കോഴയും കോടിയും ബി.ജെ.പിയും
ടി.കെ ജോഷി
കേരളത്തിലെ ബി.ജെ.പിയുടെ പ്രവര്‍ത്തനത്തില്‍ ഓഡിറ്റിങ് വേണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ടതാണ് പുതിയ വാര്‍ത്ത. ഇതുവരെ ഇവിടുത്തെ നേതാക്കള്‍ പരിധിക്കുള്ളില്‍ വന്നിട്ടില്ലെന്ന് ആര്‍.എസ്.എസ് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ഒരു ഘടകമെന്ന നിലയില്‍ വര്‍ഷങ്ങളായി ഓരോ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുവരെ തലയുയര്‍ത്തിയും പിന്നീട് കുറച്ചുകാലം തലതാഴ്ത്തിയും നടന്നിരുന്ന ബി.ജെ.പിയുടെ പ്രവര്‍ത്തനം ഇനി ഇങ്ങനെയൊന്നും പോരായെന്ന് ഞായറാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ബൈഠക്കില്‍ സംഘ്പരിവാറുകാര്‍ വിലയിരുത്തിയിരിക്കുന്നുവെന്ന് വരുത്തിതീര്‍ക്കാന്‍ ഈ വാര്‍ത്ത കൊണ്ടാകുമായിരിക്കും. എന്നാല്‍ ഇത് യാഥാര്‍ഥ്യവുമായി എത്രമാത്രം അകന്നു നില്‍ക്കുന്നുവെന്ന് ഓരോ രാഷ്ട്രീയവിദ്യാര്‍ഥിക്കും അറിയാം. നിയന്ത്രിക്കാനാളില്ലാത്ത ഒരു പാര്‍ട്ടിയാണ് കേരളത്തിലെ ബി.ജെ.പിയെന്ന് ഇപ്പോഴാണ് ആര്‍.എസ്.എസിന് തിരിച്ചറിഞ്ഞതെങ്കില്‍ ഈ തിരിച്ചറിവ് ഇവിടുത്തെ വോട്ടര്‍മാര്‍ക്ക് നേരത്തെ ഉണ്ടായിരുന്നു. അതാണ് ഏറ്റവും ഒടുവിലത്തെ നിയമസഭാ തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നെതന്നും കാണാതെ പോകരുത്.
കോടികളുടെ കുഴല്‍പ്പണ ആരോപണം മാത്രമല്ല, കുഴല്‍പ്പണക്കേസിന്റെ പ്രതിസ്ഥാനത്തു അടുത്തുവരെ സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം എത്തിനില്‍ക്കുമ്പോള്‍ അവര്‍ക്കെതിരേയൊന്നും പാര്‍ട്ടിതലത്തില്‍ അന്വേഷണമോ നടപടിയോ ഇല്ലാതെ വീണ്ടും പ്രവര്‍ത്തനത്തില്‍ നിരീക്ഷണം എന്നും മറ്റും പറഞ്ഞ് ഒളിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് സ്വന്തം അണികളില്‍ നിന്നുമാത്രമാണെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടത് ആ പാര്‍ട്ടിയുടെ കേന്ദ്രനേതാക്കള്‍ക്കു തന്നെയാണ്. തോല്‍വിയുടെയും ആരോപണങ്ങളുടെയും പേരില്‍ ഡല്‍ഹിക്ക് വിളിപ്പിക്കപ്പെട്ട സംസ്ഥാന അധ്യക്ഷനെ താക്കീതു നല്‍കി തിരിച്ചയക്കാന്‍ കേന്ദ്രനേതൃത്വം തയാറായത് ഇനിയൊരു തോല്‍വികൂടി താങ്ങാനുള്ള കരുത്ത് കേരളത്തിലെ പാര്‍ട്ടിക്കില്ലെന്ന തിരിച്ചറിവിലാണ്, അല്ലാതെ സുരേന്ദ്രന് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്തതല്ലെന്ന് ഏത് ബി.ജെ.പിക്കാരനുമറിയാം.
ബ്രണ്ണന്‍ കോളജിലെ കൗമാര ചാപല്യ കഥകളുടെ വീമ്പുപറച്ചിലുമായി മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും കേരള രാഷ്ട്രീയത്തില്‍ കത്തിക്കയറിയപ്പോള്‍ താല്‍ക്കാലികമായിട്ടെങ്കിലും കാട്ടിലൂടെ സി.പി.ഐയും റോഡിലൂടെ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമാണ് രക്ഷപ്പെട്ടിരിക്കുന്നത്. തൃശൂര്‍ കൊടകര ദേശീയപാതയില്‍ മൂന്നരക്കോടിയുടെ കുഴല്‍പ്പണം കവര്‍ച്ച ചെയ്ത കേസിന്റെ അന്വേഷണം എത്തിനിന്നത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലേക്കായിരുന്നു. ബി.ജെ.പിയുടെ തൃശൂര്‍ ജില്ലാ നേതാക്കളെയും ആലപ്പുഴ ജില്ലാ ട്രഷററേയും സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയേയുമെല്ലാം അന്വേഷണസംഘം ചോദ്യം ചെയ്തു. പാര്‍ട്ടിയിലെ കൃഷ്ണദാസ് പക്ഷം അര്‍ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയതാണ് തെരഞ്ഞെടുപ്പു ഫണ്ടിന്റെ വിനിയോഗത്തിന് മറ്റ് കമ്മിറ്റികള്‍ ഒന്നുമില്ലെന്നും പ്രസിഡന്റും സംഘടനാ സെക്രട്ടറിയും നേരിട്ടാണ് കൈകാര്യം ചെയ്തതെന്നും. പ്രസിഡന്റ് മാത്രമല്ല, മകനും ഫണ്ട് വിനിയോഗത്തില്‍ ഇടപെട്ടുവെന്നാണ് പിന്നീട് പുറത്തുവന്ന വിവരം. അതെന്തുമാകട്ടെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായിട്ട് എത്തിയ കുഴല്‍പ്പണത്തിന്റെ ചെറിയ ഒരംശമാണ് കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടതെന്നും ഇതിനു കെ. സുരേന്ദ്രനുമായി ബന്ധമുണ്ടെന്നും അന്വേഷണസംഘത്തിന് വിവരം കിട്ടിയിട്ടും അന്വേഷണത്തിന് വേഗം പോരായെന്ന് പറയേണ്ടിവരും.
വോട്ടര്‍മാര്‍ക്ക് പണം നല്‍കി വോട്ട് മറിക്കാനുള്ള ശ്രമം ഇതിനു മുന്‍പും നടന്നിട്ടുണ്ട്. എന്നാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനും സ്ഥാനാര്‍ഥിയാകാനും കോഴ നല്‍കിയും ബി.ജെ.പി തെരഞ്ഞെടുപ്പു അട്ടിമറി നടത്തിയെന്ന വസ്തുതയും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ അപരനായിട്ടുള്ള ബി.എസ്.പി സ്ഥാനാര്‍ഥി കെ. സുന്ദരയ്ക്ക് പത്രിക പിന്‍വലിക്കാന്‍ കെ. സുരേന്ദ്രന്‍ കോഴ നല്‍കിയത് രണ്ടരലക്ഷവും സ്മാര്‍ട്ട് ഫോണുമാണെങ്കില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ സി.കെ ജാനുവിന് സ്ഥാനാര്‍ഥിയാകാന്‍ നല്‍കിയത് 10 ലക്ഷമാണ്. രണ്ടിടത്തും പൊലിസ് അന്വേഷണം നടക്കുന്നുണ്ട്. ഈ കൊവിഡ് കാലത്ത് പാര്‍ട്ടി അണികളില്‍ നിന്നും അനുഭാവികളില്‍ നിന്നും ഫണ്ട് പിരിച്ച് കോഴയും കൈക്കൂലിയും നല്‍കി ഒരു പാര്‍ട്ടിക്കും തെരഞ്ഞെടുപ്പിനെ നേരിടാനാവില്ല. അപ്പോള്‍ ഒരു കാര്യം വ്യക്തമാണ്. കേന്ദ്രത്തിന്റെ ഭരണസ്വാധീനത്തിലൂടെ ഒഴുകിയെത്തിയ കോടിക്കണക്കിന് കുഴല്‍പ്പണമായിരിക്കാം ബി.ജെ.പി ഇവിടെ പൊടിച്ചത്. എത്തിയ കോടികള്‍ വകമാറിയത് ഏതാനും നേതാക്കളുടെ കീശയിലേക്ക് മാത്രമാണ്. ഇത് ബി.ജെ.പിയുടെ ആഭ്യന്തരവിഷയം മാത്രമാണെന്ന് വിലയിരുത്തി സര്‍ക്കാരോ അന്വേഷണ ഏജന്‍സികളോ പിന്നോട്ടുപോയാല്‍ ക്രമസമാധാന വിഷയം കൂടിയാകും നേരിടേണ്ടിവരിക. കാരണം നിലവിലുള്ള നേതൃത്വത്തിനെതിരേയുള്ള അന്വേഷണങ്ങളിലൂടെ വസ്തുതകള്‍ പുറത്തുവരണമെന്നും അത് പാര്‍ട്ടിയില്‍ ശുദ്ധീകരണത്തിനിടയാക്കുമെന്നും ഉറച്ചുവിശ്വസിക്കുന്ന പ്രബല വിഭാഗം ഇപ്പോഴും ബി.ജെ.പിയിലുണ്ട്. അതിനാല്‍ പൊളിച്ചെഴുത്ത് നടന്നില്ലെങ്കില്‍ വാടാനപ്പള്ളി തൃത്തല്ലൂരിലുണ്ടായതുപോലുള്ള കത്തിക്കുത്ത് അവിടെ മാത്രം ഒതുങ്ങിയേക്കില്ല.അത് കാണാതെ പോകരുത് ആര്‍.എസ്.എസും കേന്ദ്ര നേതൃത്വവും കേരളാ സര്‍ക്കാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."