ദേശീയചിഹ്നത്തിന്റെ രാഷ്ട്രീയവും സന്ദേശവും
ടി.എൻ പ്രതാപൻ എം.പി
കൊവിഡ് കാലത്തെ ഞെരുക്കത്തിനിടക്ക് മറ്റെല്ലാ മുൻഗണനകളും അവഗണിച്ച് കേന്ദ്ര സർക്കാർ ആരംഭിക്കുകയും തുടരുകയും ചെയ്യുന്ന ബൃഹത്തായ പദ്ധതിയായ സെൻട്രൽ വിസ്തയുടെ ഭാഗമായാണ് പുതിയ പാർലമെന്റ് മന്ദിരവും പണി കഴിപ്പിക്കുന്നത്. ഏതാണ്ട് പണികളെല്ലാം തീർന്നുവരുന്ന പുതിയ സഭാ മന്ദിരത്തിന്റെ മുകളിൽ ഇന്ത്യയുടെ ദേശീയചിഹ്നമായ അശോകസ്തംഭം എന്ന നിലക്ക് ഒരു പ്രതിമ കഴിഞ്ഞ ദിവസം ആദരണീയനായ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു കണ്ടു. പ്രധാനമന്ത്രിയും ലോക്സഭാ സ്പീക്കറും സഭാകാര്യ മന്ത്രിമാരും പങ്കെടുത്ത ചടങ്ങിൽ രാഷ്ട്രപതിയെയോ ഉപരാഷ്ട്രപതിയെയോ മാത്രമല്ല
പ്രതിപക്ഷ കക്ഷി നേതാക്കളെയും ക്ഷണിച്ചിരുന്നില്ല.
ഒരു പാർട്ടി പരിപാടിയുടെ ലാഘവത്തോടെയാണ് പുതിയ നിയമനിർമാണ സഭാമന്ദിരത്തിൽ 'ദേശീയചിഹ്നം' സ്ഥാപിക്കുന്ന ചടങ്ങ് നടത്തിയത്. അനാവരണം ചെയ്യപ്പെട്ട 'ദേശീയചിഹ്നം' കണ്ടപ്പോൾ ക്ഷണിക്കപ്പെടാത്തവർ ആശ്വസിക്കുകയാണെന്ന് തോന്നുന്നു. കാരണം, ദേശീയചിഹ്നത്തിലെ സിംഹങ്ങളുടെ അന്തഃസത്തയും ആഭിജാത്യവും അപഹരിക്കപ്പെട്ടിരിക്കുന്നു. പകരം ക്രൗര്യതയും ഭീകരതയും ജനിപ്പിക്കുന്ന ഒരു ഭീമാകാര ശിൽപം സ്ഥാനം പിടിച്ചിരിക്കുന്നു. ദേശീയചിഹ്നത്തിൽ വന്ന ഈ ഭാവമാറ്റം തന്നെയാണ് വലിയ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.
സൗമ്യനായ, ദയാലുവായ, ക്ഷമാശീലനും സഹിഷ്ണുതാവാദിയുമായ ശ്രീരാമ സങ്കൽപ്പത്തെ അക്രമ പൗരുഷത്തിന്റെ ശരീരവും തീക്ഷ്ണ-തീവ്ര ഭാവങ്ങളുമുള്ള ശ്രീരാമ വ്യവഹാരത്തിലേക്ക് പരിവർത്തനം ചെയ്തതുപോലെ, ത്യാഗശീലനും സ്ഥിരോത്സാഹിയും ഭക്തസങ്കൽപ്പത്തിന്റെ ആത്മീയ മൂർത്തിയുമായി കണക്കാക്കപ്പെട്ടിരുന്ന ഹനുമാൻ ദേവസങ്കൽപ്പത്തെ സംഹാരഭാവവും അക്രമണോത്സുകതയുമുള്ള രാഷ്ട്രീയ ഹനുമാൻ സങ്കൽപമായി അവതരിപ്പിച്ചതുപോലെ ദേശീയചിഹ്നത്തെയും തീവ്രഹിന്ദുത്വം അവരുടെ രാഷ്ട്രീയ അച്ചിലിട്ടു വാർത്തിരിക്കുകയാണോ?
