പള്‍സര്‍ സുനിക്കൊപ്പമുള്ള ദിലീപിന്റെ ഫോട്ടോ വ്യാജം; നടിയെ ആക്രമിച്ച കേസില്‍ വെളിപ്പെടുത്തലുമായി മുന്‍ ഡി.ജി.പി ആര് ശ്രീലേഖ
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ പൊലീസിനെതിരെ മുന്‍ ജയില്‍ ഡിജിപി ശ്രീലേഖ ഐപിഎസ്. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ ഐപിഎസിന്റെ ആരോപണം. പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്ക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ഫോട്ടോ ഷോപ്പ് ചെയ്തതാണ്. അക്കാര്യം പൊലീസുകാര്‍ തന്നെ സമ്മതിച്ചതാണെന്നും തെളിവ് വേണ്ടിയുണ്ടാക്കിയതാണെന്നാണ് പറഞ്ഞതെന്നും ശ്രീലേഖ പറയുന്നു. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണം.
ജയിലില്‍ നിന്ന് എഴുതിയതായി പറയപ്പെടുന്ന കത്ത് തയ്യാറാക്കിയത് പള്‍സര്‍ സുനിയല്ല. അത് സഹതടവുകാരന്റെ കയ്യെഴുത്തായിരുന്നു. ജയിലുകളില്‍ മേസ്തിരി എന്നൊരു സംവിധാനമുണ്ട്. അയാളെക്കൊണ്ടാണ് (വിപിന്‍ലാല്‍) കത്തെഴുതിച്ചത്. ജയിലില്‍ നിന്നെഴുതുന്ന കത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ വായിച്ചുനോക്കിയിട്ടാണ് പോസ്റ്റ് ചെയ്യുന്നത്. രഹസ്യമായി കത്തെഴുതുന്ന പരിപാടി ജയിലില്‍ നടക്കില്ല.
പള്‍സര്‍ സുനില്‍ മുമ്പും നടിമാരെ ആക്രമിച്ച കാര്യം തനിക്കറിയാമെന്നും പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്നും ശ്രീലേഖ പറയുന്നു.
എനിക്ക് വളരെ അടുപ്പമുള്ള രണ്ട് മൂന്ന് നടിമാര്‍ ഇയാളെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. പല രീതിയിലും ഇയാള്‍ പലതും പറഞ്ഞ് അടുത്തൂകൂടി, ഡ്രൈവര്‍ ആയും മറ്റും പലരുടെയും വിശ്വാസ്യത മുതലെടുത്തു. ഈ നടിമാരെ പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോയി ,മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക് മെയില്‍ ചെയ്ത കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്.
എന്തുകൊണ്ട് ഇത് പൊലീസില്‍ പറഞ്ഞില്ലെന്നും പരാതിപ്പെട്ടില്ലെന്നും ഒന്ന് രണ്ട് പേരോട് ആ സമയത്ത് തന്നെ ഞാന്‍ ചോദിച്ചിട്ടുണ്ട്. കരിയര്‍ ഓര്‍ത്തും കേസിന് പുറകേ പോകണമെന്നും ഓര്‍ത്ത് പണം കൊടുത്ത് അയാളെ സെറ്റ് ചെയ്തെന്നാണ് അവര്‍ പറഞ്ഞത്.
പള്‍സര്‍ സുനിയും കൂട്ടരും ക്വട്ടേഷന്‍ സംഘങ്ങളാണോയെന്ന് തനിക്ക് ഇപ്പോഴും സംശയമുണ്ട്.
ഇവര്‍ ചെയ്ത മുന്‍കാല പ്രവര്‍ത്തികള്‍ മുഴുവന്‍ സ്വയം കാശുണ്ടാക്കാനും ആളുകളെ ഭീഷണിപ്പെടുത്തി പണംതട്ടാനുമാണെന്നും ശ്രീലേഖ പറഞ്ഞു. കേസില്‍ ആദ്യ കുറ്റപത്രം
സമര്‍പ്പിച്ചതിന് ശേഷമാണ് പള്‍സര്‍ സുനി അയച്ചെന്ന് പറയുന്ന കത്ത് അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നും ശ്രീലേഖ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."