂടാതെ 2002ലെ വർഗീയ കലാപത്തിൽ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന ആരോപണം തെളിയിക്കുന്ന വിവരങ്ങൾ രഹസ്യമായി അന്വേഷണ കമ്മിഷന് മുന്നിൽ ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി ഹരേൻ പാണ്ഡ്യ കൈമാറിയിരുന്നു. ഇതിനുശേഷം ഹരേൻ പാണ്ഡ്യ കൊല്ലപ്പെടുകയാണുണ്ടായത്.
എന്നാൽ ഗുജറാത്ത് കലാപം ആസൂത്രണം ചെയ്തതല്ലെന്നും ഗോധ്രയിലെ തീവണ്ടി കത്തിക്കലിനു ശേഷമുണ്ടായ കലാപങ്ങളിൽ നരേന്ദ്ര മോദിക്ക് ഒരു പങ്കുമില്ലെന്നാണ് നാനാവതി കമ്മിഷൻ പറഞ്ഞത്. ഗുജറാത്ത് എ.ഡി.ജി.പിയായിരുന്ന ആർ.ബി ശ്രീകുമാർ നൽകിയ മൊഴികൾ സംശയകരമാണെന്നും മുൻ ഐ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ട് പറഞ്ഞതെല്ലാം കള്ളമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. മോദിക്കെതിരേ നിലപാടെടുത്ത സഞ്ജീവ് ഭട്ട് , ആർ.ബി ശ്രീകുമാർ, രാഹുൽ ശർമ എന്നീ പൊലിസുദ്യോഗസ്ഥർക്കെതിരേ അന്വേഷണമോ നടപടിയോ ഉണ്ടാകണമെന്നും കമ്മിഷൻ റിപ്പോർട്ട് ശുപാർശ ചെയ്തിരുന്നു.
സത്യം മൂടിവയ്ക്കാൻ കഴിയുമോ
കലാപത്തിന്റെ കാരണം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ ഭരണപരാജയമാണെന്ന് മുൻ ഗോവ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായിരുന്ന മനോഹർ പരീക്കർ 2013ൽ അഭിപ്രായപ്പെട്ടിരുന്നു. മുൻ ബി.ജെ.പി എം.എൽ.എ ഹരീഷ് ഭട്ടിന്റെ 'അദ്ദേഹം ഞങ്ങൾക്ക് മൂന്നു ദിവസം തന്നു' എന്ന തെഹൽക്ക പുറത്തുവിട്ട സ്റ്റിങ് ഓപ്പറേഷനിലെ വെളിപ്പെടുത്തലും രാജ്യത്തെ പിടിച്ചുകുലുക്കിയിരുന്നു. വാർത്താസമ്മേളനത്തിൽ മോദിയെ തൊട്ടടുത്തിരുത്തി 'രാജധർമ്മം പാലിക്കണമെന്ന്' അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി ആവശ്യപ്പെട്ടത് രാജ്യത്തിന് അകത്തും പുറത്തും വലിയ ചർച്ചയായിരുന്നു. ഗുജറാത്ത് കലാപത്തിന്റെ പേരിൽ മോദിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാൻ വാജ്‌പേയ് പാർട്ടിക്കകത്ത് ആവശ്യപ്പെട്ടതായി അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഗുജറാത്ത് കലാപം ചർച്ച ചെയ്യപ്പെടുമ്പോഴെല്ലാം സ്വാഭാവികമായും ഇതെല്ലാം വീണ്ടും ചർച്ച ചെയ്യപ്പെടും. നിയമത്തിനുമുൻപിൽ വിശുദ്ധനാക്കപ്പെട്ടാലും ചരിത്രത്തിലെ പാപക്കറകൾ കഴുകിക്കളയാൻ ഒരിക്കലും അത്ര എളുപ്പമല്ലെന്ന് ചുരുക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."