ഇന്ത്യയുടെ മില്‍ഖ
കഴിഞ്ഞ ദിവസം കൊവിഡ് കാരണം നഷ്ടമായത് ഇന്ത്യന്‍ കായികലോകത്തിന് പകരം വെക്കാനില്ലാത്ത പ്രതിഭയെയായിരുന്നു. പറക്കും സിഖ് എന്നാണ് ലോകം ഓമനപ്പേരിട്ട് 200 മീറ്ററിലും 400 മീറ്ററിലും മെഡലുകള്‍ വാരിക്കൂട്ടിയ മില്‍ഖ സിങിനെ വിളിക്കുന്നത്. ഭാര്യ മരിച്ച് ആറാം നാള്‍ തന്നെ അദ്ദേഹവും മണ്‍മറഞ്ഞു. ഒട്ടേറെ മെഡലുകളും അതിലൂടെ അഭിമാനവും സമ്മാനിച്ച് കായികലോകത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയാണ് മില്‍ഖ പറന്നകന്നത്. കൊവിഡ് ബാധിതനായിരിക്കെ കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയായിരുന്നു മുന്‍ ഇന്ത്യന്‍ ഇതിഹാസ അത്‌ലറ്റിന്റെ അന്ത്യം.
കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ താരമാണ് മില്‍ഖ സിങ്. 1958, 62 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മില്‍ഖ, ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചത് 1956ലെ മെല്‍ബണില്‍ നടന്ന സമ്മര്‍ ഒളിംപിക്‌സിലൂടെയായിരുന്നു. പിന്നീട് അടുത്ത സീസണില്‍ റോമില്‍ നടന്ന ഒളിംപിക്‌സിലും 1964ല്‍ ടോക്കിയോയില്‍ നടന്ന ഒളിംപിക്‌സിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. രാജ്യം ഇന്ത്യയുടെ നാലാമത് സിവിലിയന്‍ പുരസ്‌കാരമായ പദ്മശ്രീ നല്‍കി ആദരിച്ചു. തുടര്‍ന്ന് അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്‌തെങ്കിലും താരം നിരസിച്ചു.
യാതനകള്‍ നിറഞ്ഞ, സങ്കീര്‍ണമായ ജീവിതമായിരുന്നു മില്‍ഖാ സിങ്ങിന്റേത്. 1929 നവംബര്‍ 20ന് പാകിസ്താനിലെ മുസഫര്‍ഗഢിലെ ഗോവിന്ദ്പുര ഗ്രാമത്തിലാണ് മില്‍ഖ സിങ് ജനിക്കുന്നത്. 16 മക്കളില്‍ ഇളയവരില്‍ രണ്ടാമനായാണ് ജനനം. ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ മില്‍ഖ പട്ടിണിയും പരിവട്ടവുമായിരുന്നു കൂടെക്കൂട്ടിയത്. ഇതിനൊപ്പം ഇന്തോ-പാക് വിഭജനവും കൂടി വന്നതോടെ ബാല്യകാലത്ത് മാതാപിതാക്കളോടൊപ്പം മില്‍ഖയ്ക്ക് നഷ്ടമായത് ഏഴ് സഹോദരങ്ങളെ. ആകെ 14 സഹോദരങ്ങളാണ് മില്‍ഖയ്ക്കുണ്ടായിരുന്നത്. രോഗ ശയ്യയിലായാല്‍ പോലും മക്കളെ ശുശ്രൂഷിക്കാനുള്ള പണം പോലും മില്‍ഖയുടെ മാതാപിതാക്കളുടെ കൈയില്‍ ഉണ്ടായിരുന്നില്ല. ഇരുമുറികളുള്ള വീട്ടിലായിരുന്നു മില്‍ഖ ബാല്യകാലം കഴിച്ചു കൂട്ടിയത്. ഇവിടെ ഒരു മുറിയില്‍ ജീവിത സാമഗ്രികളും മറ്റൊരു മുറിയില്‍ മില്‍ഖയും കുടുംബവും. ഒന്നനങ്ങാന്‍ പോലും സ്ഥലമില്ലാത്ത ഇടം, ജീവിക്കുന്നതിനിടെ മില്‍ഖ ഇങ്ങനെ ഓര്‍ത്ത പല അവസരങ്ങളിലും കണ്ണീരണിഞ്ഞിട്ടുണ്ട്. കുറച്ചു കാലങ്ങള്‍ക്കു ശേഷം മൂത്ത സഹോദരന്‍ മക്കാന്‍ സിങിന് അന്നത്തെ ഇന്ത്യന്‍ ബ്രിട്ടീഷ് ആര്‍മിയില്‍ ജോലി കിട്ടിയതോടെയാണ് മില്‍ഖ സിങ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കാന്‍ പോയത്. ഒന്നും രണ്ടുമല്ല, 12 കിലോ മീറ്ററുകളോളം നഗ്നപാദനായാണ് മില്‍ഖ സ്‌കൂളില്‍ പോയിക്കൊണ്ടിരുന്നത്.
