HOME
DETAILS

കൽക്കത്ത തീസിസിന്റെ പ്രേതം കമ്യൂണിസ്റ്റുകാരെ വേട്ടയാടുന്നു

  
backup
July 09 2022 | 05:07 AM

78456245132-2

പ്രൊഫ. റോണി കെ. ബേബി

കടുത്ത രാജ്യദ്രോഹമാണ് സജി ചെറിയാൻ ഇന്ത്യയുടെ മഹത്തായ ഭരണഘടനയെ അവഹേളിച്ചതിലൂടെ ചെയ്തത്. മന്ത്രിസ്ഥാനം രാജിവച്ചിട്ടും പ്രസ്താവനയിലെ തെറ്റ് സമ്മതിക്കാനും ഖേദം പ്രകടിപ്പിക്കാനും അദ്ദേഹം തയാറായിട്ടില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെയും ഭരണഘടനയേയും അംഗീകരിക്കാനുള്ള കമ്യൂണിസ്റ്റുകാരുടെ വൈമനസ്യം തന്നെയാണ് തുടർച്ചയായ ഈ അവഹേളനത്തിനു പിന്നിൽ. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണം മുതൽ അതിനൊരിക്കലും ഒരു ദേശീയ കാഴ്ചപ്പാടോ രാജ്യത്തിൻ്റെ സ്വാതന്ത്ര്യസമരത്തോടും ഭരണഘടനയോടും യാതൊരു ആഭിമുഖ്യമോ ഉണ്ടായിരുന്നില്ലെന്ന് ചരിത്രം പരിശോധിച്ചാൽ കാണാൻ സാധിക്കും. 1948 ഫെബ്രുവരിയിൽ നടന്ന രണ്ടാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച 'കൽക്കത്ത തീസിസി'ലൂടെ 'ഇന്ത്യയുടെ സ്വാതന്ത്ര്യം ഒരു മിഥ്യയാണെന്നും സ്വാതന്ത്ര്യമെന്നു ദേശീയ നേതൃത്വം പറയുന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വവും ഇന്ത്യൻ ബൂർഷ്വാസിയും തമ്മിൽ ഏർപ്പെട്ടിട്ടുള്ള ഒരു ഗൂഢവേഴ്ച മാത്രമാണെന്നും, സായുധ വിപ്ലവത്തിലൂടെ ഗവൺമെന്റിനെ അട്ടിമറിച്ച് യഥാർഥ ജനകീയ ജനാധിപത്യ ഗവൺമെൻ്റ് സ്ഥാപിക്കാനുള്ള നേതൃത്വം നൽകുകയാണ് കമ്യൂണിസ്റ്റ് പാർട്ടി ചെയ്യേണ്ടതെന്നും' പറഞ്ഞത് സജി ചെറിയാനെപ്പോലെയുള്ള നേതാക്കന്മാരിലൂടെ വീണ്ടും വീണ്ടും പുറത്തുവരികയാണ്.


