ബഷീര്‍ മുഴുമിക്കാത്ത വാക്കുകള്‍
ടി. മുംതാസ്
വൈക്കം മുഹമ്മദ് ബഷീറിന് ഉചിത സ്മാരകം എന്നത് ലോകമെങ്ങുമുള്ള എഴുത്തുകാരുടെ മോഹമാണ്. വിവിധ രാജ്യങ്ങളിലെ എഴുത്തുകാര്‍ അന്വേഷിച്ചെത്തുന്ന ഇടമാണ് ബഷീര്‍ വസിച്ചുവന്ന വൈലാലില്‍ വീട്. നമ്മുടെ രാഷ്ട്രീയക്കാരില്‍ പലരുടെയും പ്രസംഗങ്ങളില്‍ ഇടക്കിടെ കടന്നുവരുന്ന കഥാകാരനാണ് ബഷീര്‍. എട്ടുകാലി മമ്മൂഞ്ഞി മുതല്‍ മണ്ടന്‍ മുത്തപ്പയെ വരെ അവര്‍ എടുത്തുവീശുന്നു. 28 വര്‍ഷമായി ബഷീര്‍ സ്മാരകത്തിനു വേണ്ടിയുള്ള മുറവിളികള്‍ വായുവില്‍ മുഴങ്ങുന്നുണ്ട്; അക്ഷരങ്ങളില്‍ പതിയുന്നുണ്ട്. നിര്‍ഭാഗ്യകരമാവാം ഒരു രാഷ്ട്രീയക്കാരനും ബഷീര്‍ സ്മാരകത്തിനു വേണ്ടി ഫലപ്രദമായി ഒന്നും ചെയ്തില്ല. ആ അന്യായം തിരുത്തുകയാണ് കോഴിക്കോട്ടുകാരനും ബഷീറിന്റെ മകന് അനീസിന്റെ സുഹൃത്തുമായ വിനോദ വകുപ്പിന്റെ കൂടി ചുമതലയുള്ള പൊതുമരാമത്തു മന്ത്രി പി.എ മുഹമ്മദ് റിയാസ്. 7.37 കോടി രൂപയുടെ ആദ്യഘട്ട പണികള്‍ തുടങ്ങുകയായി ബേപ്പൂരില്‍; ബഷീറിന്റെ 28ാം ചരമ വാര്‍ഷികത്തില്‍. ഈ സാഹചര്യത്തില്‍ അനീസ് ബഷീറുമായി സുപ്രഭാതം പ്രതിനിധി നടത്തുന്ന സംഭാഷണം:
ആനയെയും ആടിനെയും വഴിയരികില്‍ വെടിപറഞ്ഞിരിക്കുന്ന ചങ്ങാതിമാരെയും വട്ടച്ചൊറിയുള്ള അര്‍ധ വയസ്സനെയും കാണുമ്പോള്‍, വായനയുള്ള ഒരാള്‍ക്ക് ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയിലെത്തും. ബഷീര്‍കഥകളില്‍ കയറിക്കൂടി വായനക്കാരുടെ ഹൃദയത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളില്‍ ചിലതാണിത്. വൈലാലില്‍ വീട്ടില്‍ മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ ചാരുകസേരയില്‍ സിഗരറ്റു പുകച്ചിരുന്ന കഥകളുടെ സുല്‍ത്താന്‍, മലയാളിമനസ്സിന്റെ മാണിക്യകൊട്ടാരത്തില്‍ നിത്യമായ ഒരു സ്മാരകമുണ്ട്. എന്നാല്‍ പുറം ലോകത്ത് അദ്ദേഹത്തിന് ഉചിതമായ ഒരു സ്മാരകമില്ല. രണ്ടരപ്പതിറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ ആ സ്വപ്നം പൂവണിയുകയാണിവിടെ. ലോകസാഹിത്യത്തിനു തന്നെ പൊന്‍തൂവലായി, ബഷീര്‍ ജീവിച്ചു മരിച്ച ബേപ്പൂരില്‍. കോഴിക്കോട്ടുകാരന് മന്ത്രി മുഹമ്മദ് റിയാസിന്റെ മുന്‍കൈയോടെ.
