ബലിപെരുന്നാള്‍: നിരവധി തടവുകാര്‍ക്ക് മോചനമേകി യു.എ.ഇ ഭരണാധിപര്‍
ദുബൈ: ത്യാഗത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ബലിപെരുന്നാളിന് മുന്നോടിയായി തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് യു.എ.ഇ ഭരണാധികാരികള്‍ കാരുണ്യം കാട്ടുന്നു. ദുബൈ, ഫുജൈറ ഭരണാധികാരികളുമെല്ലാം തടവുകാരെ മോചിപ്പിച്ച് ഉത്തരവിറക്കി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 505 തടവുകാരുടെ മോചനത്തിനാണ് ഉത്തരവിട്ടത്. സുപ്രിം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി 146 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. വിവിധ രാജ്യക്കാരായ തടവുകാര്‍ക്കാണ് ഇതോടെ മോചനം ലഭിക്കുക. അതേസമയം ബലി പെരുന്നാളിനോടനുബന്ധിച്ച് 737 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടിരുന്നു. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് രാജ്യത്തെ പല ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കായിരിക്കും പ്രഖ്യാപനത്തിലൂടെ മോചനം ലഭിക്കുക. മോചിതരാക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്ന തടവുകാര്‍ക്ക് ശിക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളുണ്ടെങ്കില്‍ അവ ഏറ്റെടുക്കുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അറിയിച്ചു. യു.എ.ഇ പിന്തുടരുന്ന ക്ഷമയുടെയും സഹിഷ്ണുതയുടെയും മാനവികതയുടെയും മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഈ തീരുമാനത്തിലൂടെ മോചിതരാവുന്ന തടവുകാര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ പുതിയൊരു അധ്യായം തുടങ്ങാനും തങ്ങളുടെ കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനും സാധിക്കട്ടെയെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."