അശോക ചക്രവർത്തി തന്റെ ഭരണകാലത്ത് സ്ഥാപിച്ച മുപ്പതോളമോ അതിലേറെയോ വരുന്ന സ്തംഭങ്ങളിൽ നിന്ന് സാരാനാഥിൽ കണ്ടെത്തിയ സ്തംഭമാണ് 1949ൽ നമ്മൾ ദേശീയചിഹ്നമായി സ്വീകരിച്ചത്. ഭരണഘടനാ ശിൽപിയായ ഡോ. അംബേദ്കറാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത്. ചരിത്രപരമായി പ്രാചീന ഭാരത സംസ്‌കാരത്തെയും നാഗരികതയെയും പാരമ്പര്യത്തെയും ഉൾക്കൊള്ളുന്ന ശക്തമായ പ്രതിനിധാനമാണ് ഈ സ്തംഭം. വലിയ കൽത്തൂണുകളിലോ ലോഹത്തൂണുകളിലോ നിർമിച്ച സ്തംഭങ്ങൾ നിർമാണ മികവിലും അതിന്റെ അനശ്വരപരതയിലും പ്രശംസനീയമായ സൃഷ്ടികളായിരുന്നു.
ഈജിപ്തിലും പേർഷ്യയിലും ഗ്രീക്കിലും ഇത്തരത്തിൽ അനശ്വരപരതയുള്ള നിർമിതികൾ സ്ഥാപിക്കുക ഭരണാധികാരികളുടെ ശീലമായിരുന്നു. എന്നാൽ അശോക ചക്രവർത്തി സ്ഥാപിച്ച സ്തൂപങ്ങളും സ്തംഭങ്ങളും അദ്ദേഹത്തിന്റെ പ്രജകളോടും പിൽക്കാലത്തെ ജനതകളോടും വളരെ പ്രധാനപ്പെട്ട ചില ദർശനങ്ങൾ സംവേദനം ചെയ്തും സംവദിച്ചും നിലകൊള്ളുന്നവയാണ്. സ്തൂപങ്ങളിലും സ്തംഭങ്ങളിലും കൊത്തിവച്ച മഗാധി-ഖരോഷ്ഠി-പ്രാകൃത് ഭാഷകളെ/ലിപികളെ കാലം ഏറെക്കുറെ മായ്ച്ചുകളഞ്ഞു. അടയാളങ്ങൾ ബാക്കിയായതിൽ നിന്ന് പണ്ഡിതർ വായിച്ചെടുത്ത ദർശനങ്ങളാകട്ടെ ഭാരതം ലോകത്തിന് മുന്നിൽവച്ച മനോഹരമായ സാമൂഹിക സങ്കൽപങ്ങളായി കരുതപ്പെട്ടു.
മൗര്യ സാമ്രാജ്യത്തിന്റെ ഏറ്റവും തലയെടുപ്പുള്ള ചക്രവർത്തിയായിരുന്നു അശോകൻ. സാമ്രാജ്യം വികസിപ്പിക്കാൻ അശോകൻ പടകൾ നയിച്ചു. ചക്രവർത്തിയുടെ കുതിര ചെന്നുകയറിയ പടക്കളങ്ങളിൽ മൗര്യ സാമ്രാജ്യത്തിന്റെ വിജയഭേരി മുഴങ്ങി. കലിംഗ യുദ്ധവും അങ്ങനെയൊന്നായിരുന്നു. എന്നാൽ ആ യുദ്ധത്തിന്റെ പരിണിതി അശോകന്റെ മനസ്സുലച്ചു. യുദ്ധങ്ങളുടെ ആത്യന്തികമായ ഭാവം സംഹാരമാണെന്നും അതിന്റെ ചെയ്തികൾ നരക സമാനമാണെന്നും അശോകൻ ഉള്ളാലെ കാണുന്നത് കലിംഗയുടെ കരച്ചിലുകളും തേങ്ങലുകൾക്കുമിടയിലാണ്. ആയിരക്കണക്കിന് മനുഷ്യർക്ക് ജീവഹാനിയുണ്ടായി. അതിലേറെ ആളുകൾ പലായനം ചെയ്തു. മൃഗങ്ങളും സസ്യങ്ങളും വനങ്ങളും മണ്ണോടടിഞ്ഞു.
