അക്രമിക്കുമെന്ന് സുധാകരന്‍ പറഞ്ഞിട്ടുണ്ട്; കോണ്‍ഗ്രസുകാരെ സംശയമുണ്ട്, പക്ഷേ അന്വേഷണം നടത്തിയേ അറസ്റ്റ് ചെയ്യൂ: എം.എം മണി
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ അന്വേഷിച്ചേ പ്രതിയെ പിടിക്കൂവെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് എം.എം.മണി എം.എല്‍.എ. കെ.പി.സി.സി പ്രസിഡന്റ് മുമ്പ് പറഞ്ഞിട്ടുണ്ട് എ.കെ.ജി സെന്ററിന് നേരെ ആക്രമണം നടത്തുമെന്ന്. അടിയന്തര പ്രമേയം അവതരിപ്പിച്ചതോടെ കൂടുതല്‍ സംശയമായെന്നും അദ്ദേഹം പറഞ്ഞു.
'പ്രതിപക്ഷത്തിന്റെ പ്രമേയം കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ സഹായിക്കും. അന്വേഷിച്ച് മാത്രമേ കുറ്റവാളിയെ കണ്ടെത്തുകയുള്ളൂ എന്നതാണ് ഞങ്ങളുടെ മാന്യത. കോണ്‍ഗ്രസ് നിയമം കൈകാര്യം ചെയ്യുന്ന രീതിയിലായിരുന്നെങ്കില്‍ അന്വേഷിക്കാതെ കോണ്‍ഗ്രസുകാരെ പിടിച്ച് ജയിലിലാക്കാമായിരുന്നു. എന്ന് പറഞ്ഞത് കൊണ്ട് നിങ്ങളല്ല പ്രതി എന്നര്‍ത്ഥമില്ല. നിങ്ങളെ ഞങ്ങള്‍ക്ക് സംശയമുണ്ട്. നിങ്ങളുടെ കെപിസിസി പ്രസിഡന്റ് മുമ്പ് പറഞ്ഞിട്ടുണ്ട് എകെജി സെന്ററിന് നേരെ ആക്രമണം നടത്തുമെന്ന്. അടിയന്തര പ്രമേയം അവതരിപ്പിച്ചതോടെ കൂടുതല്‍ സംശയമായി. നീരജിനെ കൊന്നിട്ട് ഇരന്നു വാങ്ങിയെന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞത്. സുധാകരന്‍ കോണ്‍ഗ്രസിന്റെ തലപ്പത്ത് വന്നശേഷം കേരളത്തില്‍ മുഴുവന്‍ സംഘര്‍ഷമുണ്ടാക്കുകയാണ്. സമാന്യമര്യാദ പാലിക്കുന്നില്ല. കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷവും അദ്ദേഹത്തിന്റെ ചിന്താഗതികള്‍ക്കെതിരാണ്' എം.എം.മണി പറഞ്ഞു.
സ്വപ്ന സുരേഷ് എന്ന് പറയുന്ന വിവാദ നായികയേയും കൊണ്ട് ഈ പ്രശ്നമെല്ലാം ഉണ്ടാക്കുന്നത് നീതിബോധമുള്ളവര്‍ക്ക് പറ്റുമോ. മുഖ്യമന്ത്രിയെ വിമാനത്തില്‍ വെച്ച് അക്രമിക്കാന്‍ ശ്രമിച്ചിട്ട് ഒരു ഖേദപ്രകടനവും നടത്താന്‍ തയ്യാറായില്ലെന്നും മണി പറഞ്ഞു.
ആവശ്യമുള്ളപ്പോള്‍ ഗാന്ധി ശിഷ്യരാവും . അല്ലാത്തപ്പോഴില്ല, നിങ്ങള്‍ ഇപ്പോള്‍ അങ്ങനെ സമാധാനത്തിന്റെ അപ്പോസ്തലന്‍മാരാകണ്ടെന്നും എം എം മണി പറഞ്ഞു. എന്റെ പേരില്‍ എന്തിനാ കേസ് എടുത്തത് ? തിരുവഞ്ചൂരായിരുന്നു അന്ന് ആഭ്യന്തര മന്ത്രി. ശ്രീകൃഷ്ണന്റെ നിറമുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്റെ സുഹൃത്ത് കൂടിയാണ്. തിരുവഞ്ചൂരിന്റെ കയ്യിലിരിപ്പും ശ്രീകൃഷ്ണന്റേത് പോലെ തന്നെ. പാതിരാത്രി വീട് വളഞ്ഞ് തന്നെ അറസ്റ്റ് ചെയ്തു. കോടതി പറഞ്ഞു തെളിവില്ലെന്ന്. ഇതൊന്നും താന്‍ മറക്കില്ല. എന്നിട്ട് തന്റെ നാട്ടില്‍ വന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ചു. ഒരു ശല്യക്കാരനെ ഞങ്ങള്‍ ഒഴിവാക്കിയെന്ന്. തന്റെ നാട്ടില്‍ നിന്ന് , അതും ഇടുക്കിയില്‍ നിന്ന് തന്നെ മാറ്റാമെന്ന് , നടന്നതു തന്നെ - എം എം മണി പരിഹസിച്ചു.
വീട്ടിലിരിക്കുന്ന സ്ത്രീകളെ വലിച്ചിഴക്കുന്നത് ശരിയല്ലെന്ന് മാത്യു കുഴല്‍നാടന്‍ മനസ്സിലാക്കണം. നിങ്ങളുടെ വീട്ടിലും സ്ത്രീകളുണ്ട്. അവരെ വലിച്ചിഴച്ചാല്‍ എന്താകും കേരളത്തിലെ സ്ഥിതി. അതൊന്നും ശരിയല്ല.സെമി കേഡര്‍ എന്നാണ് സുധാകരന്‍ പറയുന്നത്. ഒരു സെമിയും അദ്ദേഹത്തിനറിയില്ല. ഇ.പി.ജയരാജനാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് സുധാകരന്‍ പറഞ്ഞിരിക്കുന്നത്. ഇ.പിയെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചതില്‍ സുധാകരന് പങ്കുണ്ട്. നിങ്ങളുടെ ഏതെങ്കിലും ഓഫീസ് അക്രമിച്ചാല്‍ ഞങ്ങള്‍ അതിനെ തള്ളിപറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ പോയിന്റ് ഓഫ് ഓഡറുമായി പ്രതിപക്ഷം രംഗത്തെത്തി. കെപിസിസി അധ്യക്ഷനെ കുറിച്ച് പറഞ്ഞ അടിസ്ഥാന രഹിത ആരോപണങ്ങള്‍ നീക്കം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പരിശോധിക്കാമെന്നായിരിന്നു സപീക്കറുടെ മറുപടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."