ഭാവനകള്‍ക്കുമപ്പുറം പച്ചയായ ജീവിതങ്ങളെ നര്‍മവും വിമര്‍ശനവും കലര്‍ത്തി അതിലളിത മലയാളത്തില്‍ കഥ പറഞ്ഞു കൊണ്ടിരുന്ന ബഷീറിനെ അനുഭവിക്കാന്‍ ഇനി ബോപ്പൂരിലെ ആകാശ മിഠായി എന്ന സ്മാരകത്തിലേക്ക് എത്തിയാല്‍ മതിയാവും. അതുല്യനായ കഥാകാരനെ, മനുഷ്യസ്നേഹിയെ കൂടുതല്‍ വായിക്കാന്‍, തൊട്ടറിയാന്‍ ഒരിടം.
കൂടെനിര്‍ത്തി ആഘോഷിക്കാം
'റ്റാറ്റയെ അടുത്തറിയാന്‍ കൊതികൊള്ളുന്ന കുട്ടികള്‍ക്ക് ആഘോഷിക്കാന്‍ സ്ഥിരമായി ഒരിടം ഒരുങ്ങുന്നതിന്റെ അത്യാഹ്ലാദത്തിലാണ് ഞങ്ങള്‍. റ്റാറ്റ കൂടുതല്‍ കൂടുതല്‍ ആഘോഷിക്കപ്പെടട്ടെ. കൂടെനിര്‍ത്തി ആഘോഷിക്കപ്പെടേണ്ട വ്യക്തിയാണ് റ്റാറ്റ, മാറിനിന്ന് ആദരിക്കപ്പെടെണ്ട ആളല്ല. സമൂഹത്തിനു വേണ്ടിയായിരുന്നല്ലോ ആ ജീവിതം'- ബഷീര്‍ സ്മാരകം വരുന്നതിനെക്കുറിച്ച് സംസാരിച്ചു തുടങ്ങുകയായിരുന്നു മകന് അനീസ് ബഷീര്‍.
ബഷീറിന്റെ കഥകള്‍ നെഞ്ചേറ്റിയ കുട്ടികള്‍ക്കും യുവാക്കള്‍ക്കും അദ്ദേഹത്തിന്റെ ചാരുകസേര, മാങ്കോസ്റ്റിന്‍ മരം, പാത്തുമ്മയുടെ ആട്, ചാമ്പ മരം... എല്ലാം കാണണം. തൊട്ടുനോക്കണം. കുട്ടികള്‍ക്ക് തലയോലപ്പറമ്പും ബേപ്പൂരും എല്ലാം ഒന്നാണ്. എട്ടുകാലി മമ്മൂഞ്ഞും ആനവാരിയനും ഏതു വഴിയാണ് നടന്നതെന്നു വരെ അവര്‍ വൈലാലില്‍ വീട്ടില്‍ വന്ന് ചോദിക്കും. ഇത്തരത്തിലുള്ളു അതിശയകരമായ ഉത്സുകതയുമായാണ് കുട്ടികള്‍ വൈലാലില്‍ വീട്ടില്‍ എത്താറുള്ളത്. റ്റാറ്റയെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന കുട്ടികള്‍ക്ക് എന്നും ആഘോഷിക്കുന്നതിന് ഒരിടമാണ് ഒരുങ്ങുന്നത്. വായനയില്‍ ലയിച്ചാല്‍ നമ്മുടെ കുട്ടികള്‍ മറ്റു അധമചിന്തകളില്‍ ചെന്ന് പെടില്ലല്ലോ? ബഷീര്‍ സ്മാരകം അത്തരത്തിലൊന്നായാല് മകനെന്ന നിലയിലുള്ള അത്യാഗ്രഹം സഫലമാവും - അനീസ് ബഷീര്‍ പറയുന്നു.
