' എതിരാളികള്‍ക്ക് ആയുധം നല്‍കി, ജാഗ്രത കാണിക്കണമായിരുന്നു'; സജി ചെറിയാന് സെക്രട്ടറിയറ്റില്‍ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: ഭരണഘടനയെ വിമര്‍ശിച്ച സംഭവത്തില്‍ ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മന്ത്രി സജി ചെറിയാന് രൂക്ഷവിമര്‍ശനം. എതിരാളികള്‍ക്ക് ആയുധം നല്‍കിയെന്നും വാക്കുകളില്‍ മിതത്വം വേണമെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി. മന്ത്രി എന്ന നിലയില്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്നും സര്‍ക്കാരിനെയും പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കിയെന്നും അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് വിലയിരുത്തി.
അതേസമയം, മല്ലപ്പള്ളിയിലെ പ്രസംഗത്തില്‍ സംഭവിച്ചത് നാക്കുപിഴയെന്നാണ് മന്ത്രി സജി ചെറിയാന്റെ വിശദീകരണം. വിമര്‍ശിക്കാന്‍ ശ്രമിച്ചത് ഭരണകൂടത്തെ. എന്നാല്‍ നാവ് പിഴ സംഭവിച്ച് അത് ഭരണഘടനയായെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മന്ത്രി നല്‍കിയ വിശദീകരണം.
ഇതേ നിലപാട് ആയിരുന്നു ഇന്നലെ മന്ത്രി നിയമസഭയിലും സ്വീകരിച്ചത്. പ്രസംഗിച്ചതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഇന്നലെ പറയാതെ പറഞ്ഞ സജി ചെറിയാന്‍ തന്റെ വാക്ക് ആരേലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഖേദവും ദുഖവും രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്.
മന്ത്രി തല്‍ക്കാലം രാജിവെക്കേണ്ടെന്നാണ് സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം ധാരണയായതെന്നാണ് റിപ്പോര്‍ട്ട്. പൊലിസ് കേസെടുത്താല്‍ മാത്രം അതേക്കുറിച്ച് ആലോചിക്കാമെന്നുമാണ് തീരുമാനം. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും എ വിജയരാഘവന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ആദ്യം സെക്രട്ടറിയേറ്റ് യോഗത്തിലേക്ക് എത്താതിരുന്ന സജി ചെറിയാന്‍ വൈകിയാണ് യോഗത്തിനെത്തിയത്.
തല്‍ക്കാലം രാജിയില്ലെന്ന സൂചനയാണ് മന്ത്രി സജി ചെറിയാനും സെക്രട്ടറിയറ്റ് യോഗത്തിനുശേഷം നല്‍കിയത്, രാജിവെക്കമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന്? എന്താ പ്രശ്‌നമെന്നും ഇന്നലെ എല്ലാം വിശദമായി പറഞ്ഞതല്ലേയെന്നുമാണ് മന്ത്രി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."