എ.കെ.ജി സെന്റർ ആക്രമണം അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • എ.കെ.ജി സെന്റർ ആക്രമണ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. നിലവിൽ 14 അംഗ പ്രത്യേകസംഘമാണ് കേസന്വേഷിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണം എങ്ങുമെത്താത്തതിനെ തുടർന്നാണ് ക്രൈംബ്രാഞ്ചിന് കൈമാറാൻ ആലോചിക്കുന്നത്. 70ഓളം ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതിയെക്കുറിച്ച് കൃത്യമായ സൂചന ഇതുവരെ ലഭിച്ചിട്ടില്ല. നിരവധിപേർ നിരീക്ഷണത്തിലാണെന്നാണ് പൊലിസ് നൽകുന്ന വിവരം.
എ.കെ.ജി സെൻ്റർ ആക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടിസിൽ ചർച്ചയാകാമെന്ന് സർക്കാർ സമ്മതിച്ചപ്പോൾ പ്രതി പിടിയിലായിയെന്ന അഭ്യൂഹം പരന്നിരുന്നു. എന്നാൽ, അപ്പോഴും പ്രത്യേകസംഘം പ്രതിയെ കണ്ടെത്താനായി തിരച്ചിലിലായിരുന്നു.
മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംശയകരമായ സാഹചര്യത്തിലുള്ള പലരെയും പൊലിസ് ചോദ്യംചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. ഭരണസിരാ കേന്ദ്രത്തിന് ഏതാനുംവാര അകലെ നടന്ന സംഭവത്തിൽ പ്രതിയെ ഇനിയും പിടികൂടാനാകാത്തത് പൊലിസിന് നാണക്കേടായിട്ടുണ്ട്. അതേസമയം, ആക്രമണം നടത്തിയയാൾ തന്നെയാണ് സ്ഥലത്തത്തി നിരീക്ഷണം നടത്തിയതെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ഫോടകവസ്തു എറിഞ്ഞയാൾ ഇടറോഡുകളിലൂടെ മെഡിക്കൽ കോളജ് ഭാഗത്തേക്കാണ് പോയതെന്നാണ് പൊലിസ് ഇപ്പോൾ പറയുന്നത്. അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ രണ്ടുദിവസം രഹസ്യകേന്ദ്രത്തിൽ ചോദ്യംചെയ്തിട്ടും ഒരു തുമ്പും കിട്ടിയില്ല. തുടർന്ന് ഇയാളെ ഇന്നലെ വിട്ടയയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."