റൊണാള്‍ഡോയുടെ കോളവിരുദ്ധ നിലപാട്: പ്രതിഫലനം പ്ലാച്ചിമടയിലും, കൊക്കോകോള വിരുദ്ധസമരം ശക്തിപ്പെടുത്താന്‍ നീക്കം
ഫൈസല്‍ കോങ്ങാട്
പാലക്കാട്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കോളവിരുദ്ധ നിലപാട് കോടിക്കണക്കിന് ആരാധകര്‍ക്കൊപ്പം ആവേശംപകരുകയാണ് ഇടക്കാലത്ത് നിലച്ചുപോയ പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധസമരത്തിനും.
യുറോ കപ്പുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനത്തിനിടെ കോളകുപ്പികള്‍ എടുത്തുമാറ്റിയ റൊണാള്‍ഡോയുടെ നടപടി പ്ലാച്ചിമടയില്‍ വീണ്ടുമൊരു കോളകമ്പനി വിരുദ്ധസമരത്തിന് തുടക്കംകുറിക്കുകയാണ്. കോളകമ്പനി പ്ലാച്ചിമടയിലും സമീപപ്രദേശങ്ങളിലും കാര്‍ഷികമേഖലയിലുണ്ടാക്കിയ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം തരണമെന്ന ആവശ്യത്തിനുവേണ്ടി മാത്രമല്ല, സംസ്ഥാന സര്‍ക്കാര്‍ കൊക്കോകോളയെ വെള്ളപൂശാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് ഇപ്പോള്‍ സമരം ശക്തിപ്പെടുത്താന്‍ സമിതി തയാറെടുക്കുന്നത്.
പ്ലാച്ചിമടയിലെ അടഞ്ഞുകിടക്കുന്ന കൊക്കോകോള പ്ലാന്റില്‍ കൊവിഡ് പ്രതിരോധത്തിനായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിച്ചത് പ്രദേശത്തെ ആളുകളെ കൈയിലെടുക്കുകയെന്ന ലക്ഷ്യമാണെന്ന് സമരസമിതി വിലയിരുത്തുന്നുണ്ട്.
കമ്പനിയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി.എസ്.ആര്‍) ഫണ്ട് ഉപയോഗിച്ച് കൊവിഡ് കെയര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനെതിരേ സമരസമിതി പരസ്യനിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വാര്‍ത്താസമ്മേളനത്തിനിടെ കോളകുപ്പിയെടുത്ത് മാറ്റിവച്ച സംഭവം കോളവിരുദ്ധസമരങ്ങള്‍ക്ക് ശക്തിപകരുന്നുവെന്നു സമരസമതി പ്രവര്‍ത്തകര്‍ പറയുന്നു.
കൊക്കോകോളയ്ക്ക് ചരിത്രത്തിലാദ്യമായി ഒരു പ്ലാന്റ് അടച്ചുപൂട്ടേണ്ടി വന്നത് പ്ലാച്ചിമട സമരം മൂലമാണ്. അവരെ സംബന്ധിച്ച് ഇതു ലോകത്തിന് മുന്നിലെ പരാജയമാണ്. ഇവിടെ നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നാല്‍ മറ്റ് പലയിടങ്ങളിലും കൊടുക്കേണ്ടിയും വരും. അതിനാലാണ് പലവിധത്തിലും അവര്‍ അതു നല്‍കാതിരിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ലോകത്തിന് മാതൃകയായ കോളവിരുദ്ധ സമരം അതിന്റെ വിജയം ഉറപ്പിക്കുന്നതുവരെ തങ്ങള്‍ പിന്‍മാറില്ലെന്ന് സമരസമിതി പ്രവര്‍ത്തകര്‍ ആവര്‍ത്തിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."