'ജനം നിസ്സഹായരായി നില്‍ക്കുമ്പോഴല്ല പഴയ വീരചരിത്രങ്ങള്‍ പറയേണ്ടത്': പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ജനങ്ങളുടെ ജീവിത പ്രയാസങ്ങളിലിടപെടേണ്ട ഭരണാധികാരികള്‍ ക്യാമ്പസ് വീരകഥകള്‍ പ്രചരിപ്പിച്ച് നടക്കുകയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഗൗരവമില്ലാത്ത കാര്യങ്ങളാണ് ചര്‍ച്ചയാക്കുന്നത്. മരം മുറി കേസില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് നീക്കം. സംസ്ഥാനത്തിന്റെ നടുവൊടിഞ്ഞു കിടക്കുമ്പോള്‍ ഭരണാധികാരികള്‍ ശ്രദ്ധിക്കാനില്ലാത്ത സ്ഥിതിയാണെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.
ആരോഗ്യ അടിയന്തരാവസ്ഥയില്‍ അത്തരം വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ട സമയത്താണ് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാകുന്നത്. ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യം ആണ് ഇത്.
കെ പി സി സി അധ്യക്ഷന്‍ എന്ന നിലയില്‍ കെ. സുധാകരന്‍ ഈ ഘട്ടത്തില്‍ ഇത്തരം വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത് ശരിയാണോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ, 'കെ. സുധാകരന്‍ വ്യക്തിപരമായി പറയേണ്ടത് അദ്ദേഹം പറയട്ടെ... പ്രതിപക്ഷം പ്രതിപക്ഷത്തിന്റെ റോള്‍ നിര്‍വഹിക്കും. ഭരിക്കുന്നവര്‍ വെറും വര്‍ത്തമാനം പറയുക മാത്രം ആണ് ' - കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റായ കെ. സുധാകരന്‍ സി.എച്ച് മുഹമ്മദ് കോയക്കെതിരെ പ്രതിഷേധിച്ചത് മുസ്ലിം ലീഗ് സപ്തകക്ഷി മുന്നണിയുടെ ഭാഗമായിരുന്ന കാലത്താണെന്നും അദ്ദേഹം പറഞ്ഞു. 'ഞാനും കണ്ണൂരില്‍ തന്നെ ആണ് പഠിച്ചത്. അന്നത്തെ കഥകള്‍ പറഞ്ഞ് തുടങ്ങിയാല്‍ എനിക്കും പറയാന്‍ ഉള്ളത് ഒരു വടക്കന്‍ വീരഗാഥ തന്നെ ആകും...പക്ഷേ ഇപ്പൊള്‍ ഞാന്‍ അതൊന്നും പറയാന്‍ ഇല്ല'- അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."