രാമനാട്ടുകര വാഹനാപകടം; സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി തെളിവെടുപ്പ് നടത്തി
കൊണ്ടോട്ടി (മലപ്പുറം): രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.
കരിപ്പൂര്‍ വിമാനത്താവള ടെര്‍മിനല്‍, സ്വര്‍ണക്കടത്ത് സംഘം തമ്പടിച്ച വിമാനത്താവള കവാട പരിസരം, സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ നുഅ്മാന്‍ ജങ്ഷന്‍ സമീപത്തെ പുളിക്കല്‍ ടവര്‍, അപകടമുണ്ടായ ദേശീയപാതയിലെ രാമനാട്ടുകര പുളിഞ്ചോട് എന്നിവിടങ്ങളിലാണ് പ്രതികളുമായി പൊലിസ് തെളിവെടുപ്പ് നടത്തിയത്.
ശനിയാഴ്ച രാവിലെ പത്തരയോടെ തുടങ്ങിയ തെളിവെടുപ്പ് ഉച്ചയോടെ അവസാനിച്ചു. കനത്ത മഴ കാരണം കസ്റ്റഡിയിലുള്ള അഞ്ചുപേരില്‍ ചിലരെ മാത്രമാണ് പുറത്തിറക്കി തെളിവെടുപ്പ് നടത്തിയത്. സംഭവ ദിവസം പ്രതികള്‍ കണ്ണൂര്‍ സംഘവുമായി വിമാനത്താവള റോഡില്‍ സോഡാക്കുപ്പി എറിഞ്ഞ് ആക്രമണം നടത്തിയിരുന്നു.
പാലക്കാട് നെല്ലായ ചെരളി ഫൈസല്‍ (24), വല്ലപ്പുഴ കടക്കാശ്ശേരി വളപ്പില്‍ ഷാനിദ് (32), വല്ലപ്പുഴ പുത്തന്‍പീടിയേക്കല്‍ ഹസ്സന്‍ (35), മുളയങ്കാവ് സലീം (28), തൃത്താല നടയ്ക്കല്‍ മുബഷിര്‍ (27) എന്നിവരെയാണ് പൊലിസ് അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങിയത്.
അഞ്ചു ദിവസത്തേക്കാണ് നിലമ്പൂര്‍ കോടതി പ്രതികളെ കസ്റ്റഡിയില്‍ നല്‍കിയത്. കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്‌റഫിന്റെ നേതൃത്വത്തിലാണ് പ്രതികളെ ചോദ്യംചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."