കാണാന്‍ ഉമ്മച്ചി ഇല്ലല്ലോ
ഉമ്മച്ചി (ഫാബി ബഷീര്‍)യുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു റ്റാറ്റക്ക് ഒരു സ്മാരകം എന്നത്. പക്ഷേ അത് സഫലമാകുന്നതിനു കാണാന്‍ അവര്‍ ഇല്ലല്ലോ എന്നത് വലിയ സങ്കടമാണ്. എസ്.കെ പൊറ്റെക്കാടിന്റെ സ്മാരകം കാണുമ്പോള്‍ ഉമ്മച്ചി പറയുമായിരുന്നു; റ്റാറ്റക്കും ഇതുപോലെ ഒരു സ്മാരകം വേണമെന്ന്. അവര്‍ പലരോടും ആ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.
കഥകളുടെ സുല്‍ത്താനെ അടുത്തറിയാനും കഥാപാത്രങ്ങളിലെ കൗതുകങ്ങള്‍ അന്വേഷിച്ചും ആയിരക്കണക്കിന് കുട്ടികളായിരുന്നു ഫാബി ബഷീറിന്റെ അടുത്ത് എത്തിയിരുന്നത്. അവര്‍ ചുറ്റുമിരുന്ന് പാട്ടുപാടും. ബഷീര്‍ കഥാപാത്രങ്ങളായി വേഷമിടും. ഉമ്മച്ചി അവര്‍ക്ക് പുസ്തകങ്ങളും മറ്റും സമ്മാനമായി നല്‍കും. റ്റാറ്റ വിടപറഞ്ഞതിന് ശേഷവും ഉമ്മച്ചിയുടെ ഓരോ ശ്വാസത്തിലും റ്റാറ്റയെക്കുറിച്ചുള്ള ഓര്‍മകളും പങ്കുവയ്ക്കലുകളുമായിരുന്നു. അതിനാല്‍ തന്നെ ഈ ഓര്‍മകള്‍ എന്നെന്നും നിലനിര്‍ത്താന്‍ ഒരിടം വേണമെന്നത് അവരുടെ വലിയ സ്വപ്നമായിരുന്നു. പക്ഷേ അത് യാഥാര്‍ഥ്യത്തോടടുക്കുമ്പോള്‍ കണ്ടിരിക്കാന്‍...?
ബഷീറും ഫാബിയും ഇല്ലാത്ത വൈലാല്‍
റ്റാറ്റ ഉള്ളപ്പോള്‍ വൈലാലില്‍ വീട്ടില്‍ എപ്പോഴും സന്ദര്‍ശകരുടെ തിരക്കായിരുന്നു. കുട്ടിക്കാലം മുതല്‍ കാണുന്നതാണത്. മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ ചാരുകസേരയില്‍ ഒറ്റമുണ്ടുടുത്ത് സിഗരറ്റു പുകച്ച് ഗ്രാമഫോണില്‍ നിന്നുള്ള പാട്ടുകേട്ട് ഗൗരവഭാവത്തില്‍ ഒരിരുത്തമുണ്ട്. സന്ദര്‍ശകരെല്ലാം ചുറ്റുമുണ്ടാവും. ചൂടേറിയ പല ചര്‍ച്ചകളുമായിരിക്കും അവിടെ.
മരണശേഷവും സന്ദര്‍ശകരുടെ ഒഴുക്ക് നിലച്ചിരുന്നില്ല. അവരെ സ്വീകരിക്കാന്‍ സദാസമയവും ഉമ്മച്ചി ഉമ്മറത്തുണ്ടാവുമായിരുന്നു. ഉമ്മച്ചി മരിച്ചശേഷം ഞങ്ങള്‍ മക്കള്‍ക്കും അവിടെ വരുന്നവര്‍ക്കും വേദനിപ്പിക്കുന്ന നാളുകളായിരുന്നു. വൈലാലില്‍ വീട്ടില്‍ അവരെ സ്വീകരിക്കാന്‍ രണ്ടു പേരുമില്ലല്ലോ.