ദേശീയ സ്വാതന്ത്ര്യസമരം ആയിരുന്നില്ല മറിച്ച് പൗരസ്ത്യ ദേശങ്ങളിൽ മാർക്സിയൻ സിദ്ധാന്തത്തിൽ അധിഷ്ഠിതമായ വർഗസമരത്തിനും വിപ്ലവത്തിനും വേണ്ടിയുള്ള സോവിയറ്റ് യൂനിയന്റെ നിർദേശമനുസരിച്ചായിരുന്നു ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണമെന്ന് ഇ.എം.എസ് നമ്പൂതിരിപ്പാട് തന്നെ സമ്മതിച്ചിട്ടുള്ളതാണ്. 'ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം 1920 – 1998' എന്ന തന്റെ പുസ്തകത്തിൽ പത്തൊൻപതാം പേജിൽ ഇ.എം.എസ് ഇങ്ങനെ എഴുതിയിരിക്കുന്നു – 'അതായത് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം നൽകിയത് ഇന്റർനാഷനലാണ്; അങ്ങനെ ഇന്റർനാഷനലിന്റെ നിർദേശമനുസരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർദേശമനുസരിച്ചാണ് കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്നത്'. ഇന്നും ഇന്ത്യയുടെ ദേശീയബോധത്തിനൊപ്പം ലയിച്ചുചേർന്നിട്ടില്ലാത്ത സജി ചെറിയാനെപ്പോലെയുള്ള കമ്യൂണിസ്റ്റ് നേതാക്കന്മാർക്ക് എങ്ങനെ ഈ രാജ്യത്തിന്റെ ജനാധിപത്യ പരമാധികാര ഭരണഘടനയോട് കൂറു പുലർത്താൻ കഴിയും?
രണ്ടുവർഷവും പതിനൊന്നു മാസവും പതിനെട്ട് ദിവസവും എടുത്ത് രാഷ്ട്രീയത്തിന് അതീതമായി ഇന്ത്യയിലെ പ്രമുഖ നിയമ പണ്ഡിതൻമാർ അടങ്ങിയ ഭരണഘടനാ നിർമാണസഭ തയാറാക്കിയ ഭരണഘടന സജി ചെറിയാന് ബ്രിട്ടീഷുകാരുടെ കൂലി എഴുത്തുകാര് എഴുതിവച്ചതാണത്രേ. ഡോ. ബി.ആർ അംബേദ്ക്കർ, ഡോ. രാജേന്ദ്ര പ്രസാദ്, അല്ലടി കൃഷ്ണസ്വാമി അയ്യർ, ഡോ. കെ.എം മുൻഷി, ബി.എൻ റാവു, സയ്യിദ് മുഹമ്മദ് സഅദുല്ല, ഡോ. പുരുഷോത്തം ദാസ് ടണ്ടൻ, എൻ. ഗോപാലസ്വാമി അയ്യങ്കാർ, ടി.ടി കൃഷ്ണമാചാരി, ദുര്‍ഗാഭായ് ദേശ്മുഖ്, രേണുക റായ് തുടങ്ങിയവരൊക്കെ വെറും കൂലിയെഴുത്തുകാരായിരുന്നുവത്രെ. അദ്ദേഹത്തിൻ്റെ ചരിത്രബോധം അപാരംതന്നെ. അന്ന് ലോകത്തെതന്നെ ഏറ്റവും മികച്ച നിയമപണ്ഡിതരെയും ഭരണഘടനാ വിദഗ്ധരെയും ഉൾപ്പെടുത്തിയാണ് ഭരണഘടനാ നിർമാണസഭക്ക് രൂപംനൽകിയത്.


ഒരിക്കൽപ്പോലും ഇന്ത്യയുടെ ഭരണഘടന കാണുകയും വായിക്കുകയും ചെയ്യാൻ ഒരു സാധ്യതയും ഇല്ലാത്തതുകൊണ്ടാവും ഭരണഘടനക്കെതിരേ സജി ചെറിയാൻ അവഹേളനത്തിന് മുതിർന്നതെന്ന് കരുതുന്നതാവും ഉചിതം. കാരണം ഇന്ത്യയുടെ ഭരണഘടനയെക്കുറിച്ച് അൽപ്പമെങ്കിലും അറിവുള്ള ഒരാളുപോലും ഭരണഘടന ചൂഷണത്തിന് കൂട്ടുനിന്നു എന്ന വിമർശനം ഒരിക്കലും ഉയർത്തുകയില്ല. സാമൂഹിക അനീതികൾക്കെതിരേ പ്രതികരിക്കുന്ന ലോകത്തെ ഏറ്റവും വിപ്ലവകരമായ ഭരണഘടന ഇന്ത്യയുടേതാണ്. ചൂഷണത്തിനെതിരായ അവകാശം മൗലികാവകാശമായി പ്രഖ്യാപിച്ച (ആർട്ടിക്കിൾ 23,24 ) അപൂർവം ഭരണഘടനകളിൽ ഒന്ന് ഇന്ത്യയുടേതാണ്. ഇഷ്ടമുള്ള തൊഴിലെടുത്ത് ജീവിക്കാനും സംഘടിക്കാനും ട്രേഡ് യൂനിയനുകൾ രൂപീകരിക്കാനും മൗലികാവകാശം ഉറപ്പുനൽകുന്നത് ഈ ഭരണഘടനയിലാണ്. ആമുഖത്തിൽ തങ്കലിപികളാൽ ഒന്നാമത് ഉറപ്പുനൽകപ്പെട്ട വാക്കുകളാണ് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി.


