സ്വതന്ത്ര-ജനാധിപത്യ ഫലസ്തീന് രാഷ്ട്രത്തിന് പിന്തുണയെന്ന് ഇന്ത്യ
ന്യൂയോര്‍ക്ക്: സ്വതന്ത്ര ജനാധിപത്യ ഫലസ്തീന് രാഷ്ട്രത്തിന്റെ സ്ഥാപനത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ ഇന്ത്യ.
പതിറ്റാണ്ടുകളായി തുടരുന്ന പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണമെന്നും കിഴക്കന്‍ ജറൂസലേമിലും മറ്റും തുടരുന്ന സംഘര്‍ഷം ഇസ്റാഈലും ഫലസ്തീനും തമ്മിലുള്ള സമാധാന നീക്കങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഇന്ത്യക്ക് ആശങ്കയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (പടിഞ്ഞാറ്) വികാസ് സ്വരൂപ് പറഞ്ഞു. സ്വതന്ത്ര, ബാഹ്യ സഹായമില്ലാതെ നിലനില്‍ക്കാനാകുന്ന, ജനാധിപത്യ ഫലസ്തീന് രാജ്യത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഫലസ്തീനിലെ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് ഗസ്സയിലേക്ക് അടിയന്തരമായി ഔദ്യോഗിക സംവിധാനങ്ങള്‍ വഴി അന്താരാഷ്ട്ര സഹായം നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇതിനായി ഇസ്റാഈലും ഫലസ്തീനും യോജിച്ച് പ്രവര്‍ത്തിക്കണം. ഈയിടെ ഫലസ്തീനില്‍ വീണ്ടും സംഘര്‍ഷം രൂപപ്പെട്ടത് ആശങ്കാജനകമാണ്. ഇസ്റാഈലും ഫലസ്തീനും വെടിനിര്‍ത്തല്‍ കരാര്‍ മാനിക്കണമെന്നും വികാസ് സ്വരൂപ് പറഞ്ഞു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ എല്ലാ ശ്രമങ്ങള്‍ക്കും ഇന്ത്യയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."