മക്ക പ്രാർത്ഥനാ മുഖരിതം, വിശുദ്ധ ഹജ്ജിനു നാളെ (വ്യാഴം) തുടക്കം, തീർത്ഥാടകർ ഇന്ന് (ബുധൻ ) രാത്രി മുതൽ മിന താഴ്‌വാരയിലേക്ക്, ഇന്ത്യൻ ക്യാംപ് സർവ്വ സജ്ജം
മക്ക: നാഥന്റെ വിളിക്കുത്തരം നൽകി വിശുദ്ധ മക്കയിലെത്തിയ വിശ്വാസി ലക്ഷങ്ങളുടെ നാവിൽ നിന്നുയരുന്ന തൽബിയത് ധ്വനികൾ അന്തരീക്ഷത്തിൽ ഉയർന്ന പൊങ്ങി ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് നാളെ (വ്യാഴം) തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പത്ത് ലക്ഷം തീർത്ഥാടകർ പുണ്യ നഗരിയായ മിനയിൽ നാളെ (വ്യാഴം) സംഗമിക്കുന്നതോടെയാണ് ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമാകുക. യൗമുത്തർവിയതിന്റെ ദിനമായ നാളെ പകലും രാത്രിയിലും തമ്പുകളുടെ നഗരിയായ മിനായിൽ തങ്ങുന്ന ഹാജിമാർ ദുൽഹജ്ജ് ഒൻപതിന് (ജൂലൈ 08) നടക്കുന്ന ഹജ്ജിന്റെ പ്രധാന കർമ്മമായ അറഫ സംഗമത്തിന് സജ്ജമാകും. വെള്ളിയാഴ്ച്ചയാണ് ഹജ്ജിന്റെ ഏറ്റവും പരമ പ്രധാനമായ അറഫ സംഗമം.
അഷ്ടദിക്കുകളിൽ നിന്നെത്തുന്ന ഹാജിമാരെ സ്വീകരിക്കാൻ തമ്പുകളുടെ നഗരിയായ മിന സർവ്വ സജ്ജമായിക്കഴിഞ്ഞു. ഹജ്ജ് കർമ്മത്തിനായുള്ള തീർത്ഥാടകർ മുഴുവൻ മക്കയിൽ എത്തിച്ചർന്നിട്ടുണ്ട്. മദീനയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ഹാജിമാരെ മക്കയിൽ എത്തിച്ചിട്ടുണ്ട്. ഹജ്ജ് കർമ്മത്തിന്റെ ആദ്യ ഘട്ടമായ മിനയിൽ രാപാർക്കുന്നതിനായി നാളെ (വ്യാഴം) സുബ്ഹിയോടെ ഹാജിമാർ മിനയിലേക്കെത്തിച്ചേരും. ഇതിനായി ഇന്ന് (ബുധൻ) തന്നെ മിന ലക്ഷ്യമാക്കി തീർത്ഥാടകർ നീങ്ങിത്തുടങ്ങും. ഇതോടെ മിന താഴ്വാരം ശുഭ്ര വസ്ത്രധാര കേന്ദ്രമായി മാറും. മിനയിലേക്കുള്ള പാതകളെല്ലാം പാൽകടലായി മാറും. ഹാജിമാർ ഇലാഹി ചിന്തയിലും പ്രാർത്ഥാനാനയിലുമായി മുഴുകും. ദൈവീക ചിന്തയിൽ മിനായിൽ കണ്ണീർ ചാലിച്ച് ദിക്‌റിലും തസ്ബീഹിലും മുഴുകുന്ന ഹാജിമാർ വെള്ളിയാഴ്ച്ച രാവിലെയോടെ ഹജ്ജിന്റെ പ്രധാന കർമ്മമായ അറഫ സംഗമം ലക്ഷ്യമാക്കി നീങ്ങി തുടങ്ങും. വെള്ളിയാഴ്ച്ച മധ്യാഹ്‌ന നിസ്‌കാരത്തോടെയാണ് അറഫ സംഗമം ആരംഭിക്കുക. അകം നൊന്ത ഹൃദയവുമായി തീർത്ഥാടക ലക്ഷങ്ങൾ അടുത്ത കർമ്മമായ മുസ്ദലിഫയിലേക്ക് നീങ്ങി തുടങ്ങും. ഹാജിമാർക്കായുള്ള മുഴുവൻ സംവിധാനങ്ങളും മിനായിൽ സജ്ജമായിട്ടുണ്ട്.
