ബെഹ്‌റയുടെ പിന്‍ഗാമിയാര് ഇന്നറിയാം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാന പൊലിസ് മേധാവി കസേരയില്‍ ആരെത്തുമെന്ന് ഇന്നറിയാം. സംസ്ഥാനം നല്‍കിയ പട്ടിക പരിശോധിക്കാനുള്ള യൂനിയന്‍ പബ്ലിക് സര്‍വിസ് കമ്മിഷന്റെ യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഡല്‍ഹിയില്‍ ചേരും.
അട്ടിമറികള്‍ ഉണ്ടായില്ലെങ്കില്‍ അരുണ്‍ കുമാര്‍ സിന്‍ഹ, ടോമിന്‍ തച്ചങ്കരി, സുദേഷ്‌കുമാര്‍ എന്നിവര്‍ അന്തിമപട്ടികയില്‍ ഇടംപിടിക്കും. യു.പി.എസ്.സി ചെയര്‍മാന്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര ഇന്റലിജന്‍സ് പ്രതിനിധി എന്നിവര്‍ക്കൊപ്പം സംസ്ഥാന ചീഫ് സെക്രട്ടറിയും ഡി.ജി.പിയും പങ്കെടുക്കും.
കേരളത്തിന്റെ പട്ടികയില്‍ നിന്ന് മൂന്നുപേരുടെ അന്തിമപട്ടിക തയാറാക്കുകയാണ് യോഗത്തിന്റെ ചുമതല. 12 പേരുടെ പട്ടികയാണ് കേരളം നല്‍കിയതെങ്കിലും 30 വര്‍ഷം സര്‍വിസ് കാലാവധി തികയാത്തതിനാല്‍ മൂന്നുപേരെ ആദ്യം തന്നെ ഒഴിവാക്കിയിരുന്നു. അരുണ്‍ കുമാര്‍ സിന്‍ഹ, ടോമിന്‍ തച്ചങ്കരി, സുദേഷ്‌കുമാര്‍, ബി.സന്ധ്യ, അനില്‍കാന്ത്, നിതിന്‍ അഗര്‍വാള്‍, എസ്. ആനന്ദകൃഷ്ണന്‍, കെ.പത്മകുമാര്‍, ഹരിനാഥ് മിശ്ര എന്നിവരാണ് പട്ടികയിലുള്ളത്.
സീനിയോരിറ്റിയില്‍ ഒന്നാമനായ അരുണ്‍ കുമാര്‍ സിന്‍ഹ പട്ടികയില്‍ ഇടംപിടിക്കും. തൊട്ടുപിന്നിലുള്ള തച്ചങ്കരിക്ക് വെല്ലുവിളി അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്നതാണ്. മകള്‍ പൊലിസ് ഡ്രൈവറെ മര്‍ദിച്ച കേസും അച്ചടക്കനടപടി നേരിട്ടതും മൂന്നാം സ്ഥാനത്തുള്ള സുദേഷ്‌കുമാറിനും ഭീഷണിയാണ്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാത്തത് ഇരുവര്‍ക്കും ആശ്വാസമായേക്കും. അങ്ങനെയെങ്കില്‍ അരുണ്‍ കുമാര്‍, തച്ചങ്കരി, സുദേഷ്‌കുമാര്‍ എന്നിവര്‍ പട്ടികയില്‍ ഇടംപിടിക്കും. ഇവരെ ഒഴിവാക്കിയാല്‍ ബി.സന്ധ്യ, അനില്‍കാന്ത് തുടങ്ങിയവരിലേക്ക് പട്ടിക നീളും. 30നാണ് ബെഹ്‌റ വിരമിക്കുന്നത്. അതിനു മുന്‍പുള്ള മന്ത്രിസഭായോഗം കേന്ദ്രപട്ടികയില്‍ നിന്നൊരാളെ മേധാവിയായി നിശ്ചയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."