കൈക്കൂലിയായി തേനും കുടംപുളിയും വരെ; പൊടിപിടിച്ച കാര്‍ഡ് ബോര്‍ഡ് പെട്ടിയിലും നോട്ട് കെട്ടുകള്‍; വിജിലന്‍സിനെ ഞെട്ടിച്ച പാലക്കയത്തെ റെയ്ഡ്
വിജിലന്‍സിനെ ഞെട്ടിച്ച പാലക്കയത്തെ റെയ്ഡ്
മണ്ണാര്‍ക്കാട്: താലൂക്കുതല പരാതി പരിഹാര അദാലത്തില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ പാലക്കയം വില്ലേജ് ഓഫിസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തിരുവനന്തപുരം സ്വദേശി വി. സുരേഷ് കുമാറിന്‍െ വാടകമുറിയില്‍ നിന്നും വിജിലന്‍സ് കണ്ടെത്തിയത് ഒരു കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യം. റെയ്ഡില്‍ 35 ലക്ഷത്തോളം രൂപയും 17 കിലോ നാണയങ്ങളും കണ്ടെടുത്തു. ഒരു കോടിയിലേറെ രൂപ സമ്പാദ്യമുള്ളതായാണ് കണ്ടെത്തിയിട്ടുള്ളത്. റെയ്ഡില്‍ കണ്ടെത്തിയ പണത്തിന് പുറമേ ബാങ്ക് നിക്ഷേപമായി 70 ലക്ഷം രൂപയുണ്ടെന്നും വിജിലന്‍സ് പറയുന്നു.
കൈക്കൂലിയായി എന്തും സ്വീകരിക്കുമായിരുന്നു സുരേഷ്‌കുമാര്‍. വിജിലന്‍സ് വീട് പരിശോധിച്ചപ്പോള്‍ പണത്തിന് പുറമെ, ഷര്‍ട്ട്, തേന്‍, കുടംപുളി അടക്കമുള്ള സാധനങ്ങളും കണ്ടെടുത്തു.
വെറും 2500 രൂപ മാസവാടകയുള്ള വീട്ടിലായിരുന്നു ഇയാളുടെ താമസം. മണ്ണാര്‍ക്കാട് ആല്‍ത്തറ ജങ്ഷനില്‍ ജി.ആര്‍ കോംപ്ലക്‌സിലുള്ള വാടക മുറിയില്‍ പലഭാഗങ്ങളിലായാണ് പണം സൂക്ഷിച്ചിരുന്നത്. വര്‍ഷങ്ങളായി സുരേഷ് കുമാര്‍ ഇവിടെ താമസിക്കുന്നതായാണ് വിവരം. ആര്‍ക്കും സംശയം തോന്നാതിരിക്കാനായി മുറി പൂട്ടാതെയാണ് പുറത്തേക്ക് പോവാറുണ്ടായിരന്നത്. സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഉണ്ടായിരുന്നില്ല. അവിവാഹിതനാണ്. പണം സ്വരുക്കൂട്ടിയത് വീടുവെക്കാനാണെന്നാണ് സുരേഷിന്റെ മൊഴി.
ഇന്നലെ രാവിലെ 11.15ഓടെ മണ്ണാര്‍ക്കാട് എം.ഇഎസ് കോളജ് പരിസരത്ത് വെച്ചാണ് സുരേഷ് കുമാര്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. മഞ്ചേരി സ്വദേശിയാണ് പരാതിക്കാരന്‍. പാലക്കയം വില്ലേജ് പരിധിയിലുള്ള 45 ഏക്കര്‍ വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 2,500 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി ദിവസങ്ങള്‍ക്ക് മുന്‍പ് വില്ലേജ് ഓഫിസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റിനായി ഓഫിസിലെത്തിയപ്പോള്‍ ഫയല്‍ സുരേഷ്‌കുമാറിന്റെ പക്കലാണെന്നറിഞ്ഞ് ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് 2500 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്.
സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പണവുമായി അദാലത്ത് നടക്കുന്ന എം.ഇ.എസ് കോളജില്‍ എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇക്കാര്യം പരാതിക്കാരന്‍ പാലക്കാട് വിജിലന്‍സ് യൂണിറ്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡി.വൈ.എസ്.പി എസ് ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കാറില്‍വച്ച് കൈക്കൂലി വാങ്ങവേ സുരേഷ്‌കുമാറിനെ കൈയോടെ പിടികൂടിയത്.
വസ്തു എല്‍.എ പട്ടയത്തില്‍ പെട്ടതല്ലായെന്ന സര്‍ട്ടിഫിക്കറ്റിനായി പരാതിക്കാരന്റെ പക്കല്‍ നിന്നും ആറ് മാസം മുമ്പ് 10,000 രൂപയും പൊസഷന്‍ സര്‍ട്ടിഫിക്കറ്റിനായി അഞ്ചുമാസം മുമ്പ് 9,000 രൂപയും സുരേഷ് കുമാര്‍ കൈക്കൂലിയായി വാങ്ങിയിരുന്നതായും വിജിലന്‍സ് പറയുന്നു.
vigilance-seized-crores-from-village-field-assistant-room
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."