കെ.എസ്.ആര്‍.ടി.സി സ്ഥലംമാറ്റം: ജീവനക്കാരുടെ പരാതിക്ക് പരിഹാരമായില്ല
ടി. മുംതാസ്
കോഴിക്കോട്: കെ.എസ്.ആര്‍. ടി.സി ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക് ജീവനക്കാരെ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥലംമാറ്റിയെന്ന പരാതിയില്‍ പരിഹാരമായില്ല.
മാനേജ്‌മെന്റിനു പരാതി നല്‍കിയിട്ടും പരിഗണിക്കാത്തതിനെ തുടര്‍ന്ന് കോടതിയേ സമീപിച്ചപ്പോള്‍ മൂന്നു മാസത്തിനകം പരിഹാരം കാണുമെന്നായിരുന്നു കോര്‍പറേഷന്‍ അറിയിച്ചിരുന്നത്. ഈ കാലാവധി കഴിഞ്ഞ 17ന് അവസാനിച്ചെങ്കിലും ജീവനക്കാരുടെ പരാതി പരിഹരിക്കപ്പെട്ടിട്ടില്ല.
2021 ജനുവരി 31ന് ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗത്തിനും ഫെബ്രുവരി 15ന് മെക്കാനിക് വിഭാഗത്തിനുമായിരുന്നു ജനറല്‍ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ഇറക്കിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്ഥലംമാറ്റമെന്ന് അന്നു തന്നെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. സീനിയോറിറ്റി മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും വിദൂര ഡിപ്പോയില്‍ ജോലി ചെയ്ത ജീവനക്കാരുടെ ഇന്‍ക്യുബന്‍സി പീ രിയഡ് മാനിച്ചില്ലെന്നുമായിരുന്നു പ്രധാന പരാതി.
എന്നാല്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നാല്‍ ട്രാന്‍സ്ഫര്‍ നടപ്പാക്കാന്‍ കഴിയില്ലെന്നതിനാല്‍ പരാതികള്‍ക്ക് മൂന്നു മാസത്തിനകം പരിഹാരം കാണാമെന്ന് പരാതിക്കാരെയും യൂനിയന്‍ നേതാക്കളെയും വിശ്വസിപ്പിച്ച് മാനേജ്‌മെന്റ് സ്ഥലംമാറ്റം നടപ്പാക്കി. തുടര്‍ന്ന് നിരവധി പേര്‍ കോടതിയെ സമീപിച്ചു. മൂന്നു മാസത്തിനകം പരിഹാരം ഉണ്ടാക്കാമെന്ന് കോടതിയിലും മാനേജ്‌മെന്റ് ആവര്‍ത്തിക്കുകയായിരുന്നു. വിദൂര ജില്ലകളില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷവും വയനാട്, ഇടുക്കി തുടങ്ങിയ മലയോര മേഖലകളില്‍ രണ്ടു വര്‍ഷവും ജോലി ചെയ്താല്‍ ഇന്‍ക്യുബന്‍സി കാലാവധി പൂര്‍ത്തിയാകും. ഇവര്‍ക്ക് പിന്നീട് അവരുടെ ജില്ലകളില്‍ തന്നെ നിയമനം നല്‍കണമെന്നും വര്‍ക് അറേഞ്ച്‌മെന്റില്‍ മറ്റു ജില്ലകളിലേക്ക് മാറ്റാമെന്നുമാണ് ചട്ടം. ഇന്‍ക്യുബന്‍സി കാലാവധി പൂര്‍ത്തിയായവരെയും വിദൂര ജില്ലകളിലേക്ക് മാറ്റിയാണ് പുതിയ ട്രാന്‍സ്ഫര്‍ ഉത്തരവ് നടപ്പാക്കിയത്.ഇത്തരത്തില്‍ കോഴിക്കോട് ജില്ലയില്‍ നിന്നു മാത്രം 350ലേറെ പേരെ തിരുവനന്ത പുരം ജില്ലയിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിനെതിരേ ജീവനക്കാര്‍ അന്നു തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. കൊവിഡ് പ്രതിസന്ധിക്കിടെ കോഴിക്കോട് ജില്ലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയവരില്‍ സര്‍ജറി കഴിഞ്ഞ ഹൃദ്രോഗികള്‍ വരെ ഉള്‍പ്പെടുമെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. മാനസിക വൈകല്യമുള്ള കുട്ടികള്‍ ഉള്ളവര്‍ക്ക് അവരുടെ ജില്ലകളില്‍ തന്നെ നിയമനം നല്‍കണമെന്ന ചട്ടവും ലംഘിക്കപ്പെട്ടു.
സീനിയോറിറ്റി ലിസ്റ്റ് തയാറാക്കിയതിലെ അപാകത കാരണം മുന്‍പ് ദൂരദിക്കുകളില്‍ ജോലി ചെയ്തവര്‍ തന്നെ വീണ്ടും വിദൂരസ്ഥലത്തു ജോലിക്കു പോകേണ്ട സാഹചര്യമാണ്. പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ നല്‍കുന്നവരെ ആറു മാസം കഴിഞ്ഞാല്‍ അവരെ സ്വന്തം യൂനിറ്റുകളിലേക്ക് മാറ്റണം. മൂന്നു വര്‍ഷമായിട്ടും ഇത്തരം പണിഷ്‌മെന്റ് ട്രാന്‍സ്ഫറുകള്‍ മാറ്റി നല്‍കിയിട്ടില്ല.
അതേസമയം, കൊവിഡ് നിയന്ത്രങ്ങള്‍ കാരണമാണ് പരാതികളില്‍ പരിഹാരം കാണുന്നത് നീണ്ടുപോയതെന്നും ഓഫിസുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിനാല്‍ ഇതില്‍ ഉടന്‍ നടപടി ഉണ്ടാകുമെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."