തുന്ന്
ആകെ മുഷിഞ്ഞിരുന്നൊരു വൈകുന്നേരമാണ് അയാള്‍ ആദ്യമായി ഓഫിസിലേക്കു കയറിവന്നത്. കീബോര്‍ഡില്‍ വിരലോടുന്നതിന്റെ കടകടാ ശബ്ദവും മൗസ് ക്ലിക്കുകളുടെ മൂളലും മാത്രമുള്ള ഒരു വലിയ മുറി; ഏതേതോ ലോകങ്ങളിലിരുന്ന് പണിതീര്‍ക്കുന്ന ഞങ്ങള്‍ നാലുപേര്‍. ഇടയ്ക്കിടെയുള്ള ചെറിയ നോട്ടങ്ങളല്ലാതെ മറ്റു മിണ്ടാട്ടങ്ങളില്ല. അകത്തു കയറിയെങ്കിലും ആരും ഗൗനിക്കാത്തതുകൊണ്ട്, എല്ലാവരോടുമെന്നതുപോലെ അയാള്‍ പറഞ്ഞു: 'പുസ്തകങ്ങള്‍ കൈയിലില്ലെങ്കില്‍ പകലിനും രാത്രിക്കും നീളം കൂടുതലാണ്.'
ഓഫിസിന്റെ മട്ടും പടുതിയും കണ്ടിട്ടാവണം, നന്നേ ശബ്ദം താഴ്ത്തിയാണ് അയാള്‍ സംസാരിച്ചത്. 'വായിച്ചു തുടങ്ങിയാല്‍ ക്ലോക്കിന്റെ സൂചി ഓടുന്നത് നമ്മള്‍ അറിയില്ല. ഭൂമി കറങ്ങുന്നതും സൂര്യന്‍ അസ്തമിക്കുന്നതും നിലാവുദിക്കുന്നതും അറിയില്ല'
ആരും ശ്രദ്ധിക്കുന്നില്ലെന്നു മനസിലാക്കിയിട്ടും അയാള്‍ നിര്‍ത്തിയില്ല. 'പുസ്തകങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത, അത് നമ്മളെ വേറൊരു ലോകത്ത്, വേറൊരുതരം മനുഷ്യരാക്കി മാറ്റുമെന്നതാണ്'. അയാള്‍ പിന്നെയും എന്തെല്ലാമോ പറഞ്ഞു. ആരും അവിടേക്കു ചെവികൊടുത്തില്ല. എല്ലാവരെയും ഒന്നു നോക്കിയശേഷം, ചെറുതായൊന്നു പുഞ്ചിരിച്ചുകൊണ്ട് അയാള്‍ പുറത്തേക്കു നടന്നു. അപ്പോള്‍ അയാള്‍ ഉടുത്തിരുന്ന ഒറ്റമുണ്ടിലെ നീളന്‍ തുന്നലുകള്‍ ഞാന്‍ കണ്ടു. എന്തോ, എനിക്കു ചെറിയ പ്രയാസം തോന്നി. എഴുന്നേറ്റുചെന്ന് അയാളെ വിളിച്ചു. തോള്‍ബാഗില്‍നിന്ന് ഒരു പുസ്തകം എനിക്കു നീട്ടി. പുസ്തകം വാങ്ങി മേശപ്പുറത്തിട്ടതല്ലാതെ പേജ് മറിക്കാന്‍പോലും ഞാനതെടുത്തില്ല. എന്തോ വലിയ അപരാധം ചെയ്തവനെപ്പോലെ ബാക്കിയുള്ളവര്‍ എന്നെ ചൂഴ്ന്നുനോക്കി.
മാസങ്ങളുടെ ഇടവേളകളില്‍ അയാള്‍ പിന്നെയും വന്നു. പുസ്തകങ്ങളെക്കുറിച്ച് ചിലതു സംസാരിക്കും. ആരും ചെവികൊടുക്കില്ല. അവിടെവരെ വന്നതിന്റെ വണ്ടിക്കാശുപോലെ കുറച്ചുനോട്ടുകള്‍ ഞാന്‍ കൈയില്‍വയ്ക്കും. അപ്പോളയാള്‍ പുസ്തകം നീട്ടുമെങ്കിലും ഞാനതു വാങ്ങില്ല. അയാള്‍ മടങ്ങും.
ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷമാണ് അയാളുടെ തലവെട്ടം വീണ്ടും കണ്ടത്. ഉണ്ടായിരുന്ന നാലുപേരില്‍ രണ്ടുപേര്‍ പിരിഞ്ഞുപോവുകയും പുതുതായി രണ്ടുപേര്‍ വരികയും ചെയ്തു എന്നതൊഴിച്ചാല്‍ ഓഫിസിന് യാതൊരു മാറ്റവും സംഭവിച്ചിരുന്നില്ല. എല്ലാം പഴയപടിതന്നെ; കീബോര്‍ഡിന്റെ കടകടാ ശബ്ദം, മൗസ് ക്ലിക്കിന്റെ മൂളല്‍, എല്ലാം.
ഇത്തവണ അയാള്‍ യാതൊന്നും പറഞ്ഞില്ല. തോള്‍സഞ്ചിയില്‍നിന്നു ലോട്ടറി ടിക്കറ്റുകളെടുത്തു നീട്ടി. ഞാനൊഴികെ മൂന്നുപേരും അതുവാങ്ങി. തിരിച്ചിറങ്ങുമ്പോള്‍ അയാള്‍ പറഞ്ഞു: 'സാറ് അറിഞ്ഞുകാണുമല്ലോ, ഗവണ്‍മെന്റ് പുസ്തകങ്ങള്‍ അച്ചടിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചു'. പത്രം വായിക്കുകയോ, മറ്റുള്ളവരുമായി സംസാരിക്കുകയോ ചെയ്യാത്തതുകൊണ്ട് എനിക്കതില്‍ വലിയ അതിശയം ഒന്നും തോന്നിയില്ല.
'പുസ്തകങ്ങളില്ലാത്ത ലോകം വെളിച്ചമില്ലാത്ത ഭൂമിപോലെയാണ്'.
അയാളുടെ ശബ്ദത്തില്‍ വിഷാദം നിറഞ്ഞു. തുന്നലുകളില്ലാത്ത, പുതിയ ഒറ്റമുണ്ട് മടക്കിക്കുത്തി അയാള്‍ നടന്നുപോയി.
തിരികെവന്ന് സീറ്റിലിരുന്ന് കഴിഞ്ഞപ്പോള്‍ പണ്ടുവാങ്ങിയ പുസ്തകം എവിടെയെന്നു തപ്പിനോക്കി. ഫയലുകള്‍ക്കടിയില്‍ നിന്ന് പ്രയാസപ്പെട്ട് അതെടുത്തു. പൊടി തൂത്തുകളഞ്ഞശേഷം, ഞാന്‍ അതിന്റെ കവറിലേക്കുനോക്കി; അഭയാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."