ജയില്‍ നിറക്കും അഡ്മിനിസ്‌ട്രേറ്റര്‍
ജലീല്‍ അരൂക്കുറ്റി
കവരത്തി: രാജ്യത്ത് കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറഞ്ഞ ലക്ഷദ്വീപില്‍ വിവാദമായ ഗുണ്ടാനിയമത്തിന് പിന്നാലെ ദ്വീപുകാരെ പൂട്ടാന്‍ പുതിയ ജയില്‍. തലസ്ഥാനമായ കവരത്തിയില്‍ ആധുനിക സുരക്ഷാ സൗകര്യങ്ങളോടെ ജില്ലാ ജയില്‍ നിര്‍മിക്കാനാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദ്വീപ് സന്ദര്‍ശനത്തിനിടയില്‍ പൊലിസിനും പൊതുമരാമത്ത് വകുപ്പിനും പുതിയ ജയിലിന്റെ രൂപരേഖയുണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയ ശേഷമാണ് പട്ടേല്‍ മടങ്ങിയത്. പ്രഫുല്‍ പട്ടേലിന്റെ വിശ്വസ്തനായ ലക്ഷദ്വീപ് കലക്ടര്‍ അസ്ഗര്‍ അലിയെ ജയില്‍ ഐ.ജിയായി നിയമിച്ചു പുതിയ ഉത്തരവും പുറത്തിറങ്ങി. ഉത്തരവ് 23ന് പൊതുഭരണ വകുപ്പ് എല്ലാ കോടതികള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും നല്‍കി. നിലവില്‍ പൊലിസ് ഐ.ജിയായി അഡ്മിനിസ്‌ട്രേറ്റര്‍ മാത്രമാണുള്ളത്. ജയില്‍ ഐ.ജി എന്ന തസ്തികയില്ല. സബ് ജയിലുകളുടെ വാര്‍ഡന്മാരായി ബി.ഡി.ഒ മാരാണ് പ്രവര്‍ത്തിക്കുന്നത്. അസ്ഗര്‍ അലിയുടെ നേതൃത്വത്തിലായിരിക്കും പുതിയ ജയിലിന്റെ നിര്‍മാണം. നിലവില്‍ കവരത്തി ഉള്‍പ്പെടെ നാല് സബ് ജയിലുകളാണ് ലക്ഷദ്വീപിലുള്ളത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുള്ള അമിനി, മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതികളുള്ള ആന്ത്രോത്ത്, മിനിക്കോയ് ദ്വീപുകളിലാണ് മറ്റു സബ് ജയിലുകള്‍. ഇവയില്‍ കവരത്തി ഒഴികെ എല്ലാ ജയിലുകളും വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. കവരത്തിയില്‍ പോക്‌സോ കേസുകളില്‍ ഉള്‍പ്പെട്ട മൂന്ന് പ്രതികള്‍ മാത്രമാണ് റിമാന്‍ഡ് തടവുകാരായുള്ളത്. സാധാരണ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് അയക്കുന്നത്. രണ്ട് പ്രതികളെ ശിക്ഷിക്കപ്പെട്ട് കണ്ണൂരിലേക്ക് അയച്ചത് ഒരു പതിറ്റാണ്ട് മുന്‍പാണ്. നിലവില്‍ കവരത്തി ജയിലില്‍ 16 പേര്‍ക്കും മറ്റ് ജയിലുകളില്‍ 10 പേര്‍ക്ക് വീതം കഴിയാവുന്ന നാല് സെല്ലുകളാണുള്ളത്. കുറ്റകൃത്യങ്ങള്‍ തീരെയില്ലാത്തതിനാല്‍ ജയിലുകള്‍ എപ്പോഴും കാലിയാണ്. എട്ട് വര്‍ഷം മുന്‍പ് നാല് സൊമാലിയന്‍ കടല്‍കൊള്ളക്കാരെ പിടിച്ചപ്പോഴാണ് മിനിക്കോയിയിലെ ജയില്‍ വൃത്തിയാക്കേണ്ടി വന്നത്. പട്ടേല്‍ വന്ന ശേഷം നടന്ന ജനകീയ സമരങ്ങളെ തുടര്‍ന്നാണ് അഡ്മിനിസ്‌ട്രേഷന് പുതിയ ജയില്‍ വേണമെന്ന തോന്നലുണ്ടായത്.
അറസ്റ്റ് ചെയ്തു ആറു മാസംവരെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ അഡ്മിനിസ്‌ട്രേഷന് അനുവാദം നല്‍കുന്ന ലക്ഷദ്വീപ് പ്രിവന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ ആക്ടിവിറ്റി റെഗുലേഷന്‍ നിയമത്തിന്റെ കരടും ജയില്‍ നിര്‍മാണവും ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനെതിരേ വലിയ പ്രതിഷേധമാണുയരുന്നത്.
അരനൂറ്റാണ്ട് പിന്നിട്ട ആശുപത്രി കെട്ടിടങ്ങളുടെ നവീകരണം ഉള്‍പ്പെടെ അടിസ്ഥാന ആവശ്യങ്ങള്‍ നിലനില്‍ക്കെയാണ് കോടികള്‍ ചെലവഴിച്ച് പുതിയ ജയില്‍ നിര്‍മിക്കാന്‍ അഡ്മിനിസ്‌ട്രേഷന്‍ നീക്കം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."