ശബരിമല പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ: ഹൈക്കോടതി കേസെടുത്തു
ശബരിമല പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ: ഹൈക്കോടതി കേസെടുത്തു
കൊച്ചി: ശബരിമല പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചുകയറി പൂജ നടത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ടു നല്‍കാന്‍ പത്തനംതിട്ട ജില്ലാ പൊലിസ് മേധാവിക്കും പെരിയാര്‍ വെസ്റ്റ് ഡിവിഷന്‍ വനം ഡെപ്യൂട്ടി ഡയറക്ടര്‍ക്കും കോടതി നിര്‍ദേശം നല്‍കി. ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി അജിത് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്.
സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സമയം തേടിയതിനെത്തുടര്‍ന്ന് ഹരജി നാളെത്തേക്ക് മാറ്റി. പൊന്നമ്പലമേട്ടിലെ കല്‍ത്തറയില്‍ അതിക്രമിച്ചു കയറി പൂജ നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയതു ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ വിശ്വാസത്തെ ബാധിക്കുന്ന കാര്യമാണെന്നും ഹൈക്കോടതി ഇടപെടണമെന്നുമാണ് ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."