മുസ്‌ലിംകളുടെ ശ്മശാനം കൈയേറി ശിവക്ഷേത്രം സ്ഥാപിച്ചു; പ്രതിഷേധം ശക്തം, പ്രദേശത്ത് 144 പ്രഖ്യാപിച്ചു
അഗര്‍ത്തല: ത്രിപുരയിലെ നന്ദന്‍നഗര്‍ തന്ദ കാലിബാരി ഭാഗത്തെ മുസ്‌ലിംകളുടെ ശ്മശാനം കൈയേറി ശിവക്ഷേത്രം സ്ഥാപിച്ചതായി ആരോപണം. ശിവക്ഷേത്രം മാറ്റി ശ്മശാനം തങ്ങള്‍ക്ക് കൈമാറണമെന്നാണ് മുസ്‌ലിം വിഭാഗത്തിന്റെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് സ്ത്രീകളടക്കമുള്ള സമരക്കാര്‍ ജി.ബി ബൈപാസ് റോഡ് ഉപരോധിച്ചിരിക്കയാണ്.
ഏതാനും ഹിന്ദു യുവ ബഹിനി പ്രവര്‍ത്തകരാണ് ശ്മശാനത്തിന്റെ ഒരു ഭാഗത്ത് കഴിഞ്ഞ ദിവസം ശിവക്ഷേത്രമുണ്ടാക്കിയതെന്നാണ് ആരോപണം. ഏതാനും വര്‍ഷങ്ങളായി ഒരു വിഭാഗം ആളുകള്‍ നിയമവിരുദ്ധമായി ശ്മശാനം കൈയേറിയിരിക്കയാണെന്ന് പ്രതിഷേധക്കാരിലൊരാളായ നൂര്‍ ഇസ്‌ലാം ആരോപിച്ചു. 2019 മുതല്‍ ഈ പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. ഭൂമിയുടെ അതിര്‍ത്തി നിര്‍ണയം ഉടന്‍ നടത്തുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയെങ്കിലും ഒന്നും സംഭവിച്ചില്ല. അതിനിടെയാണ് ഒരു വിഭാഗം ആളുകള്‍ ശ്മശാനം കൈയേറി ശിവലിംഗം സ്ഥാപിച്ചത്. സംസ്ഥാനത്തിന്റെ മതസാമുദായിക ഐക്യം തകര്‍ക്കാനുള്ള നീക്കമാണിതെന്നും നൂര്‍ ഇസ്‌ലാം പറഞ്ഞു.
സംഘര്‍ഷം തടയാന്‍ ഇവിടെ ഇനിയൊരുത്തരവ് ഉണ്ടാകുന്നതു വരെ 144 പ്രഖ്യാപിച്ചിരിക്കയാണ് പ്രാദേശിക ഭരണകൂടം. തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. സാദര്‍ സബ് മജിസ്‌ട്രേറ്റ് ആഷിം സഹയാണ് 144 പ്രഖ്യാപിച്ചത്. ഉത്തരവ് ലംഘിക്കുന്നവരെ 188 വകുപ്പ് പ്രകാരം ശിക്ഷിക്കുമെന്നും മുന്നറിയിപ്പുണ്ട്.
അതിനിടെ, കഴിഞ്ഞ ദിവസം അര്‍ധരാത്രി ഹിന്ദു തീവ്ര വലതുപക്ഷ വിഭാഗക്കാര്‍ തങ്ങളുടെ ശ്മശാനം കൈയേറിയതിനെതിരെ ത്രിപുരയിലെ മുസ്‌ലിംകള്‍ പ്രതിഷേധിക്കുകയാണെന്ന് പ്രമുഖ അക്കാഡമിക്കും യുനെസ്‌കോ ചെയര്‍പേഴ്‌സണും പ്രഫസറുമായ അശോക് സ്വെയ്ന്‍ ട്വീറ്റ് ചെയ്തു. അവര്‍ ഒരിക്കലും മുസ്‌ലിംകളെ സമാധാനപരമായി ജീവിക്കാനോ മരിക്കാനോ അനുവദിക്കില്ലെന്നും അശോക് സ്വെയ്ന്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."