രാമനാട്ടുകരയില്‍ ബൊലേറോയില്‍ ലോറിയിടിച്ച് അഞ്ചുപേര്‍ മരിച്ചു, സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന; അപകടത്തില്‍ ദുരൂഹത
സ്വന്തം ലേഖകന്‍
കോഴിക്കോട്: ദേശീയപാതയില്‍ രാമനാട്ടുകരയില്‍ ലോറിയും ബൊലേറോയും കൂട്ടിയിടിച്ച് അഞ്ച് യുവാക്കള്‍ മരിച്ചു. ഇന്നലെ പുലര്‍ച്ചെ 4.30ന് എയര്‍പോര്‍ട്ട് റോഡിലെ പുളിഞ്ചോടിന് സമീപമാണ് അപകടം. പാണ്ടിക്കാട് നിന്നു നാദാപുരത്തേക്ക് സിമന്റുമായി പോവുകയായിരുന്ന ലോറിയിലാണ് ബൊലേറോ ഇടിച്ചത്. പാലക്കാട് കുലുക്കല്ലൂര്‍ മുളയന്‍കാവ് വടക്കേതില്‍ ഇബ്‌റാഹിമിന്റെ മകന്‍ നാസര്‍(28), വല്ലപ്പുഴ കാവുകുളം വീട്ടില്‍ അബ്ദുല്‍ സലാമിന്റെ മകന്‍ മുഹമ്മദ് ഷെഹീര്‍(26), വല്ലപ്പുഴ ചെമ്മന്‍കുഴി അങ്ങാടിയില്‍ യൂസഫലിയുടെ മകന്‍ സുബൈര്‍ (33), എഴുവന്തല പുത്തന്‍ പീടികക്കല്‍ പരേതനായ മുഹമ്മദിന്റെ മകന്‍ അസൈനാര്‍ (26), ചെര്‍പ്പുളശേരി കൂടമംഗലം വീട്ടില്‍ സൈനുദ്ദീന്റെ മകന്‍
താഹിര്‍ഷാ (24 ) എന്നിവരാണ് മരിച്ചത്. ബൊലേറോ പൂര്‍ണമായും തകര്‍ന്നു. കളളക്കടത്തുകാരില്‍ നിന്നു സ്വര്‍ണം തട്ടുന്ന ചരല്‍ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നും കൊടുവള്ളിയിലേക്ക് സ്വര്‍ണം കൊണ്ടുപോകാനെത്തിയ സംഘത്തെ കവര്‍ച്ച ചെയ്യാനെത്തിയതാണെന്നും പൊലിസ് പറഞ്ഞു.
ഈ വാഹനത്തിന് പിന്നാലെയെത്തിയ ഇന്നോവയിലുണ്ടായിരുന്നവരെ പിടികൂടിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ചരല്‍ ഫൈസലുള്‍പ്പെടെ എട്ടുപേര്‍ പൊലിസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഇന്നലെ കരിപ്പൂര്‍ വഴി കടത്താന്‍ ശ്രമിച്ച് കസ്റ്റംസ് പിടിയിലായ ഒരുകോടിയുടെ സ്വര്‍ണം കൈപ്പറ്റാന്‍ വന്നവരും അത് തട്ടിയെടുക്കാന്‍ ശ്രമിച്ചവരും ഇവരെ രക്ഷിക്കാനെത്തിയവരും ഉള്‍പ്പെടെ 15 പേരടങ്ങിയ മൂന്നു സംഘങ്ങള്‍ ഉണ്ടായിരുന്നെന്നാണ് വിവരം. മത്സരയോട്ടത്തിനിടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് വിവരം. വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് ഇവര്‍ ഓപ്പറേഷന്‍ നടത്തുന്നതെന്നും വാഹനത്തില്‍ പൊട്ടിയ മദ്യക്കുപ്പികളും ഈന്തപ്പഴവും ഉണ്ടായിരുന്നെന്നും പൊലിസ് പറഞ്ഞു.
മരിച്ച നാസറിന്റെ മാതാവ്: റംല. ഭാര്യ: മിസ്‌രി. മകള്‍: നഷ്‌വ. സഹോദരങ്ങള്‍: സാദിഖ്, സുനീറ. മുഹമ്മദ് ഷെഹീറിന്റെ മാതാവ്: സഫിയ. സഹോദരങ്ങള്‍: ഷൈഫുദ്ദീന്‍, സലാഹുദ്ദീന്‍, ഷാഹിബ. അവിവാഹിതനാണ്. സുബൈറിന്റെ മാതാവ്: പരേതയായ സുലൈഖ, ഭാര്യ: സാബിറ.
അസൈനാറിന്റെ മാതാവ്: നഫീസ. സഹോദരങ്ങള്‍: ഷൗക്കത്തലി, ഖലീല്‍, മുഈനുദ്ദീന്‍, ഹസൈനാര്‍, ഉനൈസ്, ഹബീബ, സുഹറ.
താഹിര്‍ഷായുടെ മാതാവ്: ലൈല. സഹോദരങ്ങള്‍: ഹസീന, റസീന, റജീന. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടത്തി വൈകിട്ടോടെ സ്വദേശത്തേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."