HOME
DETAILS

ചേർത്തുപിടിച്ച്കരുതലോടെകേരളം

  
backup
May 20 2023 | 04:05 AM

with-care-kerala

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. സാങ്കേതികമായി മൂന്നാം വർഷത്തിലേക്കാണ് ഈ സർക്കാർ കടക്കുന്നതെങ്കിലും 2016ൽ നമ്മൾ ഏറ്റെടുത്ത വികസന - ക്ഷേമ പദ്ധതികളുടെ തുടർച്ച എട്ടാം വർഷത്തിലേക്കു കടക്കുകയാണ്. ഭവനപദ്ധതികളിലൂടെയും പട്ടയങ്ങൾ ലഭ്യമാക്കുന്നതിലൂടെയും വിലക്കയറ്റം പിടിച്ചുനിർത്തുന്നതിലൂടെയും റോഡ് - സ്‌കൂൾ - ആശുപത്രി വികസനങ്ങളിലൂടെയും പെൻഷൻ വിതരണത്തിലൂടെയും എല്ലാം കേരളത്തിലെ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്.


അപ്പോഴപ്പോഴുള്ള കാര്യങ്ങളെ സംബോധന ചെയ്തു മുന്നേറുക എന്ന അഡ്‌ഹോക്ക് ഭരണ സംസ്‌കാരത്തെ, ഒരു സഹസ്രാബ്ദ ഘട്ടത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് കേരളത്തെയാകെ ആധുനികവൽക്കരിക്കുക എന്ന ദീർഘവീക്ഷണത്തോടെയുള്ള പുതിയ ഭരണ സംസ്‌കാരംകൊണ്ടു പകരംവയ്ക്കുകയാണു ഈ ഏഴുവർഷങ്ങളിലായി ചെയ്തുപോരുന്നത്. അതിന്റെ ഭാഗമായി നവകേരളം സൃഷ്ടിക്കാനുള്ള സമഗ്രവും സുസ്ഥിരവുമായ വികസന യത്‌നത്തിലാണു നമ്മൾ. വ്യവസായ പുനഃസംഘടന, നൈപുണ്യ വികസനം, കാർഷിക നവീകരണം എന്നീ മേഖലകളിൽ ഊന്നിക്കൊണ്ടാണ് മുന്നേറുന്നത്. അവയ്‌ക്കൊക്കെ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയുമാണ്. അങ്ങനെ വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരത്തിന്റെ തലത്തിലേക്കു നമ്മുടെ സമൂഹത്തിന്റെ ജീവിതനിലവാരം സമയബന്ധിതമായി ഉയർത്തിയെടുക്കാനുള്ളതാണിത്.


നൂതന സാങ്കേതികവിദ്യാ രംഗത്ത് കാര്യക്ഷമമായ ഇടപെടലുകൾ നടത്തിക്കൊണ്ട് നൂതന സാങ്കേതികവിദ്യ, ഇലക്‌ട്രോണിക്‌സ് വ്യവസായം എന്നീ മേഖലകളിൽ മുന്നേറ്റം കൈവരിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് എറണാകുളത്ത് ഗ്രഫീൻ ഗവേഷണ കേന്ദ്രം ആരംഭിച്ചത്. ഇക്കഴിഞ്ഞ മാസമാണ് ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപനം നടന്നത്. 1,500 കോടി രൂപയാണ് അതിന്റെ നിർമാണത്തിനു ചെലവു വരിക. ശാസ്ത്രസാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളെ വ്യവസായ മേഖലയുടെ വളർച്ചയ്ക്കായി ഉപയോഗിക്കാൻ കഴിയുന്ന 4 സയൻസ് പാർക്കുകളാണ് കേരളത്തിൽ സ്ഥാപിക്കുന്നത്.