മാതാപിതാക്കളേയും മൂന്ന് സഹോദരങ്ങളെയുമാണ് വിഭജന കലാപത്തില്‍ മില്‍ഖയ്ക്ക് നഷ്ടമായത്. അന്ന് മില്‍ഖയ്ക്ക് 15 വയസായിരുന്നു. മില്‍ഖയുടെ മുന്നില്‍ വച്ചായിരുന്നു അവരുടെ മരണം. പാകിസ്താന്‍ വിഭജനത്തിന്റെ പേരില്‍ നടന്ന കലാപത്തില്‍ കുടുംബത്തിലെ ഭൂരിപക്ഷം പേരെയും നഷ്ടപ്പെട്ടതോടെ ഇന്ത്യയിലെത്തിയത് ജീവിതത്തിലെ പ്രധാവ വഴിത്തിരിവായി. അദ്ദേഹത്തിന്റെ വരവായിരുന്നു ഇന്ത്യക്ക് അത്‌ലറ്റിക്‌സിലെ സുവര്‍ണ കാലഘട്ടമായി കളിയെഴുത്തുകാര്‍ വിശേഷിപ്പിച്ചത്.
ഇന്ത്യയില്‍ വളര്‍ന്നു വലുതായ മില്‍ഖയ്ക്ക് ഒടുവില്‍ ആശ്വാസമായി പട്ടാളത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ജോലി ലഭിച്ചു. അവിടെയുണ്ടായിരുന്ന ഹവീല്‍ദാര്‍ ഗുര്‍ദേവ് സിങ്ങാണ് മില്‍ഖയെ മികച്ചൊരു സ്പ്രിന്ററാക്കിയത്.
ദിവസേന നടത്തുന്ന പരിശീലന വേളയില്‍ മില്‍ഖയുടെ വേഗതയും ശരീരപ്രകൃതിയും തിരിച്ചറിഞ്ഞ ഗുര്‍ദേവ് സിങ് 400 മീറ്റര്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു. ഇതുവഴി രാജ്യശ്രദ്ധ നേടിയ മില്‍ഖാ സിങ് പിന്നീട് ദേശീയ തലത്തില്‍ മത്സരിക്കാന്‍ തുടങ്ങി. 1965ലെ ദേശീയ അത്‌ലറ്റിക് മീറ്റായിരുന്നു ആദ്യ ചവിട്ടുപടി. ഇവിടെ അഞ്ചാം സ്ഥാനമാണ് ലഭിച്ചതെങ്കിലും പാട്യാലയില്‍ മത്സരം കാണാനെത്തിയ പാട്യാല മഹാരാജാവ് മില്‍ഖയുടെ പ്രകടനത്തില്‍ ആകൃഷ്ടനായി. തുടര്‍ന്ന് മെല്‍ബണ്‍ ഒളിംപിക്‌സിനുള്ള ദേശീയ ക്യാംപില്‍ ചേരാന്‍ നിര്‍ദേശിച്ചു.
പ്രൊഫഷനല്‍ പരിശീലനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ മില്‍ഖ കൂടുതല്‍ ഊര്‍ജസ്വലനായി ഓടിത്തുടങ്ങി. ഇതു മെല്‍ബണ്‍ ഒളിംപിക്‌സിലേക്കുള്ള വാതില്‍ തുറക്കാന്‍ പ്രേരണയായി. അങ്ങനെ ആദ്യമായി 1956ലെ ഒളിംപിക്‌സില്‍ മില്‍ഖ രാജ്യത്തിനായി ഓടി. തുടര്‍ന്ന് നടന്ന രണ്ട് ഒളിംപിക്‌സിലും രാജ്യത്തിനു വേണ്ടി ഇറങ്ങിയെങ്കിലും റോം ഒളിംപിക്‌സിലെ പ്രകടനമാണ് കായിക ചരിത്രത്തിലെ ഒരു ഏടായി മാറിയത്. അന്ന് വെറും .01 സെക്കന്റ് വ്യത്യാസത്തിലാണ് താരത്തിന് വെങ്കലമെഡല്‍ നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."