വിഖായ ഹജ് വളണ്ടിയര്‍മാര്‍ മക്കയില്‍ ഇന്ത്യന്‍ ഹാജിമാര്‍ക്ക് സ്വീകരണം നല്‍കി
മക്ക: വിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കാന്‍ മക്കയിലെത്തിയ ഇന്ത്യന്‍ ഹാജിമാരെ വിഖായ ഹജ് വളണ്ടിയര്‍മാര്‍ ഹൃദ്യമായി സ്വീകരിച്ചു. മദീനയിലെ എട്ടു ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞാണ് ഇന്നലെ ഇന്ത്യന്‍ ഹാജിമാരുടെ സംഘം മക്കയിലെത്തിയത്. ഹാജിമാരുടെ താമസ സ്ഥലമായ അസീസിയ മഹത്തത് ബാങ്കിലെ ഇന്ത്യന്‍ ഹജ് മിഷന്‍ ഒരുക്കിയ താമസ സ്ഥലത്താണ് അല്ലാഹുവിന്റെ അതിഥികളെ വളണ്ടിയര്‍മാര്‍ സ്വീകരിക്കാനും ആവശ്യമായ സഹായം ചെയ്യാനും രംഗത്തിറങ്ങിയത്.
പ്രത്യേകം പാക്കറ്റുകളിലാക്കിയ സമ്മാനപ്പൊതികളുമായാണ് അവര്‍ അതിഥികളെ വരവേറ്റത്.
റൂം കണ്ടുപിടിക്കാനും ബാഗുകള്‍ റൂമുകളില്‍ എത്തിക്കാനും വൃദ്ധരായ ഹാജിമാരെ ബസില്‍ നിന്നും ബില്‍ഡിംഗുകളിലേക്ക് എത്തിക്കാനും വിഖായ വളണ്ടിയര്‍മാരെത്തിയത് മദീനയില്‍ നിന്നും ദീര്‍ഘദൂരം യാത്ര കഴിഞ്ഞെത്തിയ ഹാജിമാര്‍ക്ക് ആശ്വാസമായി. സഊദി നഷണല്‍ വിഖായ ചെയര്‍മാന്‍ ഫരീദ് ഐക്കരപ്പടി, നാഷണല്‍ സെക്രട്ടറി മുനീര്‍ ഫൈസി മാമ്പുഴ, എസ്.ഐ.സി മക്ക പ്രസിഡന്റ് ഉസ്മാന്‍ ദാരിമി കരുളായി, സയ്യിദ് മാനു തങ്ങള്‍, സയ്യിദ് സിദ്ദീഖ് തങ്ങള്‍ പാണക്കാട്, യൂസുഫ് ഹാജി ഒളവട്ടൂര്‍, മക്ക വിഖായ ക്യാപ്റ്റന്‍ ഇബ്രാഹിം പാണാളി, എസ്.ഐ.സി മക്ക ഓര്‍ഗനൈസര്‍ സക്കീര്‍ കോഴിച്ചെന, എസ്.ഐ.സി മക്ക വിഖായ ചെയര്‍മാന്‍ യൂസുഫ് കൊടുവള്ളി തുടങ്ങിവര്‍ നേതൃത്വം നല്‍കി. ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത വിഖായ ഹജ് വളണ്ടിയര്‍ സംഘത്തിലെ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ മക്കയില്‍ സേവനത്തിനിറങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."