ലക്ഷദ്വീപില്‍ കടല്‍ തീരത്തെ കെട്ടിടങ്ങളും പൊളിച്ചു മാറ്റുന്നു
കവരത്തി: ലക്ഷദ്വീപില്‍ വീണ്ടും കെട്ടിടങ്ങള്‍ പൊളിക്കാനുള്ള നീക്കവുമായി ഭരണകൂടം. കടല്‍തീരത്ത് നിന്ന് 20 മീറ്റര്‍ വരെ അകലെയുള്ള കെട്ടിടങ്ങളാണ് പൊളിക്കുക. 20 മീറ്റര്‍ പരിധിയിലുള്ള കെട്ടിടങ്ങള്‍ നിയമവിരുദ്ധമാനെന്ന് കാണിച്ച് ഉടമകള്‍ക്ക് നോട്ടിസ് നല്‍കി. കവരത്തിയില്‍ നിരവധി പേര്‍ക്ക് നോട്ടിസ് ലഭിച്ചിട്ടുണ്ട്. ആള്‍പ്പാര്‍പ്പില്ലാത്ത ഷെഡ്ഡുകള്‍ പൊളിക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.
ചെറിയം ദ്വീപിലെ ഷെഡുകള്‍ പൊളിച്ചുമാറ്റണമെന്ന് ലക്ഷദ്വീപ് ഭരണകൂടം കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. നിര്‍മാണങ്ങള്‍ ഏഴ് ദിവസത്തിനുള്ളില്‍ പൊളിക്കണം. പൊളിച്ചില്ലങ്കില്‍ റവന്യു വകുപ്പ് പൊളിച്ചുമാറ്റുമെന്നും നോട്ടിസില്‍ പറയുന്നുണ്ട്. പൊളിച്ചുമാറ്റുന്നതിന് ഉണ്ടാകുന്ന ചെലവ് ഉടമകളില്‍ നിന്ന് ഈടാക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. ലക്ഷദ്വീപിലെ ആള്‍താമസമില്ലാത്ത ടൂറിസം ദ്വീപില്‍ പെട്ടതാണ് ചെറിയം ദ്വീപ്.
നേരത്തെയും സമാന രീതിയില്‍ ലക്ഷദ്വീപ് ഭരണകൂടം മത്സ്യതൊഴിലാളികളുടെ ഷെഡ്ഡുകള്‍ പൊളിച്ചു മാറ്റിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ദ്വീപില്‍ ഉയര്‍ന്നത്.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ രണ്ട് വിവാദ ഉത്തരവുകള്‍ ഹൈകോടതി സ്‌റ്റേ ചെയ്തിരുന്നു. ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവും സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍നിന്നും ബീഫും ചിക്കനും ഒഴിവാക്കണമെന്ന ഉത്തരവുമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."