മനം നൊന്ത അശോകൻ സമാധാനത്തിന്റെ വഴികളും ജീവിതത്തിന്റെ അർഥവും തേടിയലഞ്ഞുവത്രെ. ഒടുവിൽ ബുദ്ധ മതത്തിന്റെ താൽപര്യങ്ങളിൽ അയാൾ തേട്ടം അവസാനിപ്പിച്ചു. തീർഥങ്കരന്മാരുടെ ദർശനങ്ങളും ഭിക്ഷുക്കളുടെ വചനങ്ങളും അശോകന് വെളിച്ചമായി. അങ്ങനെ ഭരണത്തിന്റെ സാമ്രാജ്യത്തിന്റെ ഭാവം മാറ്റാൻ അശോക ചക്രവർത്തി തീരുമാനിച്ചു. സംഹാരം സഹിഷ്ണുതക്ക് വഴികൊടുത്തു. തീവ്ര വൈകാരികത സംയമനത്തിനും സമാധാനത്തിനും വേണ്ടി നിലമാറി. ക്ഷേമം ഭരണത്തിന്റെ അടിസ്ഥാന തത്വമായി. മാനവികതയും മോക്ഷവും സന്ദേശങ്ങളായി. ബുദ്ധമതം തനിക്കു കാട്ടിയ വെളിച്ചം പകരാൻ അശോകൻ തന്റെ നഗരങ്ങളിലും രാജവീഥികളിലും നാട്ടിയ സ്തൂപങ്ങളാണ് സാരാനാഥിലെയും സാഞ്ചിയിലെയും അതുപോലെയുള്ള ഇടങ്ങളിലേതും.
ഉൾക്കൊള്ളലിന്റെ, ശാന്തിയുടെ, സമാധാന ജീവിത പദ്ധതികളുടെ, ക്ഷേമത്തിന്റെ, കഠിനാധ്വാനത്തിന്റെ സന്ദേശം എന്ന നിലക്ക് അശോക സ്തംഭത്തെ നമ്മൾ കാണുകയും ദേശീയചിഹ്നമായി സ്വീകരിക്കുകയും ചെയ്തു. നാല് ഏഷ്യാറ്റിക് സിംഹങ്ങൾ നാലു ദിക്കുകളെ നോക്കി ചേർന്നിരിക്കുന്നു. ആ പീഠത്തിന് താഴെ ആന, കുതിര, കാള, സിംഹം തുടങ്ങിയ മൃഗങ്ങൾ ധർമസ്തംഭം എന്നറിയപ്പെടുന്ന നമ്മുടെ ദേശീയപതാകയുടെ നടുവിലുള്ള അശോകസ്തംഭത്തോടൊപ്പം അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. അതിന് താഴെ തലകീഴായ ഒരു താമര കൂടി സ്തംഭത്തിന്റെ ഭാഗമായി ഉണ്ടായിരുന്നെങ്കിലും അത് ഒഴിവാക്കി മുകളിലേക്കുള്ള ഭാഗമാണ് ദേശീയചിഹ്നമായി നമ്മൾ സ്വീകരിച്ചത്. കാഴ്ചയിൽ മൂന്ന് സിംഹങ്ങളും താഴെയുള്ള വൃത്തപീഠത്തിൽ കുതിരയും കാളയും അവയുടെ നടുവിലെ ധർമചക്രവും മാത്രമാണ് കാണുക. കൂടെ മുണ്ഡകോപനിഷത്തിലെ സത്യമേവ ജയതേ എന്ന വാക്യവും ചേർത്തു. അധികാരം, ശക്തി, കുലീനത, പ്രൗഢി, നീതി, ധാർമികത, ധീരത, അദ്ധ്വാന മനസ്‌കത തുടങ്ങിയ മൂല്യങ്ങൾ അത് പ്രതിനിധാനം ചെയ്യുന്നുണ്ടെന്ന് നമ്മൾ കരുതിപ്പോന്നിരുന്നു.
എന്നാൽ പ്രധാനമന്ത്രി ഇപ്പോൾ അവതരിപ്പിച്ച 'ദേശീയചിഹ്നത്തിന്' രൂപമാറ്റമുണ്ട്. കലാപരമായ അതിന്റെ രൂപമാറ്റം നൂറ്റാണ്ടുകളായി അശോകസ്തംഭം വിഭാവനം ചെയ്ത സന്ദേശങ്ങളെ കൂടിയാണ് മാറ്റിയിരിക്കുന്നത്. ദേശീയചിഹ്നങ്ങളോട് നമ്മൾ കാണിച്ചുപോരുന്ന സമീപനം അത്യധികം ആദരവിന്റെയാണ്. ദേശീയപക്ഷിയായ മയിൽ ഫോട്ടോഷൂട്ട് ഉപാധിയായി ഒതുങ്ങുന്നിടത്ത് ഒരുപക്ഷേ ആദരവിന്റെയും അഭിമാനത്തിന്റെയും സങ്കൽപങ്ങൾ മറ്റുപലതിനും വഴിമാറുന്നുണ്ടാകും. ദേശീയപതാക, ഭരണഘടന, ദേശീയഗാനം തുടങ്ങിയ ദേശീയചിഹ്നങ്ങൾ, അടിസ്ഥാന തത്വങ്ങൾ എന്നിവയെ ഏതെങ്കിലും തരത്തിൽ വികലമാക്കുന്നത് നമ്മൾ സഹിക്കാറേയില്ല.