മാർഗനിർദേശക തത്വങ്ങളിൽ തുല്യ ജോലിക്ക് തുല്യ പ്രതിഫലവും, തൊഴിലാളികൾക്കുള്ള ജീവിതവരുമാനം വ്യവസായ നടത്തിപ്പിൽ തൊഴിലാളികളുടെ പങ്കാളിത്തം, പട്ടിക ജാതി-പട്ടികവർഗം എന്നിവരുടെയും മറ്റു പിന്നോക്ക മേഖലയിലുള്ളവരുടെയും സാമ്പത്തിക, വിദ്യാഭ്യാസ പുരോഗതി, കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഉൾപ്പെടെ എത്രയോ വിപ്ലവകരമായ നിർദേശങ്ങൾ. ഭരണഘടനയുടെ ഒന്നാം ഭേദഗതി ജൻമിത്വം അവസാനിപ്പിക്കാനുള്ള സമീന്ദാരീ അബോളിഷൻ ആക്ടാണ്. ഇതുപോലെ ഭൂപരിഷ്‌കരണ നിയമങ്ങൾ, ദുർബല ജനവിഭാഗങ്ങൾക്കുള്ള സംവരണം, തൊഴിലുറപ്പു പദ്ധതികൾ, ബാങ്ക് ദേശസാൽക്കരണം, മിനിമം വേജസ് ആക്ട് തുടങ്ങി ഭരണഘടനയുടെ ചുവടുപിടിച്ച് ഇന്ത്യയിൽ നടപ്പാക്കിയ എത്രയോ വിപ്ലവകരമായ നിയമനിർമാണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. ഇതൊക്കെ കാണണമെങ്കിൽ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ കണ്ണടകൾ മാറ്റിവച്ച് നേർബുദ്ധിക്ക് ചിന്തിക്കണം, കാര്യങ്ങളെ കാണണം.


കഴിഞ്ഞ ഏഴു പതിറ്റാണ്ടുകൾ പിന്തിരിഞ്ഞുനോക്കിയാൽ ഇന്ത്യയെ ഇന്ത്യയായിത്തന്നെ നിലനിർത്തിയത് ആരാണെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. അത് നമ്മുടെ മഹത്തായ ഭരണഘടനയാണ്. ഇന്ത്യയെന്ന ആശയത്തിന്റെ അനിതരസാധാരണമായ കരുത്ത് പ്രതിഫലിക്കുന്നത് ഭരണഘടനയിലാണ്. സ്വാതന്ത്ര്യാനന്തരം ഭരണഘടനയാണ് ഇന്ത്യ എന്ന മഹത്തായ ആശയത്തിന്റെ എക്കാലത്തെയും ആധാരശില. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളിലേറെയായി എങ്ങനെയാണ് വൈവിധ്യങ്ങുടെ ഈ ഭൂമികയെ ഭരണഘടന ഇങ്ങനെ ചേര്‍ത്തുനിര്‍ത്തുന്നതെന്ന് ആലോചിക്കുമ്പോൾ അതിന്റെ അന്വേഷണം എത്തുന്നത് ധിഷണാശാലികളും വിവേകമതികളുമായ ഭരണഘടനാ ശിൽപികളുടെ ഈ രാജ്യത്തെക്കുറിച്ചുള്ള സ്വപ്നങ്ങളിൽ തന്നെയാണ്. ഭരണഘടനാ ശിൽപ്പികൾ മഹത്തായ ഇന്ത്യ എന്ന ആശയത്തെ നിര്‍വചിക്കുകയും വൈവിധ്യങ്ങളെ ബഹുമാനപൂര്‍വം സ്വീകരിക്കുകയും ചെയ്തു. ഭാവിയില്‍ ഭരണഘടനക്ക് മേല്‍ ഉണ്ടാകാനിടയുള്ള കൈയേറ്റങ്ങള്‍ മുൻകൂട്ടിക്കണ്ട് അതിനെ പ്രതിരോധിക്കാനുള്ള കവചങ്ങൾ അന്നേ ഒരുക്കിവച്ചു. അവർ എഴുതിവച്ച ഭരണഘടനയാണ് നമ്മുടെ രാജ്യത്തെ, ഇന്ത്യയെന്ന മഹത്തായ രാഷ്ട്രീയ ആശയത്തെ ഇത്രയും കാലം തകരാതെ നിലനിറുത്തിയത്. വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും കലവറയായ ഇന്ത്യയിൽ 'നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ' എന്നാരംഭിക്കുന്ന ഭരണഘടന ഇവിടുത്തെ ജനങ്ങളെ മതത്തിന്റെയോ ജാതിയുടെയോ വർഗ, വർണ, ലിംഗ വ്യത്യാസങ്ങളുടെയോ ഒന്നും പേരിലല്ല പരിഗണിച്ചത്.


