റേഡിയോ: നിറമുള്ള ഓര്‍മകള്‍
ജാലകം
പി.കെ പാറക്കടവ്
കുട്ടിക്കാലത്ത് റേഡിയോ ഒരാഡംബരമായിരുന്നു. കൗമാരകാലത്താണ് റേഡിയോ കേട്ടു തുടങ്ങുന്നത്. ശിശുലോകവും ബാലലോകവും കുട്ടികളുടെ പലവിധ പരിപാടികളുമായി അന്ന് റേഡിയോ.
അങ്ങാടിയില്‍ വാര്‍ത്ത കേള്‍ക്കാന്‍ ചെറിയൊരാള്‍ക്കൂട്ടം എന്നുമുണ്ടാവും. പ്രമുഖരാരെങ്കിലും മരിച്ചാല്‍ റേഡിയോയുടെ മുന്നിലുള്ള ആള്‍ക്കൂട്ടം വര്‍ധിച്ചുവരും-റോഡില്‍ തടസമുണ്ടാവുന്നിടത്തോളം. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അങ്ങാടിയില്‍ ഹാജിയാരുടെ ഹോട്ടലില്‍ ചായ കുടിക്കാന്‍ കൂട്ടുകാരൊന്നിച്ച് പോയ ഓര്‍മ. ഹോട്ടലിലെ റേഡിയോയിലൂടെ പാട്ട് ഒഴുകിയെത്തുന്നുണ്ട്. 'ഈശ്വരനൊരിക്കല്‍ വിരുന്നിന് പോയി. രാജകൊട്ടാരത്തില്‍ വിളിക്കാതെ....' ക്യാഷ് കൗണ്ടറില്‍ നിന്ന് ഹാജിയാര്‍ റേഡിയോ ഓഫാക്കാന്‍ നിര്‍ദേശിക്കുന്നു. പണിക്കാരിലാരോ റേഡിയോ ഓഫ് ചെയ്യുന്നു. ചായയോടൊപ്പം പാട്ടും നൊട്ടിനുണയാനെത്തിയ ഞങ്ങളുടെ മുഖത്തെ വിഷമം കണ്ട് ഹാജിയാര്‍ ചോദിക്കുന്നു 'അല്ല പടച്ചോനെ പ്പാ ബിളിക്കാണ്ട് മംഗലത്തിന് പോയത്?' ഒരു കലാസൃഷ്ടി കാണുന്നതും വായിക്കുന്നതും മാത്രമല്ല കേള്‍ക്കുന്നതും ഒരേ അര്‍ത്ഥത്തിലല്ല എന്നു പിന്നീട് വളര്‍ന്നപ്പോള്‍ ഈ കുട്ടിക്കാല സംഭവം എന്നോട് പറഞ്ഞു.
അക്കാലത്തൊക്കെ കടകളില്‍ നിന്ന് നമ്മുടെ ഗായകര്‍ റേഡിയോയിലൂടെ പാടിയതത്രയും അവിടെയെത്തുന്നവര്‍ക്കു മാത്രമല്ല വഴിപോക്കര്‍ക്കും കൂടിയായിരുന്നു. ധൃതിയില്ലാത്ത യാത്രക്കാരന്‍ നടന്നുപോകുമ്പോള്‍ റേഡിയോവില്‍ നിന്ന് തനിക്ക് പ്രിയപ്പെട്ട ഗായകന്‍ പാടിയ തന്റെ പ്രിയപ്പെട്ട പാട്ട് തീരും വരെ റോഡില്‍ കുറ്റിയിട്ടത് പോലെ നില്‍ക്കും. കാതുകള്‍ റേഡിയോവിന് കടം നല്‍കും.
ഫാറൂഖ് കോളജില്‍ പഠിക്കുമ്പോള്‍ ആസാദ് ഹോസ്റ്റലിലെ ബദാം മരത്തിനു താഴെ സിമന്റ് തിണ്ണയില്‍ സന്ധ്യയില്‍ വന്നിരുന്നു റോഡിയോയിലെ പാട്ടുകള്‍ കേള്‍ക്കുന്ന ഓര്‍മ. റേഡിയോ പരിപാടികളും പാട്ടും കേട്ടിരുന്ന കോളജിലെ നിറമുള്ള ദിനങ്ങളുടെ ഓര്‍മ.
നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങള്‍ അക്കാലത്തെ ജനപ്രീതിയാര്‍ജ്ജിച്ച ഒന്നായിരുന്നു. ആവശ്യപ്പെടുന്നവരുടെ പേരുകള്‍ റേഡിയോയില്‍ പറയുന്നുവെന്നതും പാട്ടുകള്‍ ആവശ്യപ്പെടാന്‍ ആളുകളെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്നായിരുന്നു.
പണ്ട് 10 ദിവസം നീണ്ടുനില്‍ക്കുന്ന നാടകോത്സവം ഉണ്ടായിരുന്നു. എല്ലാ വീട്ടുകാരും ജോലിയൊക്കെ തീര്‍ത്തു റോഡിയോക്ക് മുന്നില്‍ വന്നിരിക്കുന്നകാലം. നല്ല നോവലുകളുടെ നാടകാവിഷ്‌ക്കാരവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സാഹിത്യത്തില്‍ റേഡിയോ നാടകങ്ങള്‍ എന്ന ഒരു പുതിയ വിഭാഗം തന്നെയുണ്ടായി. ശബ്ദങ്ങളിലൂടെ കഥാപാത്രങ്ങളുടെ ശക്തിയും ബലഹീനതയും ആളുകളറിഞ്ഞു.
ശബ്ദത്തിലൂടെ രൂപം അവരുടെ മനസില്‍ രൂപപ്പെട്ടു. ശ്രോതാക്കളെ റേഡിയോക്ക് മുന്നില്‍ പിടിച്ചിരുത്തിയ ഒരു നാടകക്കാലം നമുക്കുണ്ടായിരുന്നു. 'ചലച്ചിത്രഗാനങ്ങള്‍ കഴിഞ്ഞാല്‍ നമ്മുടെ ശ്രോതാക്കള്‍ക്ക് പ്രിയംകരമായ പ്രക്ഷേപണപരിപാടി റേഡിയോ നാടകമാണ്. കേള്‍ക്കാന്‍ മാത്രമായുള്ള നാടകം ഇത്രയധികം ജനപ്രീതി സമ്പാദിച്ചത് ഒരത്ഭുതമാണ്. 'എന്ന് നാഗവള്ളി ആര്‍.എസ് കുറുപ്പ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കാതുകൊണ്ട് കാണുന്ന കലാശില്‍പമെന്ന് ടി.എന്‍ ഗോപിനാഥന്‍ നായര്‍ ഇതിനെവിളിച്ചു. റേഡിയോ സൃഷ്ടിച്ച ഈ കലാരൂപം കേട്ടിരുന്ന കാലത്തിന്റെ ഓര്‍മ ഇപ്പോള്‍ മനസില്‍ ശബ്ദവൈവിധ്യത്തിന്റെ സൂക്ഷ്മമായ ഉപയോഗം അത്ഭുതത്തോടെ കേട്ടിരുന്ന നിറമുള്ള നാളുകളായിരുന്നു അത്. ഖാന്‍കാവില്‍ നാരായണന്‍, രാജാ കെ. നായര്‍ തുടങ്ങി ഒരുപാട് പ്രതിഭാധനര്‍ എല്ലാവര്‍ക്കും സുപരിചിതമായ ശബ്ദങ്ങളായിരുന്നു അക്കാലത്ത്. ശബ്ദം കേട്ടുകേട്ട് മനസില്‍ ഏറ്റവും വേണ്ടപ്പെട്ടവരായി അവരൊക്കെ മാറി.
