രേഖകള്‍ നശിപ്പിക്കാനുള്ള തന്ത്രം; തീപിടിത്തം സര്‍ക്കാരിന്റെ സ്ഥിരം പരിപാടി: ദുരൂഹതയുണ്ടെന്ന് വി.ഡി സതീശന്‍
രേഖകള്‍ നശിപ്പിക്കാനുള്ള തന്ത്രം; തീപിടിത്തം സര്‍ക്കാരിന്റെ സ്ഥിരം പരിപാടി
തിരുവനന്തപുരം: തിരുവനന്തപുരം കിന്‍ഫ്രയിലെ മരുന്ന് സംഭരണശാലയിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെട്ടിടത്തില്‍ മതിയായ സുരക്ഷയോ തീ അണയ്ക്കുന്നതിനാവശ്യമായ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. തീപിടിത്തം ഗൗരവമായി അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
കൊല്ലത്തും തിരുവനന്തപുരത്തും നടന്ന തീപിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ മരുന്നാണ് കത്തിനശിച്ചത്. ഇതിന് പിന്നില്‍ അട്ടിമറിയുണ്ട്. കൊല്ലത്തിന് പിന്നാലെ തിരുവനന്തപുരത്തും ബ്ലീച്ചിംഗ് പൗഡറില്‍ നിന്ന് തീ പടര്‍ന്നുവെന്നത് ആശ്ചര്യമുണ്ടാക്കുന്നതാണ്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇവിടെയുണ്ടായിരുന്നില്ല. തീപിടിത്തം സര്‍ക്കാരിന്റെ സ്ഥിരം പരിപാടിയാണ്. സ്വര്‍ണക്കടത്തും റോഡിലെ ക്യാമറയും വിവാദമായപ്പോള്‍ സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട സെഷനുകളില്‍ തീപിടിത്തം നടന്നത് എന്തുകൊണ്ടാണെന്നും സതീശന്‍ ചോദിച്ചു.
നിര്‍ണായക രേഖകള്‍ നശിപ്പിക്കാനുള്ള തന്ത്രമാണ് തീപിടിത്തത്തിന് പിന്നില്‍. സംസ്ഥാനത്ത് അഴിമതി കേസുകളിലടക്കം എല്ലാ അന്വേഷണങ്ങളും സ്വാധീനിക്കപ്പെടുകയാണ്. രണ്ട് വര്‍ഷത്തിനിടെ 9 എംഡിമാര്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ മാറിമാറി വന്നു. ആവശ്യത്തില്‍ കൂടുതല്‍ മരുന്ന് വാങ്ങി കമ്മീഷനടിക്കുകയാണ് ചെയ്യുന്നതെന്നും സതീശന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."