കേരളം വ്യവസായസൗഹൃദ സംസ്ഥാനമല്ല എന്ന ധാരണ തിരുത്തി. നിസാനും എയർബസും ടെക്മഹീന്ദ്രയും ടോറസും ടാറ്റാ എലക്‌സിയും സഫ്രാനും ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ കേരളത്തിൽ പ്രവർത്തനമാരംഭിച്ചു. വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് സംരംഭക വർഷം പദ്ധതി നടപ്പാക്കിയത്. ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് നമ്മൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ ലക്ഷ്യത്തെ മറികടക്കാൻ സാധിച്ചു. 1,40,000 ത്തോളം സംരംഭങ്ങളാണ് സംരംഭകവർഷം പദ്ധതിയിലൂടെ ആരംഭിച്ചിട്ടുള്ളത്. അവയിലൂടെ 8,300 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾ സമാഹരിക്കുകയും മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
അതിവേഗം നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. 2035 ഓടെ 90 ശതമാനത്തിലധികം നഗരജനസംഖ്യയുള്ള സംസ്ഥാനമായി കേരളം മാറും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇത് മനസിലാക്കിക്കൊണ്ടുവേണം നഗരഗതാഗതം, മാലിന്യനിർമാർജനം എന്നിവയടക്കമുള്ള വിഷയങ്ങളെ നാം സമീപിക്കേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്താകെ വിട്ടുവീഴ്ചയില്ലാതെ മാലിന്യസംസ്‌കരണം നടപ്പാക്കണമെന്നതാണ് സർക്കാരിന്റെ നയം. ഖര, ദ്രവ മാലിന്യങ്ങൾ, ബയോമെഡിക്കൽ മാലിന്യങ്ങൾ, ഇ-വേസ്റ്റ് എന്നിവയുടെ ശാസ്ത്രീയമായ സംസ്‌കരണം നടപ്പാക്കേണ്ടതുണ്ട്.
കേരളത്തിന്റെ കാർഷികമേഖലയുടെ വളർച്ചയ്ക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകിവരുന്നത്. അതിന്റെ ഫലമായാണ് 2018 ലെ പ്രളയം, 2019 ലെ അതിവർഷം, 2020 മുതലുള്ള കൊവിഡ് മഹാമാരി എന്നീ പ്രതിസന്ധികളെ അതിജീവിച്ച് 2021-22 ൽ 4.64 ശതമാനം വളർച്ച കൈവരിക്കാൻ നമ്മുടെ കാർഷികമേഖലയ്ക്കു കഴിഞ്ഞത്. പഴങ്ങൾക്കും പച്ചക്കറികൾക്കും താങ്ങുവില ഏർപ്പെടുത്തി രാജ്യത്തിനു മാതൃകയായി. പാലുത്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക് നമ്മൾ അടുക്കുന്നു എന്നതാകട്ടെ ശ്രദ്ധേയ നേട്ടമാണ്.


സംസ്ഥാനത്തിന്റെ കാർഷികമേഖലയിൽ വലിയ പങ്കുവഹിക്കുന്ന റബർ മേഖലയിലെ സുപ്രധാന ഇടപെടലായിരുന്നു റബർ വിലസ്ഥിരതാ ഫണ്ട്. അതിനുപുറമെ, 1,050 കോടി രൂപ ചെലവിട്ട് കേരള റബർ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം കോട്ടയത്ത് സ്ഥാപിക്കുകയാണ്. ലാറ്റക്‌സ് ഉത്പന്നങ്ങളുടെ ഒരു ഹബും സ്വാഭാവിക റബറിന്റെ സംഭരണത്തിനുവേണ്ടിയുള്ള സംവിധാനങ്ങളും ഇതിന്റെ ഭാഗമായുണ്ടാകും. ആദ്യ ഘട്ടത്തിൽ 200 കോടി രൂപയാണ് മുതൽമുടക്ക് പ്രതീക്ഷിക്കുന്നത്.
പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ലോകത്താകെയുള്ള അറിവുകളെ സ്വാംശീകരിക്കാനും അവയെ ഉത്പന്നങ്ങളും സേവനങ്ങളുമാക്കി മാറ്റാൻ നമ്മുടെ ചെറുപ്പക്കാരെ പ്രാപ്തരാക്കാനും കഴിയുന്ന നിലയിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയ പരിവർത്തനം നടത്തുകയാണ്. ഈ പുതിയ തലമുറയ്ക്കുകൂടി സ്വീകാര്യമാവുന്ന വിധത്തിൽ ഇതിനോടകംതന്നെ 900 ത്തിലധികം സർക്കാർ സേവനങ്ങളെ ഓൺലൈനായി ലഭ്യമാക്കിയിട്ടുണ്ട്. അതേസമയംതന്നെ, അവശവിഭാഗങ്ങൾക്ക് അവ പ്രാപ്യമാകുന്നു എന്നുറപ്പുവരുത്താൻ സർക്കാർ സേവനങ്ങളെ വീട്ടുപടിക്കൽ എത്തിക്കുകയുമാണ്.


പൊതുജനാരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങളെ കൂടുതൽ മികവുറ്റതാക്കുകയാണ്. കാൻസർ കെയർ സ്ട്രാറ്റജി, ജീവിതശൈലീ രോഗനിവാരണ പദ്ധതി പോലുള്ളവ യാഥാർഥ്യമാക്കിയിട്ടുണ്ട്. 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുകയാണ്. 5,409 ജനകീയാരോഗ്യ കേന്ദ്രങ്ങളും ഒരുങ്ങുകയാണ്. കോഴിക്കോട്ട് സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ അവയവ മാറ്റിവയ്ക്കലിൽ കേരളത്തിന്റെ ശേഷികളെ മെച്ചപ്പെടുത്താൻ ഉപകരിക്കും. തിരുവനന്തപുരത്തെ ലൈഫ് സയൻസസ് പാർക്കിൽ സ്ഥാപിക്കുന്ന മൈക്രോബയോം സെന്റർ ഓഫ് എക്‌സലൻസ് ആരോഗ്യരംഗത്ത് പുതിയ സാധ്യതകൾ തുറന്നുതരും.


വിജ്ഞാന സമ്പദ്ഘടനയും നൂതനത്വ സമൂഹവുമായ നവകേരളം സുസ്ഥിരവും ഉൾച്ചേർക്കലിൽ അടിസ്ഥാനപ്പെട്ടതുമായിരിക്കും. അതിന്റെ ദൃഷ്ടാന്തങ്ങളാണ് സാമൂഹികസുരക്ഷാ പെൻഷൻ, പുനർഗേഹം, പഠനമുറി എന്നിങ്ങനെയുള്ള പദ്ധതികൾ. പി.എസ്.സി നിയമനങ്ങളുടെയും തസ്തിക സൃഷ്ടിക്കലിന്റെയും കാര്യത്തിൽ റെക്കോർഡ് സൃഷ്ടിച്ചും പ്രത്യേക റിക്രൂട്ട്‌മെന്റുകൾ നടത്തി അവശവിഭാഗങ്ങളെ ചേർത്തുപിടിച്ചും ഒക്കെയാണ് നവകേരളത്തിലേക്ക് മുന്നേറുന്നത്. ആ മുന്നേറ്റത്തിൽ നാടിന്റെ സമാധാനാന്തരീക്ഷം സംരക്ഷിക്കുന്നതിനു പ്രതിജ്ഞാബദ്ധമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. അതിനുവേണ്ടി രാജ്യത്തിനുതന്നെ വഴികാട്ടിയാവുന്ന നിരവധി മുൻകൈകളാണ് ക്രമസമാധാന പാലനത്തിൽ കേരളത്തിൽ ഉണ്ടാകുന്നത്.


അമിതാധികാര സ്വേച്ഛാധിപത്യ പ്രവണതകളും വർഗീയതയുടെയും വിദ്വേഷത്തിന്റെയും ശക്തിപ്പെടലുംകൊണ്ട് കലുഷമായ ദേശീയാന്തരീക്ഷത്തിൽ പ്രത്യാശയുടെ ദ്വീപ് എന്ന നിലയിൽ ജനങ്ങൾ വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്ന സംസ്ഥാനമാണ് നമ്മുടേത്. മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളിൽ അൽപവും വിട്ടുവീഴ്ച ചെയ്യാതെയും വർഗീയതയുടെ ജനവിരുദ്ധ നീക്കങ്ങളെ ഇഞ്ചിനിഞ്ചിനു ചെറുത്തും ജനദ്രോഹ നടപടികൾക്കെതിരായ ജനകീയ ബദലുകൾ അവതരിപ്പിച്ചും കേരളം മുമ്പോട്ടുപോകും. കരുത്തോടെയുള്ള ആ മുന്നേറ്റത്തിനായി നമുക്കെല്ലാവർക്കും കൈകോർക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago