എ.കെ.ജി സെന്റര്‍ ആക്രമണം: മൂന്നാംദിനവും പ്രതിയെ കണ്ടെത്താനാകാതെ പൊലിസ്, ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു
തിരുവനന്തപുരം: എ.കെ.ജി സെന്ററിനുനേരെ സ്ഫോടവസ്തു എറിഞ്ഞ സംഭവത്തില്‍ മൂന്നാംദിനവും ഇരുട്ടില്‍ തപ്പി പൊലിസ്. ആരെയും പിടികൂടാനാകാതെ വലയുകയാണ് പൊലിസ്. 15സംഘം തിരഞ്ഞ് അന്വേഷണം നടത്തിയിട്ടാണ് ഈ ഗതികേട്. അതേ സമയം എ.കെ.ജി സെന്ററിനു കല്ലെറിയുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടുത്തതും വെറുതെയായി. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പ്രതിയാക്കുകയാണ് പൊലിസെന്നാണ് പൊലിസിനെതിരെ സമൂഹമാധ്യമങ്ങളില്‍ നിറയുന്ന പരിഹാസം. ഒടുവില്‍ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി ഈ യുവാവിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
അന്തിയൂര്‍കോണം സ്വദേശിയായ റിജുസച്ചുവിനെ ചുറ്റിപ്പറ്റിയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പൊലിസ് അന്വേഷണം. പ്രതിയെകുറിച്ച് സൂചന കിട്ടിയിട്ടുണ്ടെന്ന് മാധ്യമങ്ങളോട് എ.ഡി.ജി.പി വിജയ് സാക്കറേ വ്യക്തമാക്കിയതും ഇയാളെ കുറിച്ചായിരുന്നു. അതാണ് പരിഹാസ്യമായി തീര്‍ന്നിരിക്കുന്നത്.
സംഭവം നടന്നപ്പോള്‍ ഇയാള്‍ പരിസരത്ത് വന്നില്ലെന്ന് മൊബൈല്‍ ടവര്‍ പരിശോധനയില്‍ തെളിഞ്ഞു. ഇതോടെയാണെ ഇയാളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചത്. ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കിയാണ് സ്റ്റേഷന് ജാമ്യത്തില്‍ റിജുവിനെ വിട്ടയച്ചത്. എ.കെ.ജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ പോസ്റ്റിട്ടിരുന്നു. ഇതിന് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ സി.സി.ടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്കൂട്ടറുകാരന് അക്രമിയല്ലെന്നും പൊലിസ് വ്യക്തമാക്കുന്നു. അക്രമം ഉണ്ടാകുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം ഈ സ്കൂട്ടര്‍ എ.കെ.ജി സെന്ററിന് മുന്നിലൂടെ പോയിരുന്നു. നഗരത്തില്‍ തട്ടുകട നടത്തുന്ന ഒരാളാണ് ഇതെന്ന് തിരിച്ചറിഞ്ഞതായും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."