നവജാതശിശുവും യുവതിയും പ്രസവത്തിനിടെ മരിച്ചു
ആശുപത്രിക്കുമുന്നിൽ പ്രതിഷേധവുമായി ബന്ധുക്കൾ
പാലക്കാട് •പ്രസവത്തിനിടെ നവജാതശിശുവും യുവതിയും മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയിൽ പ്രതിഷേധവുമായി ബന്ധുക്കൾ. വീട്ടുകാരുടെ പരാതിയിൽ മൂന്ന് ഡോക്ടർമാർക്കെതിരേ പൊലിസ് കേസെടുത്തു. പാലക്കാട് യാക്കര തങ്കം ആശുപത്രിയിലാണ് ഇന്നലെ പ്രസവത്തിനു പിന്നാലെ തത്തമംഗലം സ്വദേശി ഐശ്വര്യ(23) മരിച്ചത്. ഐശ്വര്യ ജന്മംനൽകിയ കുഞ്ഞ് ഞായറാഴ്ച മരിച്ചിരുന്നു. കുഞ്ഞിൻ്റേയും അമ്മയുടേയും മരണത്തിന് കാരണം ഡോക്ടർമാരുടെ അശ്രദ്ധയും അനാസ്ഥയുമാണെന്ന് ആരോപിച്ചാണ് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്. തുടർനടപടികൾ സ്വീകരിക്കാൻ സഹകരിക്കണമെന്നും ആശുപത്രിയിൽനിന്നു പിരിഞ്ഞു പോകണമെന്നും പൊലിസ് ഐശ്വര്യയുടെ ബന്ധുക്കളോട് ആവശ്യപ്പെട്ടു. എന്നാൽ ഡോക്ടറെ അറസ്റ്റ് ചെയ്യണം എന്ന കർശന നിലപാടിലായിരുന്നു ബന്ധുക്കൾ. പ്രതിഷേധത്തെ തുടർന്നാണ് ചികിത്സാ പിഴവിന് കേസെടുത്തത്. ഡോക്ടർമാരായ അജിത്, നിള, പ്രിയദർശിനി എന്നിവർക്കെതിരേയാണ് കേസ്.
കഴിഞ്ഞ ആഴ്ചയാണ് പ്രസവവേദനയെ തുടർന്ന് ഐശ്വര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നുതവണ മരുന്നുവച്ച ശേഷമാണ് സർജറിയിലേക്ക് ഡോക്ടർമാർ പോയതെന്നും സിസേറിയൻ വേണമെന്ന് ആദ്യംതന്നെ തങ്ങൾ ആവശ്യപ്പെട്ടിരുന്നതായും ഐശ്വര്യയുടെ ബന്ധുക്കൾ പറഞ്ഞു. ഐശ്വര്യയെ നേരത്തെ പരിശോധിച്ച ഡോക്ടർ അല്ല പ്രസവത്തിനായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പരിശോധിച്ചതെന്നും അവർ ആരോപിച്ചു.ഐശ്വര്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ സംസ്ഥാന യുവജന കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."