ദേശീയഗാനം ആലപിക്കുന്നതിനും ദേശീയപതാക ഉണ്ടാക്കുന്നതിനും ഉയർത്തുന്നതിനും പ്രദർശിപ്പിക്കുന്നതിനും നമുക്ക് പ്രത്യേക മാർഗനിർദേശങ്ങളുണ്ട്. അതിന്റെ അളവിലും നിറത്തിലും വരെ അതു കണിശമാണ്. ദേശീയ ഗാനത്തിനുമുണ്ട് സമാനമായ കണിശത. അതുപോലെ വന്ദിക്കേണ്ട ഒന്നാണ് ദേശീയചിഹ്നവും. അതിന്റെ രൂപമാറ്റം, ഉപയോഗം, വ്യാഖ്യാനം എന്നിവ സൂക്ഷിച്ചില്ലെങ്കിൽ അതിനെ നിന്ദിക്കുന്ന രാജ്യദ്രോഹമായി മാറും. ഇപ്പോൾ ഇതൊരു വിവാദമായിരിക്കെ സാരാനാഥിലെ അശോകസ്തംഭത്തിന്റെ അതേ പകർപ്പാണ് ഇതെന്ന വിശദീകരണമാണ് ബന്ധപ്പെട്ട മന്ത്രി പറഞ്ഞുകേട്ടത്.
എന്നാൽ ശാന്തഭാവവും കുലീനതയും പ്രൗഢിയുമുള്ള ദേശീയചിഹ്നം ഇപ്പോൾ ആർത്തട്ടഹസിക്കുന്ന, വേട്ടക്കായി നഖങ്ങളുന്തിയ, സടകൾ വിരിച്ച ദേശീയചിഹ്നമായി മാറുന്നത് പുതിയ ഇന്ത്യയുടെ പ്രതിഫലനമാണ് എന്ന് വാദിക്കുന്നതും പ്രധാനമന്ത്രിയുടെ പാർട്ടി നേതാക്കളും അണികളും തന്നെയാണ്. മോദി യുഗത്തിന്റെ പ്രകാശനമാണ് ഇപ്പോൾ കാണുന്ന 'നെഞ്ചളവ് കൂടിയ' സിംഹങ്ങൾ എന്ന അവരുടെ വ്യാഖ്യാനം നിന്ദയിൽ തന്നെയല്ലേ ചെന്നവസാനിക്കുന്നത്. ഇങ്ങനെ തീവ്രസ്വഭാവമുള്ള, ഹുങ്കാര ഭാവമുള്ള, ടോക്‌സിക് മാസ്‌കുലിനിറ്റിയുടെ സവിശേഷതകൾ പ്രകടമാക്കുന്ന പുതിയ സ്തംഭം സാരാനാഥിലെ സന്ദേശമല്ല നാഗ്പൂരിൽ നിന്നുള്ള രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് എന്ന വിമർശനം അസ്ഥാനത്താവുന്നില്ല.
എന്നുമാത്രമല്ല, ദേശീയപതാക മാറ്റി ഭാഗവപതാക കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുന്നത് കർണാടകയിലെ ബി.ജെ.പി മന്ത്രിയാണ്. ഇന്ത്യൻ ഭരണഘടന ആവേണ്ടത് മനുസ്മൃതിയാണ് എന്ന ആഗ്രഹത്തിന്റെ ഉടമയാകട്ടെ ഇവരുടെയൊക്കെ മാർഗദർശിയുമാണത്രെ. ഈ ഇന്ത്യ ഇങ്ങനെയൊക്കെ എത്ര കാലം ബാക്കി കാണും എന്ന ചോദ്യം ഉറക്കെ ചോദിക്കുകയും പരിഹാരങ്ങൾ തേടുകയും ചെയ്യേണ്ടതല്ലേ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."