അതേസമയം, തിരക്ക് കണക്കിലെടുത്തും കൂടുതൽ സൗകര്യത്തിനു വേണ്ടിയും തിരക്കിൽപ്പെടാതിരിക്കാൻ മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ തീർഥാടകർ ബുധനാഴ്ച വൈകിട്ട് 4 മണിയോടെ (അസർ നിസ്‌കാര ശേഷം) തന്നെ മിനായിലേക്കു നീങ്ങിത്തുടങ്ങും. ഇതിനായുള്ള നിർദേശം ഇന്ത്യൻ ഹാജിമാർക്ക് ഇന്ത്യൻ ഹജ്ജ് മിഷൻ അധികൃതർ നൽകി കഴിഞ്ഞു. ഇന്ത്യയിൽ നിന്ന് ഇത്തവണ 79,237 പേർക്കാണ് ഹജിന് അനുമതിയുള്ളത്. നാളെ (വ്യാഴം) പുലർച്ചയോടെ തന്നെ മുഴുവൻ ഹാജിമാരും മിനായിൽ എത്തിച്ചേരുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
മക്കയിൽ നിന്നും മിനയിലേക്കും മറ്റു പുണ്യ കേന്ദ്രങ്ങളിലേക്കുമെല്ലാം മുഴുവൻ ഇന്ത്യൻ ഹാജിമാർക്കും മെട്രോ ട്രെയിൻ സേവനം ലഭ്യമായിട്ടുണ്ട്. മിന, അറഫ എന്നിവിടങ്ങളിൽ മെട്രോ സ്റ്റേഷനു സമീപമാണ് ഇന്ത്യക്കാർക്കുള്ള കൂടാരം സജ്ജമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മിനായിൽ നിന്ന് അറഫ, മുസ്ദലിഫ യാത്ര എളുപ്പമാകും. തിരിച്ച് മിനായിൽ എത്താനും മശാഇർ ട്രെയിൻ സേവനം പ്രയോജനപ്പെടുത്താം.
ഇന്ത്യയിൽ നിന്നെത്തിയ 350 മെഡിക്കൽ, പാരാമെഡിക്കൽ ഉദ്യോഗസ്ഥരിൽ 12 ഡോക്ടർമാർ ഉൾപ്പടെ അമ്പതോളം മലയാളികളുണ്ട്. ഒരു ഹജ്ജ് ഒഫീഷ്യൽ അടക്കം കേരളത്തിൽ നിന്നെത്തിയ 38 വളൻറിയർമാരാണ് (ഖാദിമുല്‍ ഹുജാജ്) തീർഥാടകരെ അനുഗമിക്കുന്നത്. ഇന്ത്യയിൽ നിന്ന് ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയ ഹാജിമാരെ നയിക്കുന്ന നാലു കോഡിനേറ്റർമാരിൽ ഒരാൾ തിരൂർ ഗവണ്മെന്റ് കോളജ് അധ്യാപകൻ കൂടിയായ ഡോ: ജാബിർ ഹുദവിയാണ്. മലപ്പുറം പെരുവള്ളൂർ പറമ്പിൽപീടിക സ്വദേശിയാണ് ഇദ്ദേഹം. മറ്റ് മൂന്നുപേരും ഇതര സംസ്ഥാനക്കാരാണ്. ഒന്നര ലക്ഷം ആഭ്യന്തര ഹാജിമാരും എട്ടര ലക്ഷം വിദേശ ഹാജിമാരുമാണ് ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."