റേഡിയോ എന്നാല്‍ ഒഴുകിയെത്തുന്ന പാട്ടായിരുന്നു കുട്ടിക്കാലത്ത്. അത് കേട്ടുകേട്ടാണ് ഞങ്ങളുടെ തലമുറ വളര്‍ന്നത്. വലിയ അക്ഷരജ്ഞാനമില്ലാത്തവര്‍ പോലും പുസ്തകങ്ങള്‍ വായിക്കാത്തവര്‍ പോലും വയലാറിനെയും പി. ഭാസ്‌കരനെയും ശ്രീകുമാരന്‍ തമ്പിയെയും അറിഞ്ഞു. കവികളായി ഗാനരചയിതാക്കളായി അവര്‍ മനസില്‍ കുടിയേറി. യേശുദാസിന്റെ പാട്ടുകളടക്കം ഇത്രയേറെ പ്രചാരം നേടിയത് ജനങ്ങളുടെ ചുണ്ടില്‍ തത്തിക്കളിച്ചത് അക്കാലത്ത് റേഡിയോ വഴിയായിരുന്നു. ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍ മാഷ്, അര്‍ജുന്‍ മാഷ് തുടങ്ങിയ സംഗീതസംവിധായകരും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരായി.
കണ്ടുകണ്ടാണ് കടല്‍ വളര്‍ന്നത് എന്നു കവി പറഞ്ഞത് പോലെ കേട്ടുകേട്ടാണ് മലയാളത്തില്‍ ഗാനസാഹിത്യം വേരുപിടിച്ചത്. ടേപ് റിക്കാര്‍ഡറൊക്കെ വരുന്നതിന് മുമ്പ് റേഡിയോ തന്നെയായിരുന്നു മലയാളിയെ നല്ല പാട്ടിന്റെ കൂട്ടുകാരനാക്കിയത്. ലളിതഗാനങ്ങളിലൂടെ ഒരുപാട് എഴുത്തുകാരെയും ഗായികാ ഗായകന്മാരെയും റേഡിയോ സൃഷ്ടിച്ചു അക്കാലത്ത്.
പഴയകാലത്ത് വിവരത്തിന്റെ ഉറവിടവും വിവരം പകര്‍ന്നു തരുന്ന കണ്ണിയുമായി റേഡിയോ നിലകൊണ്ടു. വയലും വീടും സുഭാഷിതങ്ങള്‍, കൗതുകവാര്‍ത്തകള്‍, ദ്വീപ് വാര്‍ത്തകള്‍, സംസ്‌കൃതവാര്‍ത്തകള്‍-വൈവിധ്യമാര്‍ന്ന എത്രയെത്ര പരിപാടികള്‍. അന്ന് യാത്ര പോകുമ്പോള്‍ റേഡിയോ കൂടെ മറക്കാതെ നമ്മള്‍ കൈയില്‍ കരുതി. ഏകാന്തതയില്‍ ഏറ്റവും ഉറ്റച്ചങ്ങാതിക്കെന്നത് പോലെ റേഡിയോവിന് നമ്മള്‍ കാതോര്‍ക്കും. സംഗീതമായി, നാടകമായി, വാര്‍ത്തയായി, കഥയായി, കവിതയായി റേഡിയോ നമ്മോടൊപ്പമുണ്ടാകും.
സാധാരണക്കാരുടെ സര്‍വകലാശാല തന്നെയായിരുന്നു റേഡിയോ. ഒരു കൂട്ടുകാരനെപ്പോലെ, കൂട്ടുകാരിയെപ്പോലെ അത് നമ്മെ പഠിപ്പിക്കുകയാണെന്നറിയാതെ പലതും പഠിപ്പിച്ചു. കേള്‍വിയുടെ അപാരസാധ്യതയെന്തെന്ന് അത് പറയാതെ നമ്മോട് പറഞ്ഞുതന്നു. കടലിനെ ചിത്രീകരിക്കുമ്പോള്‍ കടലിന്റെ ഉപ്പ് രസം പോലും കടല്‍കാണാതെ കണ്ണടച്ചുകേള്‍ക്കുമ്പോള്‍ നമ്മുടെ ചുണ്ടുകളില്‍ നുണയാമെന്നായി. കാതുകള്‍ കണ്ണുകളേക്കാള്‍ പ്രാധാന്യമുള്ള മനുഷ്യാവയവങ്ങളായി മാറിയത് പഴയ നിറമുള്ള റേഡിയോ കാലത്താണ്. മുത്തശി മുതല്‍ പേരക്കുട്ടികള്‍ വരെ സ്വീകരണമുറിയിലെ പഴയ റേഡിയോക്ക് മുന്നിലിരുന്ന് അദൃശ്യമായി മറഞ്ഞുനില്‍ക്കുന്ന പ്രതിഭകളുടെ വാക്കുകള്‍ക്ക് കാതോര്‍ത്തിരുന്ന ഒരു നല്ല കാലത്തിന്റെ ഓര്‍മയാണ് റേഡിയോ നമുക്ക് നല്‍കുന്നത്. അവരുടെ സര്‍ഗാത്മകതയ്ക്ക് നിറവും വെളിച്ചവും നല്‍കിയത് റേഡിയോ ആയിരുന്നു. സിനിമയുടെ ശബ്ദരേഖയുണ്ടായിരുന്നു മുമ്പ്. തിയേറ്ററില്‍ പോകാത്തവര്‍ പോലും സിനിമ കേട്ട് ആസ്വദിച്ച ഒരു കാലം.
