കിം ഫുകിന് വയസ് 59; 'ഇന്ന് ഞാൻ ഇരയല്ല, അതിജീവിത'; യുദ്ധത്തിൻ്റെ അവസാന പൊള്ളൽപ്പാടും നീക്കി നപാം പെൺകുട്ടി
മയാമി• ബോംബ് സ്ഫോടനത്തിൻ്റെ ചൂടിൽ കത്തിയെരിഞ്ഞ വസ്ത്രങ്ങൾ ഊരിയെറിഞ്ഞ് തെരുവിലൂടെ നഗ്നയായി അലറിക്കരഞ്ഞ് ഒാടുന്ന ഒമ്പതുവയസുകാരി. അമേരിക്കയുടെ വിയറ്റ്‌നാം അധിനിവേശത്തിന്റെ ഭീകരത മുഴുവൻ ലോകത്തെ ബോധ്യപ്പെടുത്തുന്നതായിരുന്നു ലോക പ്രശസ്ത ഫോട്ടോഗ്രാഫർ നിക് ഉട്ട് പകർത്തിയ ആ ചിത്രം. യുദ്ധത്തിന്റെ ജീവിക്കുന്ന പ്രതീകമായി മാറിയ അവൾ പിന്നീട് നാപാം പെൺകുട്ടി എന്നപേരിലാണ് അറിയപ്പെട്ടത്.
ഇപ്പോൾ 59 വയസുള്ള കിം ഫുക് ഫാൻ തി യുദ്ധത്തിൻ്റെ നടുക്കുന്ന ഒാർമകളിൽ നിന്ന് മോചിതയാവാനുള്ള ശ്രമത്തിൽ ശരീരത്തിലുണ്ടായ അവസാന പൊള്ളൽ പാടും മായ്ച്ചിരിക്കുന്നു. 1972 ജൂൺ എട്ടിനാണ് അമേരിക്ക നപാം ബോംബ് വിയറ്റ്നാമിനുമേൽ പ്രയോഗിച്ചത്. പൊടുന്നനെ പതിച്ച ബോംബ് 1,200 ഡിഗ്രി താപനിലയിൽ പൊട്ടിത്തെറിച്ചപ്പോൾ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കിമ്മിന് 30 ശതമാനമാണ് പൊള്ളലേറ്റത്. അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫർ നിക് ഉട്ട് ആണ് നിക് വസ്ത്രങ്ങൾ ഊരിയെറിഞ്ഞ് കരഞ്ഞുകൊണ്ട് ഒാടുന്ന ദൃശ്യം കാമറയിലാക്കിയത്. 1973ൽ ഈ ഫോട്ടോയ്ക്ക് പുലിറ്റ്സർ ലഭിച്ചിരുന്നു.
''ഞാനിപ്പോൾ യുദ്ധത്തിൻ്റെ ഇരയല്ല, നപാം പെൺകുട്ടിയല്ല. മുത്തശ്ശിയായി. യുദ്ധത്തിന്റെ അതിജീവിതയായി സമാധാനത്തിനായി പ്രവർത്തിക്കുന്നു.'' കിം ഇതുപറയുമ്പോൾ ഫോട്ടോഗ്രാഫർ നിക് ഉട്ടും ആശുപത്രിയിൽ ഉണ്ടായിരുന്നു. നിക് കാമറ ക്ലിക്ക് ചെയ്യുമ്പോൾ കിം ചിരിച്ചു, അവസാന അടയാളവും നീക്കാനായ ചാരിതാർഥ്യത്തിൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."