നടിയെ അക്രമിച്ച കേസ്: തുടരന്വേഷണ സമയ പരിധി നാളെ അവസാനിക്കും; കൂടുതല്‍ സമയം ആവശ്യപ്പെട്ട ക്രൈംബ്രാഞ്ച് ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം നാളെ അവസാനിക്കാന്‍ ഇരിക്കെ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍. അന്വേഷണസംഘം നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പരാമര്‍ശങ്ങളില്‍ പരിശോധന വേണമെന്നുമാണ് ഹരജിയില്‍ ഉള്ളത്.
ഇന്നലെയാണ് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഫൊറന്‍സിക് പരിശോധനാ ഫലം ലഭിച്ചത്. മൂന്നു തവണ കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതായാണ് പരിശോധനയില്‍ തെളിഞ്ഞത്.
ഹൈക്കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
മെമ്മറി കാര്‍ഡ് മൂന്ന് തീയതികളിലായി മൂന്ന് തവണ പരിശോധിച്ചതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2021 ജൂലൈ 19നാണ് കാര്‍ഡ് അവസാനമായി പരിശോധിച്ചത്. ഉച്ചയ്ക്ക് 12.19 മുതല്‍ 12.54 വരെയുള്ള സമയത്തായിരുന്നു പരിശോധന.
വാട്ട്‌സാപ്പ്, ടെലിഗ്രാം അടക്കമുളള സാമുഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഫോണിലാണ് മെമ്മറി കാര്‍ഡ് ഇട്ടതെന്നും പരിശോധനാ ഫലത്തിലുണ്ട്. എട്ട് വീഡിയോ ഫയലുകളാണ് മെമ്മറി കാര്‍ഡിലുള്ളത്. 2018 ജനുവരി 9 ന് കംപ്യൂട്ടറിലാണ് ഈ മെമ്മറി കാര്‍ഡ് ആദ്യം പരിശോധിച്ചത്. 2018 ഡിസംബര്‍ 13നും ഹാഷ് വാല്യൂ മാറിയതായി പരിശോധനാ ഫലത്തിലുണ്ട്.
2020 ജനുവരി 29ന് കേന്ദ്ര ഫൊറന്‍സിക് ലാബ് നല്‍കിയ റിപ്പോര്‍ട്ടും കേസിലെ തുടരന്വേഷണത്തിന് ഇടയാക്കിയ വെളിപ്പെടുത്തലുമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന പ്രോസിക്യൂഷന്റെ സംശയം ബലപ്പെടുത്തിയത്. മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യം വിചാരണ കോടതി നിരസിച്ചതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."