HOME
DETAILS

എഴുത്തിനുമപ്പുറത്തെ ബഷീര്‍

  
backup
July 04 2022 | 05:07 AM

basheer-article561256456-2022


ബേപ്പൂര്‍ സുല്‍ത്താന്‍, മാങ്കോസ്റ്റിന്‍ ചോട്ടിലെ സൂഫി, മുനി, മസ്താന്‍, ഗുരു... എന്നിങ്ങനെ പലതരം മാറപ്പേരുകള്‍ ചാര്‍ത്തി, വിശ്വമാന എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെ ചുരുട്ടിക്കെട്ടിക്കളയുന്ന ഒരു കാലമുണ്ടായിരുന്നു. വലിയ അറിവും ബോധവുമൊന്നുമില്ലാത്ത നിഷ്‌കളങ്കരായ സാധാരണക്കാരും എപ്പോഴും അദ്ദേഹത്തില്‍ ഇടപഴകിവന്ന സുഹൃത്തുക്കളും ബഷീറിനെ ഈ പേരുകള്‍ ചേര്‍ത്തുവിളിച്ചത് ഇഷ്ടവും ആദരവും കൊണ്ടാണ്. എന്നാല്‍ ചിലരാവട്ടെ ഇതിലൊക്കെ ഒരു 'ആക്കല്‍' ഒളിപ്പിച്ചുവച്ചിരുന്നു. ഒരുകാലത്ത് എം. കൃഷ്ണന്‍ നായരും വിലാസിനിയുമൊക്കെ ചെയ്തിരുന്നതുപോലെ.
എഴുത്തുകാരുടെ ഗ്രൂപ്പുകള്‍, അതിനകത്തെ പാരപ്പണികള്‍, വേര്‍തിരിവുകള്‍... ഒന്നിലും ഇടപെടാതെ സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍, താന്‍ മാത്രമായി പടച്ചുണ്ടാക്കിയ മലയാളത്തില്‍ കഥകള്‍ എഴുതിയും വീട്ടു മുറ്റത്തെ സൗഹൃദങ്ങളില്‍ രമിച്ചും തമാശ പറഞ്ഞും ജീവിതത്തെ ആഴത്തില്‍ ആസ്വദിച്ചു കഴിഞ്ഞ രസികനായ മനുഷ്യനായിരുന്നു ബഷീര്‍. ലോകത്തെ അപൂര്‍വം എഴുത്തുകാര്‍ക്കൊപ്പം നക്ഷത്രത്തിളക്കമുള്ള പ്രതിഭാവിലാസമായിരുന്നിട്ടും, അതിനെ വിപണനം ചെയ്യാനോ ചെയ്യിക്കാനോ ആഘോഷിക്കാനോ ഇഷ്ടപ്പെട്ടിരുന്നില്ല അദ്ദേഹം. വലിയ ആദരവായി ലഭിച്ച താമ്രപത്രംകൊണ്ട് കുറുക്കനെ എറിഞ്ഞോടിച്ച ഒരാള്‍ക്ക്, ചെമ്പു തകിടിന്റെ ഫലകങ്ങളോട് എന്തു ബഹുമാനം! ആദരിക്കപ്പെടുന്നതിനും ആഘോഷിക്കപ്പെടുന്നതിനും ബഷീര്‍ മരിക്കേണ്ടിവന്നു എന്നതാണ് നേര്.
സ്‌നേഹം, പ്രണയം, ദയ, വാത്സല്യം, കാരുണ്യം... ഇതൊക്കെയായിരുന്നു ബഷീറിന്റെ ജീവിതദര്‍ശനം. ഒരിക്കല്‍ തബ്‌ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തകര്‍ ബഷീറിനെ കാണാന്‍ ചെന്ന ഒരു കഥയുണ്ട്; വൈലാലില്‍ വീട്ടില്‍ എത്തിയ അവര്‍, നിസ്‌ക്കാരത്തെക്കുറിച്ചാണ് ബഷീറിനോട് സംസാരിച്ചുതുടങ്ങിയത്. കുറെ നേരം കേട്ടിരുന്ന ശേഷം ബഷീര്‍ ചോദിച്ചു; നിങ്ങള്‍ പ്രവാചകനെ വായിച്ചിട്ടുണ്ടോ? എങ്കില്‍ നിങ്ങള്‍ ആദ്യം എന്നോട് ചോദിക്കേണ്ടിയിരുന്നത് ഭക്ഷണം കഴിച്ചോ എന്നായിരുന്നു. ഈ കൂട്ടത്തില്‍ പ്രവാചകന്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഈ അടിമയോട് അങ്ങനെ ചോദിക്കുമായിരുന്നു'.
ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും പലതരം എഴുത്തുകാരും കലാപ്രവര്‍ത്തകരും സന്ധിക്കുന്ന ഇടമാണ് ബേപ്പൂര്‍ വൈലാലില്‍ വീട്ടിന്റെ മുറ്റം. അവിടെ വലിപ്പ ചെറുപ്പമുണ്ടായിരുന്നില്ല. മമ്മൂട്ടി, അടൂര്‍ അടക്കമുള്ള സിനിമക്കാര്‍, ബഷീര്‍ നൂലന്‍ വാസു എന്ന് തമാശപ്പേരിട്ട് വിളിക്കുന്ന എം.ടി വാസുദേവന്‍ നായര്‍, കേരളത്തിന്റെ മുഖ്യമന്ത്രിമാര്‍ അടക്കമുള്ള ഭരണകര്‍ത്താക്കള്‍, നാട്ടിലും മറുനാട്ടിലുമുള്ള മാധ്യമപ്രവര്‍ത്തകര്‍, തന്നെ ഏറെ സ്‌നേഹിക്കുന്ന സാധാരണക്കാര്‍; എല്ലാവരും വന്നുചേരുന്ന മുറ്റം. എന്നാല്‍ ബഷീര്‍ ഒരു പോലെയാണ് ഓരോരുത്തരോടും പെരുമാറിയിരുന്നത്; സ്വീകരിച്ചിരുന്നത്.
മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ സാഹിബ്, ബഷീറിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. പ്രതിഭാധനരായ ആരെ കണ്ടെത്തിയാലും തന്റെ സമൂഹത്തിനും ചന്ദ്രിക പത്രത്തിനും അവരെ എങ്ങനെ ഉപയോഗപ്പെടുത്താനാവുമെന്ന് ചിന്തിച്ച കമ്മിറ്റഡ് സോഷ്യല്‍ എന്‍ജിനീയറായിരുന്നു സി.എച്ച്. ബഷീറിന്റ ജീവചരിത്ര പുസ്തകമായ ഓര്‍മയുടെ അറകള്‍ സി.എച്ചുമായുള്ള ബന്ധത്തില്‍ നിന്നുടലെടുത്തതാണ്. അക്കാലത്ത് അതെഴുതിക്കാന്‍ നേതൃത്വം നല്‍കിയ ചന്ദ്രിക ആഴ്ചപ്പതിപ്പ് പത്രാധിപര്‍ പി.കെ മുഹമ്മദ് എന്ന മാനു സാഹിബും കാനേഷ് പൂനൂരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എണ്‍പത്തി എട്ടിന്റെ നിറവിലാണ് മാനു എന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍. വയസ് വെളിപ്പെടുത്തുന്നത് ഈ വാര്‍ധക്യകാലത്തും ഇഷ്ടമില്ലാത്ത യുവ കോമളന്‍ ഹകീം എന്ന കാനേഷ്, ബഷീറിന്റെ പ്രിയപ്പെട്ട പത്രാധിപരായിരുന്നു. റമദാന്‍ മാസത്തില്‍ കൂടെയുള്ളവര്‍ അറിയാതെ ഫാബി ബഷീറിനെ സ്വാധീനിച്ച് സുലൈമാനി കുടിച്ചിട്ടുണ്ട് എം.കെ കുഞ്ഞി ഇബ്‌റാഹിം മൗലവിയുടെ ഈ മകന്‍. ആ കഥ ബഷീര്‍ ഓര്‍മയുടെ അറകളില്‍ എഴുതി സര്‍വരെയും അറിയിച്ചുകളഞ്ഞു. അന്ന് സംഘത്തിലുണ്ടായിരുന്ന പ്രമുഖ സംവിധായകന്‍ ഐ.വി ശശി, കാര്‍ട്ടൂണിസ്റ്റ് ബി.എം ഗഫൂര്‍, ഫോട്ടോഗ്രാഫര്‍മാരായ കെ.കെ ആമു, പുനലൂര്‍ രാജന്‍, നാഷനല്‍ ബുക്സ്റ്റാള്‍ മാനേജര്‍ ശ്രീധരന്‍ എന്നിവരൊക്കെ തിരശ്ശീലക്കു പിന്നില്‍ മറഞ്ഞു.
