സ്വര്‍ണം തട്ടാനെത്തി മരണത്തിന് കീഴടങ്ങി
കോഴിക്കോട്: രാമനാട്ടുകരയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ അന്വേഷണം സ്വര്‍ണക്കടത്തിന്റെ വന്‍ റാക്കറ്റുകളിലേക്ക് നീങ്ങും.
കൊടുവള്ളിയിലേക്ക് കൊണ്ടു പോകുന്ന കളളക്കടത്തു സ്വര്‍ണം കവര്‍ച്ച ചെയ്യാനാണ് പാലക്കാട് ചെര്‍പ്പുളശേരിയില്‍ നിന്നുളള സംഘമെത്തിയതെന്നാണ് പൊലിസിന്റെ നിഗമനം. ദുബൈയില്‍നിന്ന് എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീക്കി(23)ല്‍ നിന്ന് ഇന്നലെ 2.33 കിലോ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഇതു തട്ടാനാണ് സംഘമെത്തിയതെന്നാണ് സൂചന. മൂന്ന് വാഹനങ്ങളിലായെത്തിയ ചെര്‍പ്പുളശേരി സംഘത്തിനു കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു കൊടുവള്ളിയിലേക്ക് സ്വര്‍ണം കൊണ്ടു പോകാന്‍ സാധ്യതയുളള 15 വാഹനങ്ങളുടെ നമ്പറും നല്‍കിയിരുന്നു. ഇതില്‍ ഒരു വാഹനത്തിന് പിന്നാലെ വന്ന കവര്‍ച്ചാ സംഘം കൊളത്തൂര്‍ ജങ്ഷനില്‍ വച്ചു തടഞ്ഞ് തോക്കുചൂണ്ടി അക്രമത്തിനു ശ്രമിക്കവെ കൊടുവള്ളിയിലേക്കുള്ള വാഹനം രക്ഷപ്പെട്ടതായി കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
്അപകടത്തില്‍പ്പെട്ട ബൊലേറോയും പിടിയിലായ ഇന്നോവയും കൊടുവളളിയിലേക്കുളള വാഹനത്തെ പിന്തുടരുകയായിരുന്നു. ഇവര്‍ രാമനാട്ടുകരയിലെത്തിയപ്പോഴാണ് കൊടുവള്ളിയിലേക്ക് പോയ വാഹനത്തില്‍ സ്വര്‍ണമില്ലെന്നു അറിയുന്നത്. തുടര്‍ന്ന് വിമാനത്താവളത്തിലേക്ക് തിരികെ പോകുന്നതിനിടെയാണ് അപകടം. അതിവേഗം പോയ ഇന്നോവയുടെ പിന്നാലെ വന്ന ബൊലേറോ മൂന്നുതവണ മറിഞ്ഞശേഷം ലോറിയിലിടിച്ചെന്നാണ് ലോറി ഡ്രൈവറുടെ മൊഴി.
ബൊലേറോയിലെത്തിയവരെ കാണാത്തതിനാല്‍ തിരികെ വന്നപ്പോഴാണ് ഇന്നോവയിലുണ്ടായിരുന്നവര്‍ അപകടം വിവരം അറിഞ്ഞത്. ഇവര്‍ മെഡിക്കല്‍ കോളജിലെത്തിയെങ്കിലും പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നു മനസിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ അഴിഞ്ഞിലത്തു വച്ചു പിടിയിലാവുകയായിരുന്നു.
ഫറോക്ക് സ്റ്റേഷനിലുളള ഇവരെ പൊലിസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."