ഫ്രാന്‍സും പോര്‍ച്ചുഗലും ഒപ്പത്തിനൊപ്പം, ജര്‍മനിയെയും പിടിച്ച് കെട്ടി ഹങ്കറി
യൂറോ കപ്പില്‍ മരണ ഗ്രൂപ്പില്‍ നടന്ന രണ്ട് ശക്തമായ മത്സരങ്ങളും സമനിലയായി. ഫ്രാന്‍സും പോര്‍ച്ചുഗലും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കരീം ബെന്സമയുടെയും ക്രിസ്റ്റിയാനോ റൊണോള്‍ഡോയുടെയും ഇരട്ട ഗോളുകളില്‍ മത്സരം 2-2ന് സമനിലയില്‍ കലാശിച്ചപ്പോള്‍ ഹങ്കറിയും ജര്‍മനിയും തമ്മില്‍ നടന്ന പോരാട്ടത്തില്‍ ഹങ്കറി രണ്ട് തവണ മുന്നിട്ട് നിന്ന ശേഷം 2-2ന് സമനില വഴങ്ങി.
ഫ്രാന്‍സും പോര്‍ച്ചുഗലും തമ്മിലുള്ള മത്സരത്തില്‍ 31ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിന് ലീഡ് നല്കി. എന്നാല്‍, ഇഞ്ച്വറി ടൈമില്‍ കിട്ടിയ പെനാല്‍ട്ടിയിലൂടെ കരീം ബെന്‍സേമ ഫ്രാന്‍സിനെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതി തുടങ്ങി രണ്ട് മിനുറ്റ് ആയപ്പോള്‍ ബെന്‍സേമയുടെ രണ്ടാം ഗോള്‍ ഫ്രാന്‍സിന് ലീഡ് നല്കി. എന്നാല്‍, 60ാം മിനുട്ടില്‍ ലഭിച്ച രണ്ടാം പെനാല്‍റ്റിയും ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ ടീമിനെ ഒപ്പമെത്തിച്ചു.
അതേ സമയം ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ 11ാം മിനുട്ടില്‍ ഗോള്‍ വല കുലുക്കി ഹങ്കറി ജര്‍മനിയെ ഞെട്ടിച്ചു.
66ാം മിനുട്ടില്‍ സമനില ഗോള്‍ നേടിയ ജര്‍മനിയെ വിണ്ടും ഞെട്ടിച്ചുകൊണ്ട് നിമിഷങ്ങള്‍ക്കകം ഹങ്കറിയുടെ രണ്ടാം ഗോള്‍ പിറന്നു . ആന്ദ്രെ ഷാഫര്‍ ആണ് ഹങ്കറിക്ക് വീണ്ടും ലീഡ് നല്‍കിയത്. എന്നാല്‍ 84ആം മിനുട്ടില്‍ ലിയോണ്‍ ഗോരറ്റ്സ്കയിലൂടെ പന്ത് വലയിലെത്തിച്ച് ജര്‍മനി തങ്ങളുടെ സമനില ഗോള്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."