വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍ കസ്റ്റഡിയില്‍
കൊല്ലം: ശാസ്താംകോട്ട ശാസ്താംനടയില്‍ വിസ്മയ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവായ കിരണ്‍ പൊലിസ് കസ്റ്റഡിയില്‍. മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണിനെ പോലിസ് ചോദ്യം ചെയ്യുകയാണ്.
കിരണ്‍ തന്നെ പൊലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇതുവരെ സംഭവത്തില്‍ കേസെടുത്തിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം എന്താണ് മരണകാരണം എന്ന് വ്യക്തമായ ശേഷം കേസെടുക്കാനാണ് തീരുമാനം. വിസ്മയ മരിച്ചതിന് ശേഷം കിരണ്‍ ഒളിവിലായിരുന്നു. യുവതിയുടെ സംസ്‌കാരം കഴിഞ്ഞ ശേഷമാണ് കിരണ്‍ പൊലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.
മകളെ കൊന്നു കെട്ടിത്തൂക്കിയതാണെന്ന ആരോപണവുമായി വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ രംഗത്തെത്തി. കാറു വില്‍ക്കണമെന്നാവശ്യപ്പെട്ട് വിസ്മയയെ കിരണ്‍ മര്‍ദ്ദിക്കുമായിരുന്നുവെന്ന് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.
മൂന്നു മാസമായി മകള്‍ക്കു നേരെ കടുത്ത മര്‍ദ്ദനമായിരുന്നു. കടയ്ക്കലിലെ സ്വന്തം വീട്ടിലേക്ക് വന്നെങ്കിലും പിന്നീട് വിസ്മയ വീണ്ടും ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങി. കടയ്ക്കലിലെ വീട്ടിലും കിരണ്‍ മകളെ തല്ലിയെന്നും അച്ഛന്‍ പറഞ്ഞു. വിവരമറിഞ്ഞെത്തിയ എസ്.ഐയേയും കൈയേറ്റം ചെയ്തു. മര്‍ദ്ദനമേറ്റ ചിത്രങ്ങള്‍ മകള്‍ അയച്ചത് പോലിസിനും വനിതാ കമ്മിഷനും കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിസ്മയയെ ശാസ്താംകോട്ട ശാസ്താംനടയിലെ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. മകളെ ഭര്‍ത്താവ് കിരണ്‍കുമാര്‍ കൊലപ്പെടുത്തിയത് തന്നെയാണെന്നാണ് പിതാവിന്റെയും സഹോദരന്റെയും ആരോപണം. 2020 മെയ് 31 നായിരുന്നു വിസ്മയയും കിരണ്‍കുമാറും തമ്മിലുള്ള വിവാഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."