നാളെ മുതല്‍ അരിക്കും ഗോതമ്പിനും പയറുവര്‍ഗങ്ങള്‍ക്കും വില കൂടും
ന്യൂഡല്‍ഹി: രാജ്യമാകെ നാളെ മുതല്‍ അരി, ഗോതമ്പ് ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കും വില കൂടും. അഞ്ച് ശതമാനം വില വര്‍ധിപ്പിച്ച് ജി.എസ്.ടി നിയമത്തില്‍ ഭേദഗതി വരുത്തിയതാണ് കാരണം.
കഴിഞ്ഞ മാസം 28നും 29നും ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനം അനുസരിച്ച് ലേബല്‍ പതിച്ചതും പാക്ക് ചെയ്തതുമായ 25 കിലോയില്‍ താഴെ തൂക്കമുള്ള ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കുമാണ് നികുതി ഏര്‍പ്പെടുത്തേണ്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ 13ന് ജിഎസ്ടി നിയമം ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കിയപ്പോള്‍ 25 കിലോയെന്ന പരിധി സര്‍ക്കാര്‍ എടുത്തു കളഞ്ഞതോടെയാണ് ചില്ലറയായി തൂക്കി വാങ്ങുന്ന ബ്രാന്‍ഡഡ് അല്ലാത്ത ധാന്യങ്ങള്‍ക്കും പയറു വര്‍ഗങ്ങള്‍ക്കും അടക്കം നികുതി ബാധകമായത്. ഇതുവരെ പാക്കറ്റില്‍ വില്‍ക്കുന്ന ബ്രാന്‍ഡഡ് അരിക്കും മറ്റും മാത്രമായിരുന്നു നികുതിയുണ്ടായിരുന്നത്.
നികുതി ചുമത്തുന്നതോടെ കിലോയ്ക്ക് 50 രൂപ വിലയുള്ളവയ്ക്ക് രണ്ടര രൂപ വരെ വിലക്കയറ്റം ഉറപ്പായി. കിലോയ്ക്ക് 100 രൂപയിലധികം വിലയുള്ള ബസ്മതി അരിക്കും മറ്റും 5 രൂപ വരെ വില ഉയരാം. 5 വര്‍ഷം മുന്‍പ് രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയപ്പോള്‍ അരി, പച്ചക്കറി, മുട്ട, മല്‍സ്യം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളെ നികുതിയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.
ഇന്ധനവില വര്‍ധന കാരണം രൂക്ഷമായ വിലക്കയറ്റം നിലനില്‍ക്കെ അരിക്കും ധാന്യങ്ങള്‍ക്കും കൂടി വിലയേറുമ്പോള്‍ ഹോട്ടല്‍ ഭക്ഷണത്തിനും വില ഉയരാം. പുതിയ നികുതിയിലൂടെ രാജ്യത്താകെ നിന്ന് 25,000 കോടിയിലേറെ രൂപ പിരിച്ചെടുക്കാനാകുമെന്നാണു കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."