ഇന്നേക്ക് കൃത്യം എഴുപത്തിയഞ്ചു വര്‍ഷങ്ങൾക്ക് മുമ്പ് ഭരണഘടനയുടെ ആമുഖത്തിലൂടെ നെഹ്‌റു പാകിയ ജനാധിപത്യത്തിന്റെ നങ്കൂരമാണ് ഇന്നും ഈ രാജ്യത്തെ പിടിച്ചുനിർത്തുന്നത്. അന്ന് പാകിയ ദാർശനികശിലകളിൽ ഭരണഘടന എന്ന മനോഹര സൗധം പടുത്തുയർത്തിയത് അംബേദ്ക്കറാണ്. തികഞ്ഞ പ്രായോഗികതയായിരുന്നു അദ്ദേഹത്തിൻ്റെ അടിത്തറ. തികഞ്ഞ കോണ്‍ഗ്രസ് വിരുദ്ധന്‍. ഗാന്ധിയുടെ വിമര്‍ശകന്‍ പോലുമായിരുന്നു പലപ്പോഴും അംബേദ്ക്കർ. ഭരണഘടനക്കും സ്വാതന്ത്ര്യാനന്തര ഇന്ത്യക്കും സംഭവിക്കാനിരിക്കുന്ന വിപത്തുകളെ അദ്ദേഹം മുന്‍കൂട്ടി കണ്ടു.
ഭരണഘടനാ നിര്‍മാണസഭയില്‍ ഡോ. അംബേദ്കര്‍ നടത്തിയ അവസാന പ്രസംഗത്തിൽ ഭാവി ഇന്ത്യ നേരിടാൻ പോകുന്ന വെല്ലുവിളികളെക്കുറിച്ചുള്ള എല്ലാ ആശങ്കകളും ഉണ്ട്. 'ഭരണഘടനയുടെ മേന്മയെപ്പറ്റി ഞാന്‍ അധികമായി സംസാരിക്കുന്നില്ല. എത്ര മികച്ച ഭരണഘടനയായിരുന്നാലും അതിനെ ചലിപ്പിക്കുന്നവര്‍ മോശക്കാരാണെങ്കില്‍ അത് മോശപ്പെട്ട ഒന്നായിത്തീരും. എത്ര മോശപ്പെട്ട ഭരണഘടനയായിരുന്നാലും ചലിപ്പിക്കുന്നവര്‍ നല്ലതായിരുന്നാല്‍ അത് വലിയൊരളവില്‍ നല്ലതായിരിക്കും. ലെജിസ്ലേറ്ററും എക്സിക്യൂട്ടിവും ജുഡീഷ്യറിയും ഉള്‍പ്പെടുന്നവയെ സജ്ജീകരിക്കാന്‍ മാത്രമേ അതിന് കഴിയൂ. അവയുടെ പ്രവര്‍ത്തനം പൊതുജനങ്ങളെയും രാഷ്ട്രീയപാര്‍ട്ടികളെയും ആശ്രയിച്ചേ നില്‍ക്കൂ'. അംബേദ്ക്കർ തുടരുന്നു – ഭരണഘടനാ സാന്മാർഗികത ഒരു സ്വാഭാവിക വികാരമല്ല, അത് ഊട്ടിവളർത്തണം. നമ്മുടെ ജനത ഇനിയുമത് പഠിച്ചിട്ടില്ലെന്ന് നാം മനസ്സിലാക്കണം. ഇന്ത്യൻ മണ്ണ് സത്താപരമായി ജനാധിപത്യരഹിതമാണ്; അതിന്റെ മേൽമണ്ണ് മാത്രമാണ് ഇന്ത്യയിലെ ജനാധിപത്യം'. ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ച എല്ലാ ആശങ്കകളും അംബേദ്ക്കറുടെ ഈ വാക്കുകളിലുണ്ട്. അദ്ദേഹത്തിൻ്റെ ഈ ആശങ്കകൾ എത്രമാത്രം ശരിയായിരുന്നുവെന്ന് സജി ചെറിയാനെപ്പോലെയുള്ളവർ നമ്മളെ വീണ്ടും ഓർമിപ്പിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago