വാഹനത്തിലെ ഇന്ധനം ലാഭിക്കാന്‍ ഇവയൊക്കെ പരീക്ഷിക്കാറുണ്ടോ?
വാഹനത്തിലെ ഇന്ധനം ലാഭിക്കാന്‍ ഇവയൊക്കെ പരീക്ഷിക്കാറുണ്ടോ?
വാഹനത്തിന്റെ ഇന്ധനത്തിന് ദിനം തോറും വിലകൂട്ടി കൂട്ടി നടുവൊടിക്കും വിധത്തില്‍ എത്തിച്ചിട്ടുണ്ട് സര്‍ക്കാരുകള്‍. നമ്മളില്‍ പലരും വിവിധതരം വാഹനങ്ങള്‍ ഉപയോഗിക്കുന്നവരാണല്ലോ…ഇന്ധനം ലാഭിക്കാന്‍ വേണ്ടി പലപരീക്ഷണങ്ങളും നടത്തുന്നവരാണ് പലരും. അതില്‍ തന്നെ ഇന്ധനം ലാഭിക്കുന്നത് സംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകളാണ് നിലനില്‍ക്കുന്നതെന്ന് ഫോര്‍ഡ് മോട്ടോര്‍ കമ്പനി, 11 രാജ്യങ്ങളിലുള്ള 9,500 ഡ്രൈവര്‍മാര്‍ക്കിടയില്‍ ഒരു സര്‍വേ നടത്തി. ഇതില്‍ 1,023 ആളുകള്‍ ഇന്ത്യയിലെ ഡ്രൈവര്‍മാരായിരുന്നു.
ഈ സര്‍വേയില്‍ ഡ്രൈവര്‍മാരുടെ ചില ധാരണകളെക്കുറിച്ചാണ് ഇവിടെ വിശദമാക്കുന്നത്
പെട്ടെന്നുള്ള ആക്‌സിലറേഷന്‍
വാഹനത്തിന് പെട്ടെന്ന് ആക്‌സിലറേഷന്‍ നല്‍കുന്നത് വാഹനത്തിന്റെ ഇന്ധനക്ഷമതയെ ബാധിക്കുമെന്ന് 40% ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്കും അറിവില്ല. കടുത്ത രീതിയിലുള്ള ആക്‌സിലറേഷന്‍ വാഹനത്തിന്റെ എന്‍ജിനില്‍ അനാവശ്യമായ സമ്മര്‍ദ്ദം സൃഷ്ടിക്കുകയും ഇന്ധനക്ഷമത കുറയാന്‍ കാരണമാവുകയും ചെയ്യും.
എന്‍ജിന്‍ ഓണ്‍ ആയിരിക്കുന്നത്
വാഹനം അല്പസമയം നിര്‍ത്തിയിടേണ്ടി വരുമ്പോള്‍ എന്‍ജിന്‍ ഓണ്‍ ആക്കിയിടുന്നത് ഇന്ധനക്ഷമതയെ ബാധിക്കുമെന്ന് 26% ഇന്ത്യന്‍ ഡ്രൈവര്‍മാരും കരുതുന്നില്ല. 15 സെക്കന്‍ഡില്‍ കൂടുതല്‍ വാഹനം നിര്‍ത്തിയിടേണ്ട സാഹചര്യങ്ങളില്‍ എന്‍ജിന്‍ ഓഫ് ചെയ്താല്‍ മൈലേജ് കൂടുതല്‍ ലഭിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു
ക്രൂയിസ് കണ്‍ട്രോള്‍
സ്ഥിരമായി ഒരു വേഗതയില്‍ വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ സഹായകമായ ഒരു ഫീച്ചറാണ് ക്രൂയിസ് കണ്‍ട്രോള്‍. ഈ ഇലക്ട്രിക് സംവിധാനത്തിലൂടെ കാറിന് ഒരു നിശ്ചിത സ്പീഡ് സെറ്റ് ചെയ്തു വെക്കാന്‍ സാധിക്കുന്നു. തുടര്‍ന്ന് ആക്‌സിലറേഷന്‍ പെഡലില്‍ നിന്ന് കാലുകള്‍ മാറ്റാവുന്നതാണ്.
78% ഇന്ത്യന്‍ ഡ്രൈവര്‍മാരും ക്രൂയിസ് കണ്‍ട്രോളിന് ഇന്ധനക്ഷമതയില്‍ പങ്കില്ലെന്നാണ് കരുതുന്നത്. എന്നാല്‍ ഈ ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍ എന്‍ജിനിലെ അനാവശ്യ സമ്മര്‍ദ്ദം ഒഴിവാക്കപ്പെടുകയും ഇന്ധനക്ഷമത വര്‍ധിക്കുകയുമാണ് ചെയ്യുക.
കയറ്റം
വാഹനത്തിന്റെ മൈലേജുമായി ബന്ധപ്പെട്ട്, കയറ്റം കയറുന്ന സാഹചര്യത്തിന് പങ്കില്ലെന്ന് 52% ഡ്രൈവര്‍മാര്‍ കരുതുന്നു. എന്നാല്‍ കയറ്റമുള്ള റോഡുകളില്‍ വാഹനത്തിന്റെ എന്‍ജിനില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കപ്പെടുകയും ഇന്ധനക്ഷമത കുറയുകയും ചെയ്യുന്നു.
കാലാവസ്ഥ
തണുത്ത കാലാവസ്ഥ മൈലേജിനെ ബാധിക്കുമെന്ന് 73% ആളുകളും കരുതുന്നില്ല. കാലാവസ്ഥ മൊത്തമായി മൈലേജിനെ ബാധിക്കുമെന്ന് 63% ഡ്രൈവര്‍മാര്‍ക്കും ധാരണയില്ല. എല്ലാ വാഹനങ്ങളുടെ എന്‍ജിനുകള്‍ക്കും, മികച്ച പ്രകടനം നടത്തുന്നതിന് അനുയോജ്യമായ ഒരു ടെമ്പറേച്ചര്‍ ഉണ്ടായിരിക്കും. എന്നാല്‍ തണുപ്പുകാലത്ത് ഈ സാഹചര്യത്തിലേക്ക് എന്‍ജിന്‍ എത്താന്‍ കൂടുതല്‍ സമയം എടുക്കുന്നു. ഇത് മൈലേജ് കുറയാന്‍ കാരണമാവുകയാണ് ചെയ്യുക.
അമിത ഭാരം
വാഹനത്തിലെ ഭാരം, സ്ഥിരമായ സര്‍വീസിങ് തുടങ്ങിയ കാര്യങ്ങള്‍ക്കും ഇന്ധനക്ഷമത നിര്‍ണയിക്കുന്നതില്‍ സ്ഥാനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."