'വധ ഭീഷണിയുണ്ട്'; ജാമ്യം ആവശ്യപ്പെട്ട് ആള്‍ട്ട് ന്യുസ് സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: ജാമ്യം ആവശ്യപ്പെട്ട് ആള്‍ട്ട് ന്യുസ് സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ സുപ്രിം കോടതിയില്‍. മുഹമ്മദ് സുബൈറിന് വധഭീഷണി ഉണ്ടെന്നും അതില്‍ തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കോളിന് ഗോണ്‍സാല്‍വസ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ച സുപ്രിം കോടതി ജൂലൈ എട്ട് വെള്ളിയാഴ്ച കേള്‍ക്കാമെന്ന് അറിയിച്ചു. എന്നാല്‍ ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തുന്നതിനെ ആശ്രയിച്ചായിരിക്കും കേസ് വരികയെന്നും ജസ്റ്റിസ് ഇന്ദിര ബാനര്‍ജി ചൂണ്ടിക്കാട്ടി.
ഹിന്ദു സന്യാസിമാരെ വിദ്വേഷ പ്രചാരകരെന്ന് വിളിച്ചുവെന്ന് ആരോപിച്ച് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്നും സുബൈര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എഫ്.ഐ.ആര് ഒന്നു നോക്കിയാല്‍ തന്നെ കുറ്റം നിലനില്‍ക്കില്ലെന്ന് മനസിലാകുമെന്ന് കോളിന് ഗോണ്‍സാല്‍വസ് ചുണ്ടിക്കാട്ടി. അലഹാബാദ് ഹൈക്കോടതിയെ ഈ ആവശ്യവുമായി സമീപിച്ചുവെങ്കിലും ഹരജി തള്ളുകയായിരുന്നു.
ഹിന്ദു ലയണ്‍ ആര്‍മി ജില്ലാ പ്രസിഡന്റ് ഭഗവാന് ശരണ്‍ നല്കിയ പരാതിയിലാണ് യു.പി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിദ്വേഷ പ്രചാരകനായ യതി നരസിംഗാനന്ദ സരസ്വതി, ബജ്റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവരെ വിദ്വേഷ പ്രചാരകരെന്ന് ട്വീറ്റ് ചെയ്തെന്നാണ് ആരോപിച്ച കുറ്റം. സുബൈറിനെ ഈ കേസില്‍ യു.പി സീതാപൂര്‍ കോടതിയില്‍ ഡല്‍ഹി പൊലിസ് ഹാജരാക്കിയിരുന്നു. ഹിന്ദി സിനിമയിലെ ചിത്രം ട്വീറ്റ് ചെയ്തതിലൂടെ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കിയെന്ന് ആരോപിച്ച് കഴിഞ്ഞയാഴ്ചയാണ് ഡല്‍ഹി പൊലിസ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് വിവിധ കേസുകളുമായി മുന്നോട്ടുപോകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."