എന്റെയൊക്കെ കൗമാരയൗവനങ്ങള്‍ കടന്നുപോയ എഴുപതുകളിലും എണ്‍പതുകളിലുമൊക്കെ ഏറ്റവും ഗ്ലാമറുള്ള കലാരൂപമായിരുന്നു റേഡിയോ പരിപാടികള്‍. അന്നക്കെ ഓണപ്പകലുകളെ ധന്യമാക്കിയത് റേഡിയോയിലെ വിവിധ വൈവിധ്യമുള്ള പരിപാടികള്‍ കൂടിയായിരുന്നു. ഒ.എന്‍.വിയുടെ 'ഭൂമിക്ക് ഒരു ചരമഗീതം' അടക്കം എത്രയെത്ര നല്ല കവിതകള്‍. കവിതകള്‍ ചൊല്ലി കേള്‍ക്കാന്‍ കൂടിയുള്ളതാണെന്ന് റേഡിയോയാണ് നമ്മോട് പറഞ്ഞു തന്നത്. റേഡിയോവിന് ഒരു കാലത്ത് ലൈസന്‍സ് വേണ്ടിയിരുന്നു എന്നത് ഇന്ന് കൗതുകത്തോടെ ഓര്‍ക്കാവുന്ന ഒന്നാണ്. റേഡിയോ സ്വന്തമാക്കുക എന്നത് ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്തെ വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു.
അത്ഭുതത്തോടെ, ആദരവോടെ നോക്കിക്കണ്ട കോഴിക്കോട് ആകാശവാണി നിലയം. ജീവിതംപോലെ അറ്റം കാണാത്ത നീണ്ടുപരന്നുകിടക്കുന്ന കടലോരത്ത് ആകാശവാണി കെട്ടിടം. കടല്‍പോലെ മനസില്‍ സ്‌നേഹാദരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഉറൂബ്, തിക്കോടിയന്‍, എന്‍.എന്‍ കക്കാട്, കെ.എ കൊടുങ്ങല്ലൂര്‍ തുടങ്ങിയ മഹാരഥന്മാരുടെ കര്‍മവേദിയായിരുന്ന കോഴിക്കോട് എ.ഐ.ആര്‍.
കഥയും കാര്യവും
വീട് വൃത്തിയാക്കിക്കഴിഞ്ഞ ശേഷം വീട്ടമ്മ അയാളോട് ചോദിച്ചു:
'ഈ മാലിന്യം എവിടെക്കൊണ്ടുപോയിടും?' ഇടവഴിയില്‍, അടുത്ത വീട്ടിലെ തൊടിയില്‍, റോഡുവക്കില്‍ ഒന്നും പറ്റുന്നില്ലല്ലേ?'
അയാള്‍ സ്വീകരണ മുറിയിലെ ടി.വി സ്‌ക്രീന്‍ പൊട്ടിപ്പൊളിച്ചു പറഞ്ഞു: 'ഇതിലിട്ടോളു, സന്ധ്യ കഴിഞ്ഞാല്‍ ഇതില്‍ നിന്നല്ലേ മുഴുവന്‍ വീട്ടില്‍ നിറയുന്നത്.
(പരിഹാരം-പൂക്കുന്നതിന്റെ രഹസ്യം)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."