ഓര്‍മയുടെ അറകള്‍ ചന്ദ്രിക പ്രസിദ്ധീകരിക്കുന്നത് 1971ല്‍ ആണ്. അതിന്റെ എഴുത്ത് രൂപപ്പെടുത്തുന്നതിന്റെ തുടക്കം റമദാന്‍ മാസത്തിലായിരുന്നു. മേലുദ്ധരിക്കപ്പെട്ടവരൊക്കെ ബഷീറിന്നടുത്തു ചെന്ന് സംസാരിച്ചതിന്റെ രംഗാവിഷ്‌കാരം നടത്തിയ കാര്‍ട്ടൂണിസ്റ്റ് ബി.എം ഗഫൂറിന് ഒരബദ്ധം പറ്റി. നോമ്പ് കാല പകലിലെ മാനു സാഹിബിനെ വരച്ചപ്പോള്‍ മാനു സാഹിബിന്റെ ചുണ്ടില്‍ ബീഡി. മാനു അക്കാലത്ത് പുകവലിക്കുമായിരുന്നു എന്നത് നേര്. പക്ഷേ റമദാന്‍ മാസത്തിന്റെ നട്ടുച്ചയില്‍ ബീഡി വലിയോ!
ഓര്‍മയുടെ അറകള്‍ക്ക് ക്ഷമകെട്ടു കാത്തിരിക്കുകയാണ് വായനക്കാര്‍. റമദാനിലെ ഈ ബീഡി വലി വിവാദമായി. അപ്പോള്‍ സി.എച്ച് ഇടപെട്ടു. അദ്ദേഹം പറഞ്ഞു; മാനുവിന്റെ ചുണ്ടിലുള്ളത് ബീഡിയല്ല; മിസ്‌വാക്ക് ആണെന്ന്. അതോടെ കെട്ടടങ്ങി അതുവരെ കത്തിപ്പുകഞ്ഞ വിവാദങ്ങളത്രയും.
കാലം മാറി വരുന്നതിനനുസരിച്ച് ബഷീറിന്റെ മാങ്കോസ്റ്റിനു ചുവട്ടിലെ സ്ഥിരം ഇരുത്തക്കാരും മാറിവന്നു. ആ തലമുറയിലെ മുതിര്‍ന്നവരും അല്ലാത്തവരുമായവരെ ഇങ്ങനെ ഓര്‍മിക്കുന്നു: പുനത്തില്‍ കുഞ്ഞബ്ദുള്ള, കെ.എ കൊടുങ്ങല്ലൂര്‍, തിക്കോടിയന്‍, കവി പി.ടി അബ്ദുറഹ്മാന്‍, എം.എന്‍ കാരശ്ശേരി, അക്ബര്‍ കക്കട്ടില്‍, വി.എ കബീര്‍, ജമാല്‍ കൊച്ചങ്ങാടി, മലയാള മനോരമ ലേഖകന്‍ പി. ദാമോദരന്‍, മാധ്യമം ലേഖകനായിരുന്ന ഈ കുറിപ്പുകാരന്‍, കേരള കൗമുദി ലേഖകന്‍ എ. സജീവന്‍, ചന്ദ്രിക പത്രാധിപര്‍ സി.കെ താനൂര്‍, മാപ്പിളപ്പാട്ടുകാരന്‍ വി.എം കുട്ടി, കോഴിക്കോട് കലക്ടറായിരുന്ന കവി കെ. ജയകുമാര്‍, ഭാര്യ മീര...
ആയിടക്കാണ് വി.എം കുട്ടിയുടെ താല്‍പര്യപ്രകാരം ബഷീര്‍ തന്നെ മുന്‍കൈയെടുത്ത് മാപ്പിള ഗാന കലാ അക്കാദമി എന്ന സാംസ്‌കാരിക സംഘടനക്ക് രൂപംനല്‍കുന്നത്. മുന്‍ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ് കുട്ടി ചെയര്‍മാനും ഈ കുറിപ്പുകാരന്‍ കണ്‍വീനറുമായിരുന്നു. ചാക്കീരിയുടെ താല്‍പര്യപ്രകാരം ചില യോഗങ്ങള്‍ ബഷീറിന്റെ വീട്ടില്‍തന്നെ ചേര്‍ന്നു. മുഖ്യമായ ആവശ്യം മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം ആയിരുന്നു.
തനിക്കൊന്നും വേണ്ട, എന്നാല്‍ അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരങ്ങള്‍ വാങ്ങിക്കൊടുക്കണമെന്ന കടുത്ത നിലപാടുകാരനാണ് ബഷീര്‍. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ക്ക് സ്മാരകം ഉണ്ടാക്കാത്തതില്‍ അദ്ദേഹം വി. എം കുട്ടി മാസ്റ്ററെ കളിയാക്കുകയും ശകാരിക്കുകയും ചെയ്തിട്ടുണ്ട്. മോയിന്‍കുട്ടി വൈദ്യര്‍ക്ക് സ്മാരകം ആവശ്യപ്പെട്ട് കോഴിക്കോട് ടൗണ്‍ ഹാളില്‍ ചേര്‍ന്ന മാപ്പിള ഗാന കലാ അക്കാദമിയുടെ പ്രഥമ പൊതുയോഗത്തില്‍ ബഷീര്‍ പൊട്ടിത്തെറിച്ചു. അദ്ദേഹം പറഞ്ഞു: മലയാളത്തിന്റെ ഈ മഹാകവിക്ക് ഒരു സ്മാരകം ഉണ്ടാക്കാന്‍ എന്താണ് തടസമെന്നു ഉത്തരവാദപ്പെട്ടവര്‍ പറയണം. പണമാണോ വേണ്ടത്, വൈക്കം മുഹമ്മദ് ബഷീര്‍ എന്ന ഞാന്‍ ഒരു പാട്ടയുമായി കാസര്‍കോട്ട് നിന്ന് തെക്കോട്ടു പണപ്പിരിവു നടത്തും; പോരെ നിങ്ങള്‍ക്ക്...' ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കുന്ന ഈ പൊട്ടിത്തെറിക്ക് തീജ്വാലയുടെ ശക്തിയുണ്ടായി. മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കൊരമ്പയില്‍ അഹമ്മദ് ഹാജി ചെയര്‍മാന്‍ ആയിരിക്കെയാണ് വൈദ്യര്‍ സ്മാരക സ്വപ്നം സഫലമാകുന്നത്.
മഹാനായ എഴുത്തുകാരനായിരുന്നിട്ടും അത് ആഘോഷിക്കാന്‍ ആഗ്രഹിക്കാത്ത മഹാനായ മനുഷ്യനായിരുന്നു ബഷീര്‍. എന്നാല്‍ മരണാനന്തര വര്‍ഷങ്ങളിലൂടെ ബഷീറിലേക്ക് ഇഷ്ടദാനത്തിന്റെ പുഴ കര കവിഞ്ഞൊഴുകുകയാണ്. ബഷീര്‍ കൂടുതല്‍കൂടുതല്‍ സ്വീകരിക്കപ്പെടുന്നു; ആ സാഹിത്യങ്ങള്‍ കൂടുതല്‍കൂടുതല്‍ വായിക്കപ്പെടുന്നു. എണ്ണം കൂടിവരുന്ന പുതുതലമുറയിലെ കുട്ടികളെ വൈലാലില്‍ വീട്ടിനു താങ്ങാന്‍ കഴിയാതെ വരുന്നതോടെ ബഷീര്‍ സ്മാരകത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു; അത് യാഥാര്‍ഥ്യത്തോടടുക്കുന്നു. നാളെ, ബഷീറിന്റെ വേര്‍പാടിന്റെ ഇരുപത്തി എട്ടാമത് വര്‍ഷം. പഴയകാല ഗൃഹാതുര സ്മൃതികളോടെ അവിടെ ഒത്തുകൂടുകയാണ് മൂന്നു തലമുറകളിലെ ബഷീര്‍ പ്രേമികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago