ഡാനിഷ് വീര്യം
ആംസ്റ്റര്‍ഡാം: യൂറോകപ്പിന്റെ പ്രീക്വാര്‍ട്ടറിലെ ആദ്യ മത്സരത്തില്‍ ഗോള്‍ മഴ. ഇന്നലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളിന് വെയില്‍സിനെതിരേ ഡെന്മാര്ക്കാണ് ഗോള്‍ മഴ പെയ്യിച്ചത്. 53 ശതമാനം പന്ത് കൈവശം വച്ച് കളിച്ച ഡെന്മാര്ക്ക് ഒത്തിണക്കം കാട്ടിയതോടെയാണ് കൂടുതല്‍ ഗോളുകള്‍ നേടാന്‍ കഴിഞ്ഞത്.
മത്സരം മികച്ച രീതില്‍ മുന്നോട്ട് പോവുന്നതിനിടെ 27ാം മിനുട്ടില്‍ കാസ്പര്‍ ഡോള്ബര്ഗാണ് ഡെന്മാര്ക്കിന്റെ ആദ്യ ഗോള്‍ സ്വന്തമാക്കിയത്. പിന്നീട് ഇരു ടീമുകള്‍ക്കും ഗോളൊന്നും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ആദ്യ പകുതിയില്‍ ഡെന്മാര്ക്ക് ഒരു ഗോളിന്റെ ലീഡ് നേടി. രണ്ടാം പകുതിക്ക് ശേഷം ഡോള്‍ബര്‍ഗ് വീണ്ടും ലക്ഷ്യം കണ്ടു. 48ാം മിനുട്ടിലായിരുന്നു ഡോള്‍ബര്‍ഗിന്റെ രണ്ടാം ഗോള്‍ പിറന്നത്. ഗോള്‍ മടക്കാനായി വെയില്‍സ് ഉണര്‍ന്ന് കളിച്ചെങ്കിലും ഡെന്മാര്ക്കിന്റെ പ്രതിരോധം തകര്‍ക്കാന്‍ കഴിഞ്ഞില്ല. 88ാം മിനുട്ടില്‍ യോക്കിം മെഹ്ലെ ഡെന്മാര്ക്കിന്റെ മൂന്നാം ഗോളും സ്വന്തമാക്കി. ഇതോടെ വെയില്‍സിന്റെ തിരിച്ചുവരവ് അസാധ്യമായി. തോല്‍വി ഉറപ്പിച്ച വെയില്‍സ് പരുക്കന്‍ കളികള്‍ പുറത്തെടുത്തു. 90ാം മിനുട്ടില്‍ ഹാരി വില്‍സണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ വെയില്‍സ് പത്തുപേരായി ചുരുങ്ങി. ഈ അവസരം മുതലെടുത്ത് ഡെന്മാര്ക്ക് വീണ്ടും ഗോള്‍ സ്വന്തമാക്കി. 94ാം മിനുട്ടില്‍ മാര്ട്ടിന് ബ്രാത്വൈറ്റായിരുന്നു ഡെന്മാര്ക്കിന്റെ നാലാം ഗോള്‍ സ്വന്തമാക്കിയത്. ഇതോടെ ഡെന്മാര്ക്ക് യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. 1992ന് ശേഷം ആദ്യമായാണ് ഡെന്മാര്ക്ക് യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."