സൗജന്യ വാക്‌സിന്‍ ; മോദിയുടെ ബാനറുകള്‍ സ്ഥാപിക്കാന്‍ കോളജുകള്‍ക്ക് യു.ജി.സിയുടെ നിര്‍ദേശം
ന്യൂഡല്‍ഹി: 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിനേഷന്‍ ഏര്‍പ്പെടുത്തിയതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മോദിയുടെ ചിത്രമുള്ള ബാനറുകളും ബോര്‍ഡുകളും സ്ഥാപിക്കാന്‍ സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും യു.ജി.സിയുടെ വിവാദ നിര്‍ദേശം.
കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും കേന്ദ്രീയ വിദ്യാലയ സംഘടന്‍ ഇതേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിനേഷനെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഈ മാസം 21 മുതലാണ് പ്രാബല്യത്തില്‍ വന്നത്. 20നാണ് പ്രധാനമന്ത്രിക്ക് നന്ദി പറയാന്‍ ആവശ്യപ്പെട്ട് സര്‍വകലാശാല അധികൃതര്‍ക്ക് യു.ജി.സി സെക്രട്ടറി രജ്‌നീഷ് ജയിന്‍ വാട്‌സ്ആപ് വഴി നിര്‍ദേശം നല്‍കിയത്.
ഇതോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അവരുടെ സമൂഹമാധ്യമ പേജുകളില്‍ പ്രധാനമന്ത്രിക്ക് നന്ദി അര്‍പ്പിച്ചുള്ള ബാനറുകള്‍ പോസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദിയിലും ഇംഗ്ലിഷിലുമുള്ള പോസ്റ്ററുകളുടെയും ബാനറുകളുടെയും മാതൃകയും യു.ജി.സി സെക്രട്ടറി അയച്ചുകൊടുത്തു.
പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം നന്ദി പ്രധാനമന്ത്രി മോദി എന്നെഴുതിയതാണ് പോസ്റ്റര്‍. ഡല്‍ഹി, ഹൈദരാബാദ് സര്‍വകലാശാലകള്‍ ഇതിനകം ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചു. സര്‍വകലാശാലകളുടെ സാമൂഹമാധ്യമ അക്കൗണ്ടുകളിലും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. താങ്ക്യു മോദിജി എന്ന ഹാഷ്ടാഗാണ് ഇതിനായി നല്‍കിയിരിക്കുന്നത്.
അതേസമയം, യു.ജി.സി നടപടിക്കെതിരേ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍, വിദ്യാര്‍ഥി സംഘടനകള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരില്‍നിന്ന് പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. യു.ജി.സിയില്‍ അടിമത്തമാണെന്ന് മുന്‍ യു.ജി.സി അംഗവും സ്വരാജ് ഇന്ത്യ അധ്യക്ഷനുമായ യോഗേന്ദ്ര യാദവ് പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സ്‌കൂള്‍ എജ്യുക്കേഷന്‍ ആന്‍ഡ് ലിറ്ററസിയുടെ ഇതേ നിര്‍ദേശമടങ്ങിയ ഇ-മെയിലാണ് കേന്ദ്രീയ വിദ്യാലയങ്ങളുടെ പ്രിന്‍സിപ്പല്‍മാര്‍ക്ക് കേന്ദ്രീയ വിദ്യാലയ സംഘടന്‍ വഴി ലഭിച്ചിരിക്കുന്നത്. നേരത്തെ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിന് മോദിക്ക് നന്ദി പറഞ്ഞ് ഹാഷ്ടാഗ് കാംപയിന്‍ നടത്താന്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."