ഞാനും ഭാര്യയും ജോലിയുള്ളവരായതുകൊണ്ട് ഞായറാഴ്ചകളിലേ വീട്ടില്‍ കാണൂ. പലരും പരാതി പറയും, ഫാബിത്ത ഉണ്ടായിരുന്നെങ്കില്‍ തങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വൈലാലില്‍ വരാമായിരുന്നു എന്ന്. റ്റാറ്റക്ക് ഒരു സ്മാരകം വരുന്നതോടെ സന്ദര്‍ശകരുടെ ഈ പ്രതിസന്ധിയും ഒഴിവാകുമല്ലോ.
സാംസ്കാരിക ടൂറിസം
ഒമ്പതാം ക്ലാസില്‍ പഠിക്കുന്നകാലം കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍നിന്നു ഒളിച്ചോടിയ ബഷീര്‍, സ്വാതന്ത്ര്യസമര സേനാനിയായും സന്യാസി, സൂഫി, പത്രാധിപര്‍, പാചകക്കാരന് എന്നിങ്ങനെ പലപല വേഷപ്പകര്‍ച്ചകള്‍ക്കു ശേഷമാണ് കഥകളുടെ ഉരുവുമായി കോഴിക്കോട് ബേപ്പൂരില്‍ നങ്കൂരമിട്ടത്. കോഴിക്കോട്ടുനിന്ന് ജീവിത പങ്കാളിയെ കണ്ടെത്തിയത് ഒരു നിയോഗമാവുകയും ചെയ്തു.
ബേപ്പൂരില്‍ ചാലിയാറിന് തീരത്തായി സാംസ്കാരിക ടൂറിസത്തിന് ഏറെ അനുയോജ്യമായ ഇടത്താണ് ബഷീര്‍ സ്മാരകം ഉയരുന്നത്. ബേപ്പൂര്‍ ബിസി റോഡില്‍ കമ്മ്യൂണിറ്റി ഹാള്‍ പൊളിച്ചുമാറ്റിയാണ് സ്മാരകം പണിയുക. ഹാളിന്റെ തെക്കുഭാഗത്ത് കോര്‍പറേഷന്റെ കൈവശമുള്ള 82.69 സെന്റ് സ്ഥലവും സമീപത്തെ 14 സെന്റ് സ്ഥലവും ഇതിനായി ഏറ്റെടുക്കും.
കള്‍ച്ചറല്‍ സെന്റര്‍, ഗവേഷണ കേന്ദ്രം, ബഷീര്‍ മ്യൂസിയം, സാംസ്കാരിക പരിപാടികള്‍ക്കായുള്ള ഹാളുകള്‍, ആംഫി തിയറ്റര്‍, ഓപ്പണ്‍ എയര്‍ പച്ചത്തുരുത്തുകള്‍, എക്സിബിഷന് സെന്റര്‍, ബഷീര്‍ കഥാപാത്രങ്ങളുടെ മിനിയേച്ചറുകള്‍, കുട്ടികള്‍ക്കു വേണ്ടി അക്ഷരത്തോട്ടം, ബഷീറിന്റെ കൃതികളും ബഷീറിനെക്കുറിച്ചുള്ള കൃതികളും വിവര്‍ത്തന കൃതികളും അടങ്ങിയ ഗ്രന്ഥാലയം എന്നിവയെല്ലാം അടങ്ങിയ സമഗ്ര സാംസ്കാരിക സമുച്ചയമായിരിക്കും ഉയരുക.
പൂമുഖത്തു തന്നെ ബഷീറിന്റെ പ്രശസ്തമായ ചാരുകസേരയും ഗ്രാമഫോണും മാങ്കോസ്റ്റിനുമുണ്ടാകും. കഥകളുടെ സുല്‍ത്താന്‍ ലഭിച്ച പുരസ്കാരങ്ങള്‍, അദ്ദേഹത്തിന്റെ കൃതികള്‍, കൈയെഴുത്ത് പ്രതികള്‍, ഫോട്ടോകള്‍ എല്ലാം നേര്കാഴ്ചകളായുണ്ടാകും.
കഥാപാത്രങ്ങളുടെ വേഷങ്ങള്‍ സ്മാരകത്തില്‍ തയാറാക്കിവയ്ക്കുന്നതും ആലോചിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന കഥയിലെ മുഹൂര്‍ത്തങ്ങള്‍ അവതരപ്പിച്ച് വിഡിയോ എടുത്ത് പോവാം. ബഷീറിനെ സ്നേഹിക്കുന്ന കുട്ടികള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും സന്തോഷമുള്ള കാര്യമായിരിക്കും.
വൈലാലിലെ ഒത്തുകൂടുല്
ഓരോ ജൂലൈ അഞ്ചിനും വൈലാലില്‍ വീടും പറമ്പും ജനസാഗരമായിരിക്കും. ബഷീറിനെ സ്നേഹിക്കുന്നവര്‍ക്ക് ആ ദിവസം അവിടെ വരാതിരിക്കാന്‍ കഴിയില്ല. യാദൃച്ഛികമായി സംഭവിച്ചതാണ് ആ ഒത്തുകൂടല്‍. റ്റാറ്റ മരിക്കുമ്പോള്‍ എനിക്ക് വയസ് 22. ഒന്നാം ചരമവാര്‍ഷികദിനത്തില്‍ ബഷീര്‍ കൃതികള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഡോ. റൊണാള്‍ഡ് ആഷര്‍ വന്നിരുന്നു. ആദ്ദേഹത്തിന്റെ കൂടെ കുറച്ചു പേരും വന്നു. പത്തമ്പത് പേര് അല്ലാതെയും എത്തി. അന്ന് കുറേ ഓര്‍മകള്‍ പങ്കുവച്ചു. തങ്ങള്‍ക്ക് എല്ലാവര്‍ഷവും ഈ ദിവസം ഇവിടെ വന്ന് ഇരിക്കാന്‍ അവസരം വേണമെന്ന് അന്ന് ആരോ ഒരാള്‍ ആവശ്യപ്പെട്ടു. ഞാന്‍ സന്തോഷത്തോടെ അത് സമ്മതിച്ചു. പിന്നീട് എല്ലാ വര്‍ഷവും മുടക്കമില്ലാതെ അത് നടന്നുവരുന്നു. ഓരോ വര്‍ഷവും ആളുകളുടെ എണ്ണം കൂടിക്കൂടിക്കൊണ്ടിരുന്നു. കൊവിഡിന് തൊട്ടുമുമ്പത്തെ വര്‍ഷം 70 ല്‍ അധികം സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് വൈലാലില്‍ എത്തിയത്. കൊവിഡ് നിയന്ത്രണങ്ങളെല്ലാം നീങ്ങിയതുകൊണ്ട് ഈ വര്‍ഷവും ധാരാളം സ്കൂളുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.
സര്‍ക്കാര്‍ കലണ്ടറില്‍ ബഷീര്‍ ദിനം ഇല്ലെങ്കിലും വിദ്യാര്‍ഥികളുടെ ഹൃദയ കലണ്ടറില്‍ അത് ഉണ്ട്. വരാന്‍ പറ്റാത്ത സ്കൂളുകള്‍ക്ക് അവരുടെ സ്കൂളിന്റെ പേരു പറഞ്ഞു ഞാനും സഹോദരി ഷാഹിനയും ബഷീര്‍ ദിനത്തെക്കുറിച്ച് വിഡിയോ ചെയ്തുകൊടുക്കും. അദ്ദേഹത്തിന്റെ മക്കളായതുകൊണ്ട് മാത്രം ഞങ്ങള്‍ കൂടി ആഘോഷിക്കപ്പെടുകയാണിവിടെ.
വാക്കുപാലിച്ച്,
ആകാശ മിഠായി
മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്റെ സുഹൃത്താണ്. കൊവിഡ് കാലത്ത് വെറുതെ ഇരിക്കുന്ന സമയത്ത് ഒരു ദിവസം ഞാനും റിയാസും സാംസ്കാരിക കേന്ദ്രം സ്വപ്നമായി അവശേഷിക്കുന്നതിനെക്കുറിച്ച് കുറെയധികം സംസാരിച്ചിരുന്നു. അന്ന് റിയാസ് മന്ത്രിയൊന്നുമല്ല. റിയാസ് അധികാരത്തില്‍ വരുകയാണെങ്കില്‍ റ്റാറ്റക്ക് ബേപ്പൂരില്‍ മികച്ചൊരു സ്മാരകം ഉയരണമെന്ന് ഞാനന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പിന്നീടാണ് റിയാസ് എം.എല്‍.എയും മന്ത്രിയുമെല്ലാമാവുന്നത്. ആ വാക്ക് അദ്ദേഹം പാലിച്ചു.
ലോകം മുഴുക്കെ ആദരിക്കുന്ന അതുല്യപ്രതിഭയായിട്ടും 28 കൊല്ലത്തോളം മാറിമാറി വന്ന ഒരു സര്‍ക്കാരും ഈ ദൗത്യം ഏറ്റെടുക്കാന്‍ താല്‍പ്പര്യം കാണിച്ചില്ല. 2008ല്‍ സ്മാരകത്തിന് പ്രത്യേക സമിതി രൂപവത്കരിക്കുകയും 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥലം കണ്ടെത്താന്‍ പോലുമാവാതെ അത് സര്‍ക്കാരിലേക്ക് തന്നെ മടങ്ങി. അത്തരമൊരു സ്മാരകമാണ് യാഥാര്‍ഥ്യമാവാന്‍ പോവുന്നത്. ആകാശ മിഠായി എന്ന പേരിലാണ് പുതിയ സ്മാരകം ടൂറിസം വകുപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.
സനേഹനിധി
റ്റാറ്റയുടെ കൂടെ ജീവിച്ചതിനേക്കാള്‍ കൂടുതല്‍ കാലം അദ്ദേഹം മരിച്ചശേഷം ഞാന്‍ ജീവിച്ചു. എന്നിട്ടും മരിച്ചപോലെ തോന്നാറില്ല. ഏതോ ഒരു മീറ്റിങ്ങിന് പോയ പോലെയാണ് തോന്നാറ്. ആളുകള്‍ നിരന്തരം അദ്ദേഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണല്ലോ?. നിയമഭയില്‍ വരെ ബഷീര്‍ കഥാപാത്രങ്ങളെ താരതമ്യപ്പെടുത്തിയാണ് വാഗ്വാദങ്ങള്‍ നടക്കുന്നത്. അപ്പോള്‍ വാപ്പ നിയമസഭാ സമ്മേളനത്തിലിരുന്ന് ചിരിക്കുന്നത് പോലെ ഒക്കെ എനിക്ക് തോന്നും. ദേഹം മാത്രമേ വിട്ടുപോയിട്ടുള്ളു എന്നാണ് എന്നും തോന്നാറ്.
ഉമ്മച്ചിയെ കളിയാക്കലായിരുന്നു റ്റാറ്റയുടെ പ്രധാന വിനോദങ്ങളില്‍ ഒന്ന്. സന്ദര്‍ശകര്‍ വന്നാല്‍ എടിയേ... എന്ന് നീട്ടി വിളിക്കും. വരാന്‍ വൈകിയാല്‍ പറയും അവള് പല്ലു വെക്കുകയായിരുക്കും. പല്ലൊക്കെ പോയിട്ടുണ്ട് ... അതാ മിണ്ടാത്തത്. ആ തമാശകള്‍ ഞങ്ങളും ഏറെ ആസ്വദിക്കുമായിരുന്നു. ഇടയ്ക്കൊക്കെ ഞങ്ങള്‍ മക്കളും റ്റാറ്റയെ കളിയാക്കും. 'പൈങ്കിളിക്കഥകള്‍ എഴുതി നടക്കുന്ന പൈങ്കിളി' എന്നൊക്കെ ഞാന്‍ കളിയാക്കും. കേള്‍ക്കുമ്പോള്‍ പോടാ എന്നൊക്കെ പറഞ്ഞ് ഓടിക്കും. ഞാന്‍ കുറച്ച് മാറിനിന്ന് നോക്കുമ്പോള്‍ അദ്ദേഹം ചിരിക്കുന്നുണ്ടാവും. ഞാനത് അറിഞ്ഞതായി ഭാവിക്കില്ല. പക്ഷേ കളിയാക്കുന്നത് ഇഷ്ടപ്പെടുന്നുണ്ട് എന്ന് ഞങ്ങള്‍ക്ക് പരസ്പരം അറിയമായിരുന്നു.
ഞാന്‍ വളരെ വൈകി ജനിച്ച മകനായതുകൊണ്ട് വാപ്പാന്റെ പിന്നാലെ തന്നെ നടക്കുമായിരുന്നു. പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും കൂടെ പോവും. വേദിയില്‍ സംഘാടകര്‍ എനിക്കായി ഒരിരിപ്പിടം കരുതിവയ്ക്കുമായിരുന്നു. ഒ.വി വിജയും മറ്റും ഇരിക്കുന്ന വേദികളില്‍ തന്നെ 10 വയസ്സ് മാത്രം പ്രായമുള്ള എനിക്കും സീറ്റുണ്ടാവും.
രസകരമായ കുറേ കഥകളും അന്നുണ്ടാവുമായിരുന്നു. ഡി.സി ബുക്സിന്റെ പരിപാടികളില്‍ അന്ന് നറുക്കെടുപ്പിലൂടെ 10 പേര്‍ക്ക് പുസ്തകം നല്‍കുമായിരുന്നു. കോട്ടയത്ത് ഒരു പരിപാടില്‍ ആരു നറുക്കെടുക്കും എന്ന് ചോദിച്ചപ്പോള്‍ എന്‍.വി കൃഷ്ണവാര്യര്‍ പറഞ്ഞു; അനീസ് മോന് ഇവിടെ ഉണ്ടല്ലോ. അവന് എടുക്കട്ടെ. അന്ന് നറുക്കെടുത്തപ്പോള്‍ പുനലൂര്‍ രാജന് കിട്ടയത് തത്തമ്മയുടെ ആകാശ യാത്ര എന്ന പുസ്തകം. പുസ്തകത്തിന്റെ പേരു വായിച്ചതും സദസ്സില്‍ നിന്ന് ഒരു കൂട്ടച്ചിരിയായിരുന്നു.
പാലക്കാട് എന്‍ജിനീയറിങ് കോളജില്‍ പഠിക്കുമ്പോള്‍ രണ്ടും മൂന്നും ആഴ്ച കൂടുമ്പോഴായിരുന്നു വീട്ടില്‍ വന്നിരുന്നത്. അപ്പോഴേക്കും റ്റാറ്റക്ക് വയ്യാതായിത്തുടങ്ങിയിരുന്നു. ഞാന്‍ വീട്ടില്‍ നിന്നു വിട്ടുനില്‍ക്കുന്നതിന്റെ വിഷമവും അദ്ദേഹത്തിനുണ്ടായിരുന്നു. പുറപ്പെടുമ്പോള്‍ ചോദിക്കും, എപ്പോഴാ വരുക എന്ന്. ഞാന്‍ പറയും; രണ്ടാഴ്ച ആവുമ്പോള്‍ വരാമെന്ന്. അപ്പോള്‍ പറഞ്ഞു; 14ാം ദിവസം ഞാന്‍ കാത്തിരിക്കും... വാക്കുകള്‍ മുഴുമിക്കാന്‍ കഴിഞ്ഞില്ല; അനീസ